ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനെതിരെ രൂക്ഷ വിമർശനവുമായി ക്യാപ്‌ടൻ വിരാട് കോഹ്‌ലി രംഗത്ത്. അടുത്തടുത്ത ദിവസങ്ങളിൽ വിവിധ മത്സരങ്ങളിൽ കളിക്കേണ്ടി വരുന്നത് കൊണ്ട് ഇന്ത്യൻ ടീമിലെ താരങ്ങൾക്ക് മതിയായ വിശ്രമവും തയ്യാറെടുപ്പ് നടത്താനുള്ള സമയവും ലഭിക്കുന്നില്ലെന്ന് കോഹ്ലി പറഞ്ഞു. ശ്രീലങ്കയ്‌ക്കെതിരെയുള്ള മത്സരം കഴിഞ്ഞ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പരമ്പരയ്‌ക്ക് ഒരുങ്ങേണ്ടതുണ്ട്. എന്നാൽ ഇതിനുള്ള തയ്യാറെടുപ്പിന് രണ്ട് ദിവസം മാത്രമാണ് സമയമുള്ളതെന്നും കൊഹ്‌ലി ചൂണ്ടിക്കാട്ടി. ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ പേസ് ബോളർമാരെ സഹായിക്കുന്ന പിച്ചൊരുക്കിയതുമായി ബന്ധപ്പെട്ടുയർന്ന ചോദ്യത്തോടു പ്രതികരിക്കുമ്പോഴാണ് കോഹ്‍ലി ബിസിസിഐയെ വിമർശിച്ചത്,

‘ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് മൽസരങ്ങൾക്കായി ബൗണ്‍സിങ് വിക്കറ്റ് തയാറാക്കാൻ പ്രത്യേകം ആവശ്യപ്പെട്ടിരുന്നു. ഈ പരമ്പരയ്ക്കു ശേഷം ഉടനെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനായി പുറപ്പെടണം. അതിന് ഒരുങ്ങാൻ ടീമിന് ആകെ ലഭിക്കുന്നത് രണ്ടു ദിവസമാണ്. അതുകൊണ്ടുതന്നെ ശ്രീലങ്കയ്ക്കെതിരായ പരമ്പരയ്ക്കിടെ അടുത്ത പരമ്പരയ്ക്കായി ഒരുങ്ങുകയേ നിർവാഹമുള്ളൂ’ കോഹ്‍ലി പറഞ്ഞു.

ഒരു മാസമെങ്കിലു സമയം കിട്ടിയിരുന്നെങ്കിൽ ക്യാംപ് സംഘടിപ്പിച്ച് ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് ഒരുങ്ങാൻ നമുക്ക് സാധിക്കുമായിരുന്നു. നിർഭാഗ്യവശാൽ നമുക്ക് സമയമില്ല – കോഹ്‍ലി ചൂണ്ടിക്കാട്ടി. ശ്രീലങ്കയ്ക്കെതിരായ പരമ്പരയിലെ ഇന്ത്യയുടെ അവസാന ട്വന്റി-20 മൽസരം ഡിസംബർ 24നാണ്. അതിനുശേഷം ഡിസംബർ 27നാണ് ഇന്ത്യ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനായി പുറപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് യാതൊരുവിധ ആസൂത്രണവുമില്ലാതെ പരമ്പരകൾ ഏറ്റെടുക്കുന്ന ബിസിസിഐയ്ക്കെതിരെ കോഹ്‍ലി രംഗത്തെത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ