ക്രിക്കറ്റിലെ തങ്ങളുടെ ഇഷ്ടനായകനെ കളിയാക്കിയാൽ പിന്നെ ആരാധകർ വെറുതെയിരിക്കുമോ?. ഇന്ത്യൻ ആരാധകർ മാത്രമല്ല ചിലപ്പോൾ പാക്കിസ്ഥാൻ ആരാധകരും വീരുവിനെ തൊട്ടാൽ പ്രതികരിക്കും. വിരാട് കോഹ്‌ലിക്ക് ലോകത്താകെ അത്രയേറെ ആരാധകരുണ്ട്. കോഹ്‌ലിയെ കളിയാക്കി പോസ്റ്റിട്ടതിന് ആരാധകരുടെ ആക്രമണത്തിന് ഇരയായിരിക്കുകയാണ് ഓസ്ട്രേലിയൻ മാധ്യമപ്രവർത്തകൻ.

സ്വച്ഛ് ഭാരത് അഭിയാൻ പരിപാടിയുടെ ഭാഗമായി കൊൽക്കത്തയിലെ ഏദൻ ഗാർഡൻ സ്റ്റേഡിയം കോഹ്‌ലിയും മറ്റ് ഇന്ത്യൻ ടീമംഗങ്ങളും വൃത്തിയാക്കുന്നതിന്റെ പഴയ ചിത്രം പോസ്റ്റ് ചെയ്തായിരുന്നു ഓസ്ട്രേലിയൻ മാധ്യമപ്രവർത്തകൾ ട്വീറ്റ് ചെയ്തത്. ‘വേൾഡ് XI മാച്ചിന്റെ ഒരുക്കങ്ങൾക്കായി തൂപ്പുകാർ സ്റ്റേഡിയം വൃത്തിയാക്കുന്നു’- ഇതായിരുന്നു പടത്തിനൊപ്പം മാധ്യമപ്രവർത്തകൻ നൽകിയ അടിക്കുറിപ്പ്. ഇതുകണ്ട ട്വിറ്ററിലെ കോഹ്‌ലി ആരാധകർ ശക്മായ പ്രതികരണവുമായി രംഗത്തെത്തി. ഇതിൽ തന്നെ ഏറെ കൗതുകം തോന്നിയത് ഇന്ത്യൻ ആരാധകർക്ക് പിന്തുണയുമായി പാക്കിസ്ഥാൻ ആരാധകരും എത്തിയെന്നതാണ്.

കോഹ്‌ലി എന്താണെന്ന് അറിഞ്ഞതിനുശേഷം മാത്രം ട്വീറ്റ് ചെയ്യണമെന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. കോഹ്‌ലിയുടെ വരുമാനം എത്രയാണെന്ന് അറിയാമോ?അദ്ദേഹത്തിന് ആ സ്റ്റേഡിയം വിലക്കുവാങ്ങി നിങ്ങൾ ഇപ്പോൾ വാങ്ങുന്നതിനെക്കാൾ കൂടുതൽ ശമ്പളം നൽകി അവിടത്തെ തൂപ്പുകാരന്റെ ജോലി നിങ്ങൾക്ക് നൽകാൻ സാധിക്കുമെന്നായിരുന്നു മറ്റൊരു കമന്റ്. മാധ്യമപ്രവർത്തകന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടുളളതാണ് പല കമന്റുകളും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook