മൂന്ന് ഐസിസി കിരീടങ്ങളുൾപ്പെടെ ഇന്ത്യയ്ക്ക് ഒരുപാട് നേട്ടങ്ങൾ സമ്മാനിച്ച ശേഷം എം.എസ്.ധോണി നായകസ്ഥാനത്ത് നിന്ന് പടിയിറങ്ങിയതോടെയാണ് വിരാട് കോഹ്‌ലി ഇന്ത്യൻ ക്യാപ്റ്റനാകുന്നത്. ആദ്യം ടെസ്റ്റ് ടീമിന്റെയും 2017ൽ ഏകദിന – ടി20 ടീമുകളുടെയും നായകസ്ഥാനത്തേക്ക് കോഹ്‌ലി എത്തി. ബാറ്റ്സ്മാൻ എന്ന നിലയിൽ തിളങ്ങുമ്പോഴും നായകന്റെ റോളിലും മികച്ച പ്രകടനമാണ് കോഹ്‌ലി ദേശീയ ടീമിനായി പുറത്തെടുക്കുന്നത്. കോഹ്‌ലിയുടെ അഭാവത്തിൽ രോഹിത് ശർമ നിശ്ചിത ഓവർ ക്രിക്കറ്റിലും അജിങ്ക്യ രഹാനെ ടെസ്റ്റ് മത്സരങ്ങളിലും നായകനായി.

Also Read: ഇൻസ്റ്റഗ്രാം വരുമാനത്തിലും കോഹ്‌ലി കോടീശ്വരൻ; പട്ടികയിൽ ആദ്യ പത്തിലുള്ള ഏക ക്രിക്കറ്റ് താരം

എന്നാൽ നായകനെന്ന നിലയിൽ സീസൺ മുഴുവൻ കളിക്കുമ്പോൾ വലിയ സമ്മർദ്ദമാണ് കോഹ്‌ലിക്കുള്ളതെന്ന് മുൻ ചീഫ് സെലക്ടർ കിരൺ മോർ അഭിപ്രായപ്പെടുന്നു. ഇന്ത്യൻ ടീമിന് പുറമെ ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെയും നായകനാണ് കോഹ്‌ലി. ഇതും കോഹ്‌ലിയുടെ ജോലിഭാരം വർധിപ്പിക്കുന്നു. ഈ സാഹചര്യത്തിൽ ദേശീയ ടീമിൽ നായകത്വം രോഹിത്തുമായി കോഹ്‌ലി പങ്കിടണമെന്നാണ് കിരൺ മോർ പറയുന്നത്.

Also Read: യുസ്‌വേന്ദ്ര ചാഹലിനെതിരായ ജാതീയാധിക്ഷേപം; യുവരാജ് സിങ് ഖേദം പ്രകടിപ്പിച്ചു

രോഹിത് നല്ല നായകനാണെന്നും അത് കോഹ്‌ലിക്കും ഗുണം ചെയ്യുമെന്നും മോർ വ്യക്തമാക്കി. 2008ൽ ഇന്ത്യയ്ക്ക് അണ്ടർ-19 ലോകകപ്പ് സമ്മാനിച്ച നായകൻ കൂടിയായ കോഹ്‌ലി മികച്ച താരമാണെന്ന കാര്യത്തിൽ സംശയമില്ല, മികച്ച നായകനുമാണ്. അണ്ടർ-19 ലോകകപ്പ് നേടിയപ്പോൾ തന്നെ കോഹ്‌ലി ഇന്ത്യൻ സീനിയർ ടീമിനെ നയിക്കുമെന്നും സച്ചിന്റെ റെക്കോർഡുകൾ തകർക്കുമെന്നും താൻ പറഞ്ഞിരുന്നതായും മോർ കൂട്ടിച്ചേർത്തു.

Also Read: വിരാടിന്റെ ഈ സ്വഭാവഗുണമാണ് ഞങ്ങൾക്ക് കാര്യങ്ങൾ എളുപ്പമാക്കുന്നത്; നായകനെക്കുറിച്ച് കുൽദീപ്

സ്വതന്ത്ര നായകനായി എത്തിയപ്പോഴെല്ലാം ഇന്ത്യയ്ക്ക് വലിയ നേട്ടങ്ങൾ സമ്മാനിക്കാൻ കഴിഞ്ഞ താരമാണ് രോഹിത് ശർമ. 2017ൽ ശ്രീലങ്കൻ പര്യടനത്തിൽ കോഹ്‌ലിക്ക് വിശ്രമം അനുവദിച്ചതോടെയാണ് രോഹിത് ആദ്യമായി നായകന്റെ കുപ്പായം അണിഞ്ഞത്. അന്ന് 2-1ന് ഏകദിന പരമ്പരയും 3-0ന് ടി20 പരമ്പരയും ഇന്ത്യ സ്വന്തമാക്കി. 2018ൽ ഇന്ത്യ ഏഷ്യകപ്പ് സ്വന്തമാക്കിയതും രോഹിത്തിന്റെ നേതൃത്വത്തിലായിരുന്നു. ഇന്ത്യയെ 19 മത്സരങ്ങളിൽ നയിച്ച രോഹിത് 15ലും വിജയമൊരുക്കി. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെ നാല് തവണ കിരീടത്തിലെത്തിച്ചതും രോഹിത് എന്ന നായകനായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook