ലണ്ടന്‍ : ഇംഗ്ലണ്ടിൽ നടക്കുന്ന ടെസ്റ്റ് പരമ്പരയിൽ ആദ്യ രണ്ട് മത്സരങ്ങളും തോറ്റ ശേഷമാണ് ഇന്ത്യ മൂന്നാം ടെസ്റ്റിൽ വിജയം കണ്ടെത്തിയത്. 203 റൺസിന് ആതിഥേയരെ പരാജയപ്പെടുത്തിയ ഇന്ത്യ ശക്തമായ തിരിച്ചുവരവാണ് പരമ്പരയിൽ നടത്തിയത്.

രണ്ട് ഇന്നിങ്സുകളിൽനിന്നുമായി 200 റൺസ് അടിച്ചുകൂട്ടിയ ക്യാപ്റ്റൻ വിരാട് കോഹ്ലിക്കാണ് മാൻ ഓഫ് ദി മാച്ച് അവാർഡ് സമ്മാനിച്ചത്. എന്നാൽ കോഹ്ലി മാത്രമല്ല ഓൾറൌണ്ടർ ഹാർദിക് പാണ്ഡ്യയും മാൻ ഓഫ് ദി മാച്ചിന് അർഹനാണെന്നാണ് സച്ചിന്റെ പക്ഷം.

കോഹ്ലിയുടെ 200 റൺസ് ഇന്ത്യക്ക് മികച്ച സ്കോർ സമ്മാനിച്ചു. കോഹ്ലിയുടെ റൺവേട്ടക്കൊപ്പം ആദ്യ ഇന്നിങ്സിലെ ഹാർദിക് പാണ്ഡ്യയുടെ അഞ്ച് വിക്കറ്റ് പ്രകടനവും ഇന്ത്യൻ വിജയത്തിൽ നിർണ്ണായകമായെന്നാണ് സച്ചിൻ പറയുന്നത്. ഇരുവരുടെയും പ്രകടനമാണ് ഇന്ത്യക്ക് ഇംഗ്ലണ്ടിന് മുന്നിൽ മികച്ച വിജയലക്ഷ്യം ഉയർത്താൻ സഹായിച്ചത്. അത്കൊണ്ട് തന്നെ ഇരുവരും മാൻ ഓഫ് ദി മാച്ച് അവാർഡ് പങ്കുവെക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും സച്ചിൻ പറഞ്ഞു.

ഇംഗ്ലിഷ് നിരയിലെ ശക്തരായ ബാറ്റ്സ്മാന്മാരായ റൂട്ടിനെയും ബെയർസ്റ്റോവിനെയും ഉൾപ്പടെ അഞ്ച് ഇംഗ്ലിഷ് ബാറ്റ്സ്മാന്മാരെയാണ് ഹാർദിക് പുറത്താക്കിയത്. കോഹ്ലിയാകട്ടെ ആദ്യ ഇന്നിങ്സിൽ 97 റൺസും രണ്ടാം ഇന്നിങ്സിൽ 103 റൺസ് നേടി സെഞ്ചുറിയും തികച്ചിരുന്നു.

ഇന്ത്യൻ നിരയിലെ എല്ലാ താരങ്ങളും തങ്ങളുടെതായ സംഭാവന നൽകി ടീമിനെ വിജയത്തിലെത്തിക്കാൻ ശ്രമിച്ചതോടെയാണ് നോട്ടിങ്ഹാമിൽ ഇന്ത്യ ജയമുറപ്പിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിലും ഇന്ത്യയും അക്കൌണ്ട് തുറന്നു. ജയിച്ചെങ്കിലും ഇംഗ്ലണ്ട് തന്നെയാണ് പരമ്പരയിൽ 2-1 ന് മുന്നിൽ.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ