നമ്പർ വൺ ടീമാണെങ്കിലും ഇന്ത്യയ്ക്ക് ഇതുവരെ ഓസ്ട്രേലിയൻ മണ്ണിൽ ടെസ്റ്റ് പരമ്പര നേടാനായിട്ടില്ല എന്നത് ഒരു പോരായ്മയായാണ് ക്രിക്കറ്റ് ലോകം കരുതുന്നത്. ഡിസംബർ ആറിന് അഡ്‌ലെയ്ഡിൽ തുടങ്ങുന്ന ഇന്ത്യ-ഓസ്ട്രേലിയ പരമ്പര ആർക്കൊപ്പമാകും എന്ന് ഏവരും ഉറ്റുനോക്കുന്നുണ്ട്. പല ഇതിഹാസ താരങ്ങളും ഇന്ത്യയ്ക്ക് ഇതൊരു സുവർണാവസരമാണെന്നാണ് പറയുന്നത്. വിരാട് കോഹ്‌ലിയുടെ നായകത്വത്തിലുളള ഇന്ത്യൻ ടീമിന് അതിന് സാധിക്കുമെന്നാണ് അവരുടെ പ്രതീക്ഷ.
പക്ഷേ, വിദേശ മണ്ണിൽ ടെസ്റ്റ് പരമ്പര നേടാൻ എന്താണ് ചെയ്യേണ്ടതെന്ന് കോഹ്‌ലിയെ ഉപദേശിച്ചിരിക്കുകയാണ് പാക്കിസ്ഥാൻ താരം ഷാഹിദ് അഫ്രീദി. തന്റെ മുൻഗാമിയായ ധോണിയുടെ പാത പിന്തുടരാനാണ് അഫ്രീദി ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അഫ്രീദി ഇക്കാര്യം പറഞ്ഞത്.
”ബാറ്റ്സ്മാൻ എന്ന നിലയിലും നായകൻ എന്ന നിലയിലും തന്റെ പ്രകടനത്തിലൂടെ ഇന്ത്യൻ ക്രിക്കറ്റിനെ മാറ്റിമറിച്ച കളിക്കാരനാണ് ധോണി. വിദേശമണ്ണിൽ പരമ്പര നേടാൻ കോഹ്‌ലി പിന്തുടരേണ്ടത് ധോണിയെയാണ്. ധോണി മികച്ചൊരു ഉദാഹരമാണ്, ”അഫ്രീദി പറഞ്ഞു.
”വിരാട് നല്ലൊരു കളിക്കാരനാണ്. അദ്ദേഹത്തിന്റെ റെക്കോർഡുകൾ തന്നെ അത് കാട്ടിത്തരും. കോഹ്‌ലിയിൽ ഞാൻ കണ്ടൊരു കാര്യം, അദ്ദേഹം നെറ്റ് പ്രാക്ടീസ് പോലും ഒരു മത്സരമായി കാണുന്നുവെന്നതാണ്. നെറ്റ്സിൽ അദ്ദേഹം പുറത്തെടുക്കുന്നതെല്ലാം മത്സരത്തിലും പ്രകടിപ്പിക്കാറുണ്ട്. ഉത്തരവാദിത്തം അദ്ദേഹം സ്വയം ഏറ്റെടുക്കാറുണ്ട്, ഇത് കോഹ്‌ലി വെല്ലുവിളികളെ ഇഷ്ടപ്പെടുന്നതുകൊണ്ടാണ്,” അഫ്രീദി പറഞ്ഞു.
2019 ലെ ലോകകപ്പിൽ ധോണി ഉണ്ടാകുമോയെന്ന് കരുതുന്നുണ്ടോ എന്നു ചോദിച്ചപ്പോൾ, ”ധോണി ഫിറ്റാണെങ്കിലോ, അദ്ദേഹം കളിക്കാൻ താൽപര്യപ്പെടുന്നുണ്ടെങ്കിലോ, അടുത്ത ലോകകപ്പിനുളള ഇന്ത്യൻ ടീമിൽ അദ്ദേഹവും ഉണ്ടാകുമെന്ന് ഉറപ്പാണ്,” ഇതായിരുന്നു അഫ്രീദിയുടെ മറുപടി.