ദക്ഷിണാഫ്രിക്കൻ പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യൻ ടീം അംഗങ്ങൾ ആഘോഷലഹരിയിലാണ്. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി വിവാഹശേഷമുളള തന്റെ ആദ്യ ന്യൂഇയർ ഭാര്യ അനുഷ്ക ശർമ്മയ്ക്കൊപ്പം ദക്ഷിണാഫ്രിക്കയിലാണ് ആഘോഷിച്ചത്. ദക്ഷിണാഫ്രിക്ക നഗരത്തിലൂടെ ചുറ്റിക്കറങ്ങുന്ന കോഹ്‌ലിയുടെയും അനുഷ്കയുടെയും ചിത്രങ്ങൾ സോഷ്യൽമീഡിയയിലൂടെ പുറത്തുവന്നിരുന്നു.

കേപ്ടൗണിലെ വി ആന്റ് എ വാട്ടർഫ്രണ്ടിൽ വിരാട് കോഹ്‌ലിയും ശിഖർ ധവാനും നൃത്തം ചെയ്യുന്ന ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. തെരുവ് ഗായക സംഘത്തിന്റെ മ്യൂസിക്കിന് പഞ്ചാബി സ്റ്റൈലിൽ കോഹ്‌ലിയും ധവാനും നൃത്തം ചവിട്ടുന്നതാണ് വിഡിയോ. ഇരുവരും മതിമറന്ന് നൃത്തം ചെയ്യുമ്പോൾ ധവാന്റെ മകൻ സൊരാവർ ഇടപെട്ട് അച്ഛനെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു.

ജനുവരി 5 നാണ് ദക്ഷിണാഫ്രിക്കയുമായുളള ടെസ്റ്റ് മൽസരം തുടങ്ങുന്നത്. ഇന്നലെ മഴമൂലം ഇന്ത്യൻ താരങ്ങൾക്ക് മൈതാനത്ത് പ്രാക്ടീസ് നടത്താൻ കഴിഞ്ഞിരുന്നില്ല. ഒടുവിൽ ഇൻഡോറിലാണ് താരങ്ങൾ പ്രാക്ടീസ് ചെയ്തത്.

ദക്ഷിണാഫ്രിക്കയിൽ മൂന്നു ടെസ്റ്റും 6 ഏകദിനങ്ങളും മൂന്നു ടിട്വന്റിയുമാണ് ഇന്ത്യ കളിക്കുക. കഴിഞ്ഞ 25 വർഷത്തിനിടയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഒരു ടെസ്റ്റ് സീരീസും ഇന്ത്യയ്ക്ക് നേടാൻ കഴിഞ്ഞിട്ടില്ല. അതിനാൽതന്നെ ഇത്തവണത്തെ ടെസ്റ്റ് സീരീസ് നേടാനായാൽ അത് ഇന്ത്യൻ ക്യാപ്റ്റനെന്ന നിലയിൽ വിരാട് കോഹ്‌ലിക്ക് കരിയറിലെ മികച്ച നേട്ടമാകും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook