ഇന്ത്യക്ക് മൂന്നാം ലോകകിരീടം സമ്മാനിക്കുക എന്ന ലക്ഷ്യത്തോടെ ഇംഗ്ലണ്ടിലേക്ക് പോയ കോഹ്‌ലിപ്പടയുടെ പോരാട്ടം സെമിയിൽ അവസാനിച്ചിരുന്നു. ലോകകപ്പിൽ നിന്ന് പുറത്തായതോടെ കോഹ്‌ലിയുടെ ക്യാപ്റ്റൻസിക്ക് ചെറിയ വെല്ലുവിളികളുണ്ടെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഏകദിന ക്യാപിറ്റനായി രോഹിത്തിനെ തിരഞ്ഞെടുക്കണമെന്ന ആവശ്യവുമായി നിരവധി പേരാണ് രംഗത്തെത്തിയത്. ഇതിന് പിന്നാലെ ഇന്ത്യയുടെ അടുത്ത വിൻഡീസ് പര്യടനത്തിൽ കോഹ്‌ലിക്ക് വിശ്രമം അനുവദിച്ചേക്കുമെന്ന തരത്തിലും വാർത്തകൾ പ്രചരിച്ചു. എന്നാൽ ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച് കോഹ്‌ലി വിൻഡീസ് പര്യടനത്തിലുണ്ടാകുമെന്നാണ് സൂചന.

ഏകദിന – ടി20 മത്സരങ്ങളിൽ ഇന്ത്യക്ക് വേണ്ടി കളിക്കാമെന്ന് താരം സെലക്ഷൻ ബോർഡിനെ അറിയിച്ചതായാണ് റിപ്പോർട്ട്. ടെസ്റ്റ് മത്സരങ്ങളിൽ താരം കളിച്ചേക്കില്ല. മൂന്ന് വീതം ഏകദിന മത്സരങ്ങളും ടി20 മത്സരങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളുമാണ് ഇന്ത്യ കരീബിയൻ മണ്ണിൽ കളിക്കുന്നത്. ലോകകപ്പിലെ തോൽവിക്ക് ശേഷം ജയത്തോടെ തിരിച്ചുവരാനാണ് ഇന്ത്യൻ ടീമിന്റെ ശ്രമം. 2016ന് ശേഷം ഇത് രണ്ടാം തവണയാണ് കോഹ്‌ലി ഇന്ത്യയെ വിൻഡീസ് പര്യടനത്തിൽ നയിക്കാനൊരുങ്ങുന്നത്.

Read Also: വിൻഡീസ് പര്യടനത്തിൽ ധോണി ഉണ്ടായേക്കില്ല; വിരമിക്കൽ സൂചനകൾ സജീവം

കഴിഞ്ഞ ഫെബ്രുവരി മുതൽ തുടർച്ചയായ മത്സരങ്ങൾ കളിച്ചിരുന്ന കോഹ്‌ലിക്ക് ലോകകപ്പിന് മുന്നോടിയായി ന്യൂസിലൻഡ് പര്യടനത്തിൽ വിശ്രമം അനുവദിച്ചിരുന്നു.

ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ധോണി ഉണ്ടാകില്ലെന്ന റിപ്പോര്‍ട്ടുകളും സജീവമാണ്. സെലക്ടര്‍മാര്‍ ധോണിയുമായി വിരമിക്കലിനെ കുറിച്ച് സംസാരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, വിന്‍ഡീസ് പര്യടനത്തില്‍ നിന്നും ധോണി സ്വയം പിന്മാറിയെന്നാണ് മറ്റൊരു റിപ്പോര്‍ട്ട്. ബിസിസിഐ വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ധോണി പര്യടനത്തിലുണ്ടാകില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook