കൊളംബോ: ഏകദിന ക്രിക്കറ്റിൽ റെക്കോഡുകൾ കടപുഴക്കുന്നതിന്റെ തിരക്കിലാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. സെഞ്ചുറികളുടെ എണ്ണത്തിൽ 30 പിന്നിട്ടിരിക്കുകയാണ് വിരാട് കോഹ്‌ലി. 463 മത്സരങ്ങളിൽ നിന്ന് 49 സെഞ്ചുറി നേടിയിട്ടുളള ക്രിക്കറ്റ് ദൈവം സച്ചിൻ ടെൻഡുക്കർ മാത്രമാണ് വിരാട് കോഹ്‌ലിക്ക് മുന്നിൽ ഉള്ളത്. തന്റെ 194 ഏകദിന മത്സരത്തിലാണ് വിരാട് കോഹ്‌ലി ഈ നേട്ടത്തിൽ എത്തിയത് എന്നത് ചരിത്രനേട്ടമാണ്. 30 സെഞ്ചുറികൾ എന്ന നേട്ടത്തിലേക്ക് എത്താൻ സച്ചിൻ 294 മത്സരങ്ങളാണ് കളിച്ചത്.

ശ്രീലങ്കയ്ക്ക് എതിരായ അഞ്ചാം ഏകദിനത്തിൽ 116 പന്തിൽ നിന്നാണ് വിരാട് കോഹ്‌ലി 110 റൺസ് നേടിയത്. 9 ബൗണ്ടറികളുടെ അകമ്പടിയിലാണ് വിരാട് കോഹ്‌ലി ഒരു സെഞ്ചുറി നേട്ടവും കൂടി ആഘോഷിച്ചത്. 30-ാം സെഞ്ചുറി കണ്ടെത്തിയ കോലി ഓസ്ട്രേലിയന്‍ ഇതിഹാസം റിക്കി പോണ്ടിങ്ങിനൊപ്പം രണ്ടാമതെത്തിയിരിക്കുകയാണ്. നാലാം ഏകദിനത്തില്‍ സെഞ്ചുറി നേടിയതോടെ 28 സെഞ്ചുറികളുള്ള ശ്രീലങ്കന്‍ താരം സനത് ജയസൂര്യയെ മറികടന്ന് കോലി മൂന്നാമതെത്തിയിരുന്നു. ഈ കലണ്ടര്‍ വര്‍ഷത്തില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കിയ കോലി തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും ഈ നേട്ടത്തിലെത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ