ഹാർദിക് പാണ്ഡ്യയ്ക്ക് വിലക്ക് വീണാൽ പകരക്കാരനെ കണ്ടെത്തി വിരാട് കോഹ്‌ലി

ഹാർദിക് പാണ്ഡ്യയ്ക്ക് വിലക്ക് ഏർപ്പെടുത്തിയാൽ പകരക്കാരനെയും വിരാട് കോഹ്‌ലി കണ്ടെത്തിയിട്ടുണ്ട്.

Virat Kohli, World Cup Cricket, Indian Cricket Team Captain

ടിവി ഷോയിലെ സ്ത്രീ വിരുദ്ധ പരാമർശത്തിന്റെ പേരിൽ ഹാർദിക് പാണ്ഡ്യയ്ക്കും കെ.എൽ.രാഹുലിനും ബിസിസിഐ നടപടി നേരിടേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ. ഇരുവരെയും രണ്ടു മൽസരങ്ങളിൽനിന്നും വിലക്കണമെന്ന് ഇടക്കാല ഭരണസമിതി ചെയർമാൻ വിനോദ് റായ് നിർദ്ദേശിച്ചിട്ടുണ്ട്. അങ്ങനെയെങ്കിൽ ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന മത്സരങ്ങൾ പാണ്ഡ്യയ്ക്ക് നഷ്ടമായേക്കും.

ഹാർദിക് പാണ്ഡ്യയുടെ അഭാവം ഇന്ത്യൻ ടീമിനെ ബാധിക്കില്ലെന്നാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി പറഞ്ഞിരിക്കുന്നത്. പാണ്ഡ്യയ്ക്ക് വിലക്ക് ഏർപ്പെടുത്തിയാൽ പകരക്കാരനെയും വിരാട് കോഹ്‌ലി കണ്ടെത്തിയിട്ടുണ്ട്. ”വെസ്റ്റ് ഇൻഡീസിനെതിരെ ഫിംഗർ സ്പിന്നറെയും വ്രിസ്റ്റ് സ്പിന്നറെയും മുന്നിൽ നിർത്തിയാണ് ഇന്ത്യ കളിച്ചത്. ഇത്തരം സാഹചര്യങ്ങളിൽ രവീന്ദ്ര ജഡേജയെ പോലൊരാൾക്ക് ഓൾ റൗണ്ടറുടെ റോളേറ്റെടുക്കാൻ കഴിയും,” കോഹ്‌ലി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

”പകരക്കാരൻ ഉള്ളതിനാൽ പാണ്ഡ്യയ്ക്ക് വിലക്ക് വീണാലും അത് ടീമിനെ സമ്മർദ്ദത്തിലാക്കില്ല. ഏതു സാഹചര്യത്തിലും ഒരാൾക്ക് പകരക്കാരനെ കണ്ടെത്താൻ തക്ക വിധമാണ് ടീം രൂപീകരിച്ചിട്ടുള്ളത്. ബാറ്റിങ്ങിലും ബോളിങ്ങിലും ബാലൻസ് ചെയ്യാൻ പറ്റുന്ന കളിക്കാർ എപ്പോഴും ടീമിലുണ്ടാവും,” കോഹ്‌ലി വ്യക്തമാക്കി. നാളെ സിഡ്നിയിലാണ് ഇന്ത്യ-ഓസ്ട്രേലിയ ആദ്യ ഏകദിന മൽസരം.

സ്ത്രീ വിരുദ്ധ പരാമർശത്തിൽ ഹാർദിക് പാണ്ഡ്യയെയു കെ.എൽ.രാഹുലിനെയും കോഹ്‌ലി തള്ളുകയും ചെയ്തു. ”പാണ്ഡ്യയും രാഹുലും പറഞ്ഞതിനോട് യോജിക്കുന്നില്ലെന്നാണ് കോഹ്‌ലി പറഞ്ഞത്. കളിക്കാരുടെ ഭാഗത്തുനിന്നുമുള്ള ഇത്തരം പരാമർശങ്ങളെ ഇന്ത്യൻ ടീം ഒരിക്കലും പിന്തുണയ്ക്കില്ല. ഇന്ത്യൻ ക്രിക്കറ്റ് ടീമും ഉത്തരവാദിത്തമുള്ള കളിക്കാരും അതിനോട് ഉറപ്പായും യോജിക്കില്ല. അത് തികച്ചും വ്യക്തിപരമായ അഭിപ്രായമാണ്,” ഏകദിന മത്സരങ്ങൾക്ക് മുന്നോടിയായി നടന്ന വാർത്താസമ്മേളനത്തിൽ കോഹ്‌ലി പറഞ്ഞു.

”കളിക്കാരുടെ ഭാഗത്തുനിന്നുമുണ്ടാകുന്ന ഇത്തരം പരാമർശങ്ങൾ ഒരിക്കലും പിന്തുണയ്ക്കില്ലെന്ന നിലപാടാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിനുള്ളത്. തെറ്റു പറ്റിയെന്ന് രണ്ടു പേർക്കും ഇപ്പോൾ മനസ്സിലായിട്ടുണ്ടാവും. ഇപ്പോഴും ഒരു തീരുമാനത്തിനായാണ് ഞങ്ങൾ കാത്തിരിക്കുന്നത്. കളിക്കാരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്ന ഇത്തരം പരാമർശങ്ങൾ തികച്ചും വ്യക്തിപരമാണ്. അതൊരിക്കലും ടീമിന്റെ കരുത്തിനെ തകർക്കില്ല,” കോഹ്‌ലി പറഞ്ഞു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Virat kohli says ravindra jadeja can take hardik pandyas place

Next Story
വിരാട് കോഹ്‌ലിയുടെ ചരിത്ര നേട്ടത്തെ അംഗീകരിക്കാതെ പാക് മുൻ താരം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express