കഴിഞ്ഞ ജനവരി മുതൽ എല്ലാ ക്രിക്കറ്റ് ഫോർമാറ്റുകളിലും ഇന്ത്യൻ സംഘത്തെ നയിക്കാനുള്ള ചുമതല വിരാട് കോഹ്‌ലി ഏറ്റെടുത്തിരിക്കുകയാണ്. ഇതോടെ കൂടുതൽ ഉത്തരവാദിത്തത്തോടെ ബാറ്റ് വീശാനുള്ള ചുമതലയും അദ്ദേഹത്തിന് വന്നു. തുടർച്ചയായി ഇന്ത്യൻ സംഘം വിജയതീരങ്ങൾ താണ്ടിയതോടെ നായകനെന്ന നിലയിലും വിരാട് കോഹ്‌ലി ഏറെ പ്രശംസകൾ ഏറ്റുവാങ്ങി.

ഇപ്പോഴിതാ മുൻ നായകൻ മഹേന്ദ്ര സിങ് ധോണിയെ പ്രകീർത്തിച്ച് വിരാട് കോഹ്‌ലി തന്നെ രംഗത്ത് വന്നിരിക്കുന്നു. ക്രിക്കറ്റിൽ താൻ അറിഞ്ഞതിൽ വച്ച് ഏറ്റവും ബുദ്ധിയുള്ള തലച്ചോറ് ധോണിയുടേതാണെന്നാണ് വിരാട് കോഹ്‌ലി പറഞ്ഞത്.

ധോണിയുമായുള്ള തന്റെ മാനസിക ഐക്യമാണ് നായകനിൽ നിന്ന് മറ്റൊരു നായകനിലേക്കുള്ള മാറ്റത്തിനിടയിലും ഇന്ത്യൻ സംഘത്തിന് തുടർവിജയങ്ങൾ നേടാൻ സാധിക്കുന്നതെന്ന് കോഹ്‌ലി പറഞ്ഞു. “നായക സ്ഥാനം കൈമാറിക്കൊണ്ടുള്ള മാറ്റം വളരെ നന്നായാണ് മുന്നോട്ട് പോയത്. ആർക്കും എവിടെയും പ്രശ്നമുള്ളതായി അനുഭവപ്പെട്ടിട്ടില്ല. മൈതാനത്ത് പോലും ടീമിൽ എന്തെങ്കിലും മാറ്റം സംഭവിച്ചതായി ആർക്കും തോന്നിയിട്ടില്ല”, കോഹ്‌ലി ഒരു ചാനലിൽ നടത്തിയ ടോക് ഷോയിൽ പറഞ്ഞു.

“ക്യാപ്റ്റനെന്ന നിലയിലുള്ള എന്റെ തുടക്കകാലത്ത് ധോണി എനിക്കൊപ്പം അടുത്തുതന്നെയുണ്ടെന്നത് ഒരു ഭാഗ്യമായി ഞാൻ കാണുന്നു. ഇപ്പോഴും അദ്ദേഹത്തിൽ നിന്ന് ഞാൻ ക്യാപ്റ്റൻസിയുടെ പാഠങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയാണ്”, കോഹ്‌ലി പറഞ്ഞു.

ഞങ്ങൾ തമ്മിൽ നല്ല മാനസിക ഐക്യമുണ്ടെന്ന് കോഹ്‌ലി പറഞ്ഞു. “റണ്ണിനായി ഞങ്ങൾ ഓടുകയാണെന്നിരിക്കട്ടെ. രണ്ട് എന്ന് അദ്ദേഹം പറഞ്ഞാൽ ഞാൻ കണ്ണും പൂട്ടി ഓടും. അദ്ദേഹത്തിന്റെ നിഗമനങ്ങൾ തെറ്റില്ലെന്ന് എനിക്കുറപ്പുണ്ട്.”

കളിയിൽ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാനോ അതനുസരിച്ച് ഗെയിം പ്ലാൻ മാറ്റാനോ ഉള്ള കൂർമ്മബുദ്ധി തനിക്കില്ലെന്ന് വിരാട് കോഹ്‌ലി പറഞ്ഞു. “മനസ് പറയുന്നതിന് അനുസരിച്ചാണ് ഞാൻ മുന്നോട്ട് പോകുന്നത്. പത്ത് കാര്യങ്ങളിൽ അദ്ദേഹത്തോട് അഭിപ്രായം ചോദിച്ചാൽ എട്ടോ ഒൻപതോ കാര്യങ്ങളും ധോണി പറയുന്നത് ശരിയായിരിക്കും,” കോഹ്‌ലി സാക്ഷ്യപ്പെടുത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook