ഇന്ത്യയുടെ നാലാം നമ്പറിനെ കണ്ടെത്താനുള്ള അന്വേഷണം ഇതുവരേയും അവസാനിച്ചിട്ടില്ല. ഋഷഭ് പന്തിനെ ഭാവിയായി പ്രഖ്യാപിക്കുമ്പോഴും മധ്യനിരയെ ചൊല്ലിയുള്ള ആശങ്കകള്‍ അവസാനിച്ചിട്ടില്ല. അതേസമയം, വിന്‍ഡീസ് പര്യടനത്തിലെ ഏകദിന പരമ്പരയില്‍ തിളങ്ങിയ ശ്രേയസ് അയ്യരിലാണ് ഇപ്പോള്‍ ഇന്ത്യയുടെ ശ്രദ്ധ. വിന്‍ഡീസിനെതിരെ മികച്ച ഫോമില്‍ കളിച്ച ശ്രേയസില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയ്ക്കും പ്രതീക്ഷകളുണ്ട്.

ശ്രേയസ് മധ്യനിരയില്‍ സ്ഥിരസാന്നിധ്യമായേക്കാമെന്നാണ് വിരാട് പറയുന്നത്. കോഹ്‌ലി കഴിഞ്ഞ രണ്ട് ഏകദിനങ്ങളിലും സെഞ്ചുറി നേടിയപ്പോള്‍ മറുവശത്ത് അര്‍ധ സെഞ്ചുറിയുമായി ശ്രേയസ് മികച്ച പിന്തുണ നല്‍കിയിരുന്നു. ഈ പ്രകടനങ്ങളാണ് ശ്രേയസിന് നായകന്റെ പ്രശംസ നേടി കൊടുത്തത്. രണ്ട് ഏകദിനങ്ങളിലും നായകനൊപ്പം മികച്ച കൂട്ടുകെട്ടുകളും ശ്രേയസ് പടുത്തുയര്‍ത്തി. 125, 120 എന്നിങ്ങനെയായിരുന്നു കൂട്ടുകെട്ടുകള്‍.

”രണ്ട് തവണയും അവന്‍ എനിക്കൊപ്പമാണ് ബാറ്റ് ചെയ്തത്. അവന്‍ ഒട്ടും ആശങ്കപ്പെടുന്നില്ലായിരുന്നു. അവന് നല്ല ആത്മവിശ്വാസമുണ്ട്. തന്റെ കളിയെ കുറിച്ച് നല്ല ബോധ്യമുണ്ട്. ഒരു ഘട്ടത്തിലും പുറത്താകുമെന്ന് തോന്നിപ്പിച്ചില്ല. അത് വളരെ നല്ല കാര്യമാണ്” കോഹ്‌ലി പറഞ്ഞു. ആറ് വിക്കറ്റിനായിരുന്നു പരമ്പരയിലെ അവസാന മത്സരം ഇന്ത്യ ജയിച്ചത്.

Read More: തിരുത്തുകയല്ല, ചരിത്രം രചിക്കുകയാണ്; ഇതുവരെ ആരും സ്വന്തമാക്കാത്ത നേട്ടവുമായി വിരാട്

”ടീമിലേക്ക് വന്നുടനെ അവസരത്തിനൊത്ത് ഉയര്‍ന്ന് കളിച്ച അവന്‍ തന്റെ റോള്‍ എന്താണെന്ന് ബോധ്യപ്പെടുത്തിയിട്ടണ്ട്. ഇതുപോലെ തന്നെ തുടര്‍ന്നും കളിക്കുമെന്ന് തോന്നുന്നു. അവന് മധ്യനിരയില്‍ സ്ഥിരസാന്നിധ്യമാകാന്‍ കഴിഞ്ഞേക്കും,” നായകന്‍ വ്യക്തമാക്കി.

”ഞങ്ങള്‍ ചെറിയ സമ്മര്‍ദ്ദത്തിലായിരുന്നു. പക്ഷെ അവന്റെ ഇന്നിങ്‌സ് ഗെയിം ചെയ്ഞ്ചറായി. അവന്‍ കളിച്ച രീതിയാണ് എന്റെ സമ്മര്‍ദ്ദം മാറ്റിയത്” വിരാട് കൂട്ടിച്ചേര്‍ത്തു. അവസാന ഏകദിനത്തിലും വിരാട് സെഞ്ചുറി നേടിയിരുന്നു. അതേസമയം ശ്രേയസ് തന്റെ തുടക്കകാലത്തെ ഓര്‍മ്മിപ്പിക്കുന്നുണ്ടെന്നും കോഹ്‌ലി പറഞ്ഞു.

”ശരിക്കും ഞാന്‍ വന്ന അതേ വഴിയാണിത്. ലഭിച്ച ഓരോ അവസരത്തിലും നന്നായി കളിച്ച് ടീമിനെ ജയിപ്പിക്കണമെന്നായിരുന്നു ആലോചിച്ചിരുന്നത്. റിസ്‌ക് എടുക്കാന്‍ തയ്യാറായിരുന്നു. ശ്രേയസ് സമ്മര്‍ദ്ദത്തിലും ധീരമായി കളിച്ചു. താന്‍ ആരാണെന്ന് തിരിച്ചറിഞ്ഞ് കളിക്കാന്‍ കഴിയണം,” നായകന്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook