ഏകദിന ലോകകപ്പിന് മുന്നോടിയായുള്ള അവസാനവട്ട ഒരുക്കത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. നിലവിൽ ഓസ്ട്രേലിയയ്ക്കെതിരെ സ്വന്തം നാട്ടിൽ കളിയ്ക്കുന്ന ഇന്ത്യൻ ടീമിന് മുന്നിലുള്ളത് ഇന്ത്യൻ പ്രീമിയർ ലീഗാണ്. അഞ്ച് മത്സരങ്ങളടങ്ങുന്ന ഏകദിന പരമ്പരയാണ് ഓസ്ട്രേലിയ ഇന്ത്യയിൽ കളിയ്ക്കുന്നത്. അതിന് ശേഷം ഐപിഎൽ മത്സരങ്ങളിലേയ്ക്കാണ് ഇന്ത്യൻ താരങ്ങൾ പോകുന്നത്. അവിടെ നിന്ന് നേരെ ലോകകപ്പ് മത്സരങ്ങളിലേയ്ക്കും. എന്നാൽ ഐപിഎല്ലിന് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുക്കുന്നതിൽ ഒരു പങ്കുമില്ലെന്നാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെ പക്ഷം.

“ഇന്ത്യൻ പ്രീമിയർ ലീഗിന് ലോകകപ്പ് ടീം സെലക്ഷനിൽ ഒരു സ്ഥാനവുമില്ല. നമുക്ക് വേണ്ടത് ഒരു മികച്ച ടീമിനെയാണ്. ഇന്ത്യൻ പ്രീമിയർ ലീഗ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുക്കേണ്ടതുണ്ട്. ഐപിഎല്ലിൽ അതിന് ഒരു മാറ്റവും വരുത്താൻ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല,” കോഹ്‌ലി പറഞ്ഞു.

ഐപിഎല്ലിൽ ഒന്നോ രണ്ടോ ഇന്ത്യൻ താരങ്ങൾക്ക് തിളങ്ങനായില്ലെങ്കിലും അത് അവരെ ലോകകപ്പ് ടീമിൽ നിന്ന് ഒഴിവാക്കാനുള്ള കാരണമാകില്ലയെന്നും കോഹ്‌ലി പറഞ്ഞു. അതേസമയം ലോകകപ്പ് ടീമിലുള്ള ഇന്ത്യൻ ബോളർമാർക്ക് ഐപിഎല്ലിൽ അവശ്യത്തിന് വിശ്രമം അനുവദിക്കണമെന്ന് കോഹ്‌ലി നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ഇംഗ്ലണ്ടിലും വെയ്ൽസിലുമായി നടക്കുന്ന 2019ലെ ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കുന്നത് മെയ് 30നാണ്. ജൂലൈ 14നാണ് കലാശ പോരാട്ടം. ലോകകപ്പ് ചരിത്രത്തിലെ 12-ാം പതിപ്പിനാണ് ഇംഗ്ലണ്ട് വേദിയാകാൻ ഒരുങ്ങുന്നത്. പത്ത് ടീമുകളാണ് ഇത്തവണ ലോകകിരീടത്തിനായി പോരാടുന്നത്. ആതിഥേയ രാജ്യമായ ഇംഗ്ലണ്ടിന് പുറമെ ഐസിസി ഏകദിന ചാമ്പ്യൻഷിപ്പിലൂടെ ഓസ്ട്രേലിയ, ബംഗ്ലാദേശ്, ഇന്ത്യ, ന്യൂസിലൻഡ്, പാക്കിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നീ ടീമുകൾ ലോകകപ്പിന് യോഗ്യത നേടിയപ്പോൾ അഫ്ഗാനിസ്ഥാനും വെസ്റ്റ് ഇൻഡീസും യോഗ്യത മത്സരങ്ങളിലൂടെയാണ് പങ്കാളിത്തം ഉറപ്പാക്കിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ