ന്യൂഡൽഹി: ശ്രീലങ്കയ്ക്കെതിരായ ഏകദിന, ടിട്വന്റി മൽസരങ്ങളുടെ ടീമിൽനിന്നും ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെ ഒഴിവാക്കിയിരുന്നു. കോഹ്‌ലിക്ക് വിശ്രമം നൽകുന്നതിനാണ് താരത്തെ മൽസരങ്ങളിൽനിന്നും മാറ്റിനിർത്തിയത്. താൻ ബ്രേക്ക് ആവശ്യപ്പെട്ടത് എന്തുകൊണ്ടാണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര നേടിയശേഷം നടന്ന സമ്മാനദാന ചടങ്ങിൽ വ്യക്തമാക്കി.

”എന്റെ ശരീരം വിശ്രമം ആവശ്യപ്പെടുന്നുണ്ട്. കഴിഞ്ഞ 48 മാസമായി ഞാൻ തുടർച്ചയായി കളിക്കുന്നു. എനിക്ക് ജോലിഭാരം കൂടിയിട്ടുണ്ട്. ഇപ്പോൾ വിശ്രമത്തിനുളള ശരിയായ സമയമാണ്. ഇപ്പോൾ വിശ്രമം എടുത്താൽ സൗത്ത് ആഫ്രിക്കൻ പര്യടനത്തിന് എനിക്ക് കഴിയും” കോഹ്‌ലി പറഞ്ഞു. ശ്രീലങ്കയ്ക്കെതിരായ മൂന്നാം ടെസ്റ്റ് മൽസരത്തിലെ തന്റെ ബാറ്റിങ് രീതിയെക്കുറിച്ചും കോഹ്‌ലി പറഞ്ഞു. ”ഞാൻ മികച്ച രീതിയിലാണ് ബോളുകൾ നേരിട്ടത്. ഏകദിനത്തിലെപ്പോലെ ടെസ്റ്റിലും എനിക്ക് ബാറ്റ് ചെയ്യാൻ സാധിക്കുമെന്ന് ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് മൽസരത്തിലൂടെ മനസ്സിലായി. ഞാനെപ്പോഴും ചെയ്യാൻ മടിച്ചുനിന്ന കാര്യമാണത്. എന്നാൽ ടെസ്റ്റിലും അതേ ബാറ്റിങ് ശൈലി ഉപയോഗിക്കാമെന്ന് എനിക്ക് മനസ്സിലായി. നിങ്ങൾ നിങ്ങളെ വിശ്വസിച്ചാൽ എന്തു കാര്യവും നേടാൻ സാധിക്കും”.

തുടർച്ചയായി സെഞ്ചുറി നേടുന്ന ക്യാപ്റ്റനെന്ന റെക്കോർഡ് നേടിയതിനെക്കുറിച്ചും കോഹ്‌ലി സംസാരിച്ചു. ”ക്യാപ്റ്റൻ അല്ലാതിരുന്നപ്പോൾ എനിക്ക് എല്ലാ സമയത്തും കളിയുടെ മുന്നോട്ടുളള പോക്കിനെക്കുറിച്ച് ചിന്തിക്കുക ബുദ്ധിമുട്ടായിരുന്നു. പക്ഷേ ടെസ്റ്റിന്റെ ക്യാപ്റ്റനായപ്പോൾ ഞാൻ സമ്മർദ്ദത്തിലായി. എനിക്കൊരു റെക്കോർഡ് കിട്ടിയപ്പോൾ എനിക്ക് കുറച്ച് വിശ്രമം ലഭിച്ചപോലെയായി. പക്ഷേ ഇപ്പോൾ സ്ഥിതി വ്യത്യസ്തമാണ്. ക്യാപ്റ്റൻ എന്ന നിലയിൽ എനിക്ക് ബാറ്റിങ് ചെയ്തുകൊണ്ടേയിരിക്കണം. 100 കഴിഞ്ഞാലും 150 കഴിഞ്ഞാലും എന്നെക്കൊണ്ട് കഴിയുന്ന ടീം സ്കോർ ഉയർത്താൻ ശ്രമിക്കണം. രണ്ടാം ഇന്നിങ്സിലാണ് ഞാൻ ഇത് ചെയ്യാൻ ശ്രമിക്കുന്നതെങ്കിൽ ചിലപ്പോൾ കഴിഞ്ഞെന്നു വരില്ല” കോഹ്‌ലി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ