ശ്രീലങ്കയ്ക്കെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തില്‍ തന്റെ കരിയറിലെ ആറാം ഇരട്ട സെഞ്ചുറിയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി സ്വന്തമാക്കിയത്. നാഗ്പൂരിൽ നടന്ന രണ്ടാം ടെസ്റ്റിലും കോഹ്ലി ഇരട്ട സെഞ്ചുറി നേടിയിരുന്നു. ഇതിനുപിന്നാലെയാണ് മൂന്നാം ടെസ്റ്റിലും കോഹ്ലിയുടെ ഇരട്ട സെഞ്ചുറി നേട്ടം.
ആറു ഇരട്ട സെഞ്ചുറികൾ നേടുന്ന ആദ്യത്തെ ക്യാപ്റ്റനെന്ന റെക്കോർഡാണ് വിരാട് കോഹ്ലി സ്വന്തം പേരിൽ കുറിച്ചത്. വെസ്റ്റ് ഇൻഡീസിന്റെ ബ്രെയിൻ ലാറയുടെ റെക്കോർഡാണ് കോഹ്ലി മറികടന്നത്. നാഗ്പൂരിൽ ഇരട്ട സെഞ്ചുറി നേടിയതോടെ വെസ്റ്റ് ഇൻഡീസിന്റെ ബ്രെയിൻ ലാറയ്ക്കൊപ്പം കോഹ്ലി എത്തിയിരുന്നു. ഫിറോസ് ഷാ കോട്ലയിലെ ഇരട്ട സെഞ്ചുറി നേട്ടത്തോടെ 11 വർഷത്തെ ബ്രെയിൻ ലാറയുടെ റെക്കോർഡ് കോഹ്ലി തിരുത്തിക്കുറിച്ചു.
സെഞ്ചുറികള്‍ നോടുന്നതില് തനിക്ക് പ്രചോദനമാകുന്നത് ചേതേശ്വര്‍ പുജാരയുടെ പ്രകടനമാണെന്നാണ് കോഹ്ലി വ്യക്തമാക്കുന്നത്. പുജാര ഏറെ നേരം ക്രീസില്‍ ക്ഷമയോടെ തുടരുന്നത് ഒരു പാഠമായി മാറിയിട്ടുണ്ടെന്നും കോഹ്ലി വ്യക്തമാക്കി. ഇന്ത്യയിലെ ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 3000 റണ്‍സ് തികയ്ക്കുന്ന 10-ാമത്തെ ബാറ്റ്സ്മാനായി പുജാര മാറിയിട്ടുണ്ട്. വെറും 32 മത്സരങ്ങളില്‍ നിന്നായി 53 ഇന്നിങ്സുകളില്‍ ബാറ്റ് ചെയ്താണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്. സച്ചിന് തെന്‍ഡുല്‍ക്കര്‍ 55 ഇന്നിങ്സുകളില്‍ നിന്നാണ് 3000 റണ്‍സ് തികച്ചിരുന്നത്. ഈ റെക്കോര്‍ഡ് പുജാര മറികടന്നു.
‘വിസ്മയപ്പെടുത്തുന്നതാണ് പുജാരയുടെ പ്രകടനം. സെഞ്ചുറികള്‍ നേടണമെന്ന നിശ്ചയദാര്‍ഢ്യം ഉണ്ടാവുന്നത് പുജാരയുടെ പ്രകടനവും ക്രീസില്‍ ഏറെ നേരം ക്ഷമയോടെ പിടിച്ചു നില്ക്കുന്ന രീതിയും കണ്ടുകൊണ്ടാണ്. ഞങ്ങള്‍ എല്ലാവരും പുജാരയുടെ ക്രീസിലുളള ആത്മസമര്‍പ്പണവും ശ്രദ്ധയും കണ്ട് പഠിച്ചിട്ടുണ്ട്. ടീമിന് വേണ്ടി കഴിയുന്നത്ര നേരം പിടിച്ചു നില്ക്കാന് അദ്ദേഹത്തിന്റെ പ്രകടനം പ്രചോദനമായിട്ടുണ്ട്. ഇപ്പോള്‍ ടീമിന് വേണ്ടി കഴിയുന്നത്രയും കളിക്കുക എന്നതാണ് ഞാന്‍ ഇപ്പോള്‍ ആലോചിക്കാറുളളത്. അപ്പോഴാണ് യാതൊരു ക്ഷീണവും കൂടാതെ ടീമിനായി ബാറ്റ് ചെയ്യാന്‍ കഴിയുക’, കോഹ്ലി പറഞ്ഞു.
നിലവില്‍ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ സ്കോറിന് മുമ്പില്‍ ലങ്ക പതറുകയാണ്. 536 റണ്‍സെടുത്ത് ഇന്ത്യ ഡിക്ലയര്‍ ചെയ്തപ്പോള്‍ രണ്ടാം ദിനം മത്സരം അവസാനിക്കുമ്പോള്‍ സന്ദര്‍ശകര്‍ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. 131 റണ്‍സ് മാത്രമാണ് ഇന്ന് ലങ്കയുടെ സമ്പാദ്യം. കരുണരത്നെ റണ്‍സൊന്നും എടുക്കാതെ ആദ്യമേ കൂടാരം കേറി. ധനഞ്ജയ സില്‍വ 1 റണ്‍സ് മാത്രമാണ് എടുത്തത്. 42 റണ്‍സെടുത്ത് നില്‍ക്കെ ദില്‍റുവാന്‍ പെരേരയും പുറത്തായി.
കനത്ത പൊടിപടലവും പുകമഞ്ഞും കാരണം കളി പല തവണ തടസ്സപ്പെട്ടു. ഉച്ചയൂണിന് ശേഷം 12.30ന് കളി ആരംഭിച്ചപ്പോഴാണ് ഫിറോസ്ഷാ കോട്ല മൈതാനത്ത് പൊടി വില്ലനായി എത്തിയത്. ശ്രീലങ്കയുടെ പേസർ ലഹിരു ഗാമേജാണ് ആദ്യം അസ്വസ്ഥത പ്രകടിപ്പിച്ചത്. തുടർന്ന് 17 മിനിറ്റ് മത്സരം നിർത്തിവച്ചു. പിന്നീട് മത്സരം തുടങ്ങിയെങ്കിലും മറ്റൊരു ബോളറായ സുരംഗ ലക്മൽ പൊടി സഹിക്കാനാവാതെ ഡ്രെസിങ് റൂമിലേക്ക് മടങ്ങി. അപ്പോൾ 10 പേരുമായി കളിച്ച ലങ്കൻ താരങ്ങൾ മുഖാവരണം ധരിക്കുകയും ചെയ്തു.