Latest News

ബാറ്റിങ്ങ് തകര്‍ച്ചകള്‍ ആവര്‍ത്തിക്കുന്നു; പരിശോധിക്കേണ്ടതുണ്ട്: വിരാട് കോഹ്ലി

കേപ് ടൗണ്‍ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സില്‍ എട്ട് താരങ്ങളാണ് രണ്ടക്കം കാണാതെ പുറത്തായത്

Virat Kohli, Sachin Tendulkar
Photo: Facebook/ Indian Cricke Team

ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പര നഷ്ടമായതിന് പിന്നാലെ ബാറ്റിങ് നിരയുടെ പ്രകടനത്തെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. സെഞ്ചൂറിയണില്‍ ചരിത്ര ജയത്തോടെ പരമ്പരയ്ക്ക് തുടക്കമിട്ട ഇന്ത്യ പിന്നീടുള്ള രണ്ട് മത്സരങ്ങളും കൈവിട്ടു. ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കുക എന്ന ലക്ഷ്യം നേടാനാകാതെയാണ് കോഹ്ലിയും സംഘവും കളം വിട്ടത്.

“ബാറ്റിങ്നിര തകര്‍ന്ന ഒന്നിലധികം അവസരങ്ങള്‍ പരമ്പരയിലുണ്ടായി. അത് തിരിച്ചടിയായി. തീര്‍ച്ചയായും ബാറ്റിങ്ങ് തന്നെയാണ് പോരായ്മ. മറ്റൊന്നും ചൂണ്ടിക്കാണിക്കാനില്ല. പിച്ചില്‍ നിന്നും ദക്ഷിണാഫ്രിക്കന്‍ ബോളര്‍മാര്‍ക്ക് ലഭിച്ച ആനുകൂല്യത്തെക്കുറിച്ചാണ് എല്ലാവരും സംസാരിക്കുന്നത്. തെറ്റുകളിലേക്ക് നയിക്കും വിധമുള്ള സമ്മര്‍ദ്ദം ദക്ഷിണാഫ്രിക്കന്‍ ബോളര്‍മാര്‍ക്ക് പ്രയോഗിക്കാന്‍ കഴിഞ്ഞു. സാഹചര്യം മനസിലാക്കി കളിക്കുക എന്നതാണ്. ബാറ്റിങ്നിര പരിശോധിക്കേണ്ടതാണ്. അതില്‍ നിന്ന് ഒളിച്ചോടാന്‍ കഴിയില്ല. എപ്പോഴും തകര്‍ച്ചയുണ്ടാകുന്നത് നല്ലതല്ല,” കോഹ്ലി പറഞ്ഞു.

സെഞ്ചൂറിയണ്‍ ടെസ്റ്റില്‍ ആദ്യ ഇന്നിങ്സില്‍ 300 റണ്‍സിന് മുകളില്‍ സ്കോര്‍ ചെയ്യാന്‍ ഇന്ത്യയ്ക്കായിരുന്നു. ബാറ്റര്‍മാര്‍ അവസരത്തിനൊത്തുയരുകയും ചെയ്തു. എന്നാല്‍ ജോഹന്നാസ്ബെര്‍ഗില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു. ആദ്യ ഇന്നിങ്സില്‍ 202 ന് പുറത്തായി. രണ്ടാം ഇന്നിങ്സില്‍ ചേതേശ്വര്‍ പൂജാരയുടേയും അജിങ്ക്യ രഹാനെയുടേയും അര്‍ധ സെഞ്ചുറികളുടെ ബലത്തിലായിരുന്നു 266 റണ്‍സ് നേടിയത്. മറ്റ് ബാറ്റര്‍മാരാരും മികവ് പുലര്‍ത്തിയില്ല.

പക്ഷെ കേപ്പ് ടൗണിലെ നിര്‍ണായമായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ ബാറ്റിങ്നിര തകര്‍ന്നടിയുന്നതായിരുന്നു കണ്ടത്. ആദ്യ ഇന്നിങ്സില്‍ കോഹ്ലി നേടിയ 79 റണ്‍സും രണ്ടാം ഇന്നിങ്സില്‍ റിഷഭ് പന്തിന്റെ സെഞ്ചുറിയും മാത്രമാണ് തുണയായി ഉണ്ടായിരുന്നത്. രണ്ടാം ഇന്നിങ്സില്‍ എട്ട് താരങ്ങളാണ് രണ്ടക്കം കാണാതെ പുറത്തായത്. ഓസ്ട്രേലിയക്കെതിരെ അവരുടെ മണ്ണില്‍ രണ്ട് തവണ ടെസ്റ്റ് പരമ്പര നേടുകയും ഇംഗ്ലണ്ടിനെതിരെ 2-1 ന് മുന്നിലുമുള്ള കോഹ്ലിപ്പടയ്ക്ക് ദക്ഷിണാഫ്രിക്കയില്‍ പിഴച്ചു.

“തീര്‍ച്ചയായും നിരാശരാണ്. ഒരു ടീമെന്ന നിലയില്‍ എത്രത്തോളം മുന്നോട്ട് വന്നിട്ടുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. ദക്ഷിണാഫ്രിക്കയെ അവരുടെ രാജ്യത്ത് കീഴടക്കുമെന്ന് എല്ലാവരും വിശ്വസിക്കാനുള്ള കാരണവും അതാണ്. പക്ഷെ അതിന് സാധിച്ചില്ല. അത് മനസിലാക്കുകയും മികച്ച രീതിയില്‍ തിരിച്ചു വരികയുമാണ് ചെയ്യേണ്ടത്,” കോഹ്ലി കൂട്ടിച്ചേര്‍ത്തു.

Also Read: മൂന്നാം ടെസ്റ്റില്‍ അനായാസ ജയം; ദക്ഷിണാഫ്രിക്കയ്ക്ക് പരമ്പര

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Virat kohli says frequent batting collapses are not good

The moderation of comments is automated and not cleared manually by malayalam.indianexpress.com