ഇന്ത്യൻ പ്രീമിയർ ലീഗ് കിരീട നേട്ടം സ്വന്തമാക്കാതായെണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റൻ സ്ഥാനം വിരാട് കോഹ്ലി ഒഴിഞ്ഞത്. തിങ്കളാഴ്ച നടന്ന എലിമിനേറ്റർ മത്സരത്തോടെയായിരുന്നു ആർസിബി കാപ്റ്റൻ സ്ഥാനത്തുനിന്ന് കോഹ്ലിയുടെ പടിയിറക്കം. ഈ ഐപിഎല്ലിനു ശേഷം താൻ ആർസിബി കാപ്റ്റൻ സ്ഥാനം ഒഴിയുമെന്ന് കോഹ്ലി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
വരാനിരിക്കുന്ന ടി20 ലോകകപ്പിനുശേഷം ഇന്ത്യൻ ടി 20 ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ചതിന് പിറകെയായിരുന്നു ആർസിബി കാപ്റ്റൻ സ്ഥാനമൊഴിയുമെന്ന പ്രസ്താവനയും. തുടർച്ചയായ പിന്തുണയ്ക്ക് ആരാധകർക്ക് നന്ദി പറയുന്നതായി ഐപിഎല്ലിന് ശേഷം ആർസിബി ക്യാപ്റ്റൻ പറഞ്ഞു.
“ഞങ്ങൾ ആഗ്രഹിച്ച ഫലമല്ല ലഭിച്ചത്. പക്ഷേ ടൂർണമെന്റിലുടനീളം ടീം അംഗങ്ങൾ കാണിച്ച സ്വഭാവത്തിൽ ഞാൻ അഭിമാനിക്കുന്നു. ഒരു നിരാശാജനകമായ അന്ത്യമെങ്കിലും നമുക്ക് തല ഉയർത്തിപ്പിടിക്കാം. നിങ്ങളുടെ നിരന്തരമായ പിന്തുണയ്ക്ക് എല്ലാ ആരാധകർക്കും മാനേജ്മെന്റിനും സപ്പോർട്ട് സ്റ്റാഫിനും നന്ദി, ”ആർസിബിയുടെ ഔദ്യോഗിക അക്കൗണ്ട് ടാഗ് ചെയ്ത് കോഹ്ലി ട്വിറ്ററിൽ കുറിച്ചു.
എലിമിനേറ്ററിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് പരാജയപ്പെട്ടാണ് ആർസിബി പുറത്തായത്. ടീമിൽ കോഹ്ലി ഒരു നേതാവായി തുടരുകയാണെന്ന് ആർസിബി താരം ഹർഷൽ പട്ടേൽ മത്സര ശേഷം പറഞ്ഞു. “അദ്ദേഹത്തിന്റെ ക്യാപ്റ്റൻസിയുടെ കാര്യത്തിൽ പറഞ്ഞാൽ ക്യാപ്റ്റൻമാരും നേതാക്കളുമുണ്ട്, അദ്ദേഹം തീർച്ചയായും ഒരു നേതാവാണ്. അദ്ദേഹത്തിന് ക്യാപ്റ്റൻസി ടാഗ് ഇല്ലാത്തതിനാൽ, അത് അദ്ദേഹത്തെ ഒരു നേതാവെന്നതിൽ നിന്ന് കുറഞ്ഞതാക്കുന്നില്ല, ”ഹർഷൽ പറഞ്ഞു. “ഈ ടീമിനും എന്റെ വളർച്ചയ്ക്കും അദ്ദേഹം സംഭാവന നൽകിയതിന് ഞാൻ അദ്ദേഹത്തോട് നന്ദി പറയാൻ ആഗ്രഹിക്കുന്നു,” എന്നും ഹർഷൽ പറഞ്ഞു.
ഒരു നായകനെന്ന നിലയിൽ കോലിയുടെ സംഭാവനകൾ ടീം ആഘോഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. “അതെ, തീർച്ചയായും ഞങ്ങൾ അദ്ദേഹത്തിന്റെ സംഭാവനകൾ ആഘോഷിക്കാൻ പോകുന്നുവെന്ന് ഞാൻ കരുതുന്നു, , ഞങ്ങളുടെ കൈയിൽ ട്രോഫിയുമായി അത് ആഘോഷിക്കുന്നത് മനോഹരമാവുമായിരുന്നു, പക്ഷേ അത് അങ്ങനെ ആയില്ല. പക്ഷേ, ഞാൻ പറഞ്ഞതുപോലെ അദ്ദേഹത്തിന്റെ സംഭാവനകൾ വളരെ വലുതാണ്, ഞങ്ങൾ തീർച്ചയായും അത് ആഘോഷിക്കാൻ പോകുന്നു,” ഹർഷൽ പറഞ്ഞു.