ഐപിഎല്ലിലെ ഏറ്റവും ഗ്ലാമർ പോരാട്ടമായിരിക്കും ഇന്ത്യയുടെ ക്യാപ്‌റ്റനും വെെസ് ക്യാപ്‌റ്റനും നയിക്കുന്ന ടീമുകൾ തമ്മിൽ നടക്കുക. ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സും മുംബെെ ഇന്ത്യൻസും തമ്മിലുള്ള പോരാട്ടം നാളെ രാത്രി 7.30 നാണ്. വിരാട് കോഹ്‌ലി നയിക്കുന്ന ബാംഗ്ലൂർ ടീം ഏറെ വെല്ലുവിളികൾ നേരിടുകയാണ്.

പേസ് ബോളിങ് നിരയാണ് ആർസിബിയെ ഏറെ നിരാശപ്പെടുത്തുന്നത്. ഉമേഷ് യാദവ്, ഡെയ്‌ൽ സ്റ്റെയ്‌ൻ എന്നിവർ മോശം പ്രകടനമാണ് കാഴ്‌ചവയ്‌ക്കുന്നത്. ടീമിനു വേണ്ടവിധം വിക്കറ്റുകൾ വീഴ്‌ത്താനോ റൺസ് വിട്ടുകൊടുക്കുന്നത് കുറയ്‌ക്കാനോ ഇരുവർക്കും സാധിക്കുന്നില്ല. മുംബെെക്കെതിരായ മത്സരത്തിൽ സ്റ്റെയ്‌നെ ഒഴിവാക്കിയേക്കും. എന്നാൽ, ഉമേഷ് തുടരാനാണ് സാധ്യത.

ബോളിങ് നിരയിൽ യുസ്‌വേന്ദ്ര ചഹൽ മാത്രമാണ് ആർസിബിക്ക് ആശ്വാസം നൽകുന്നത്. ഓൾറൗണ്ടര്‍ ക്രിസ് മോറിസ് കളത്തിലിറങ്ങിയാൽ ആർസിബിക്ക് അതൊരു ആശ്വാസമാകും. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും മോറിസ് കളിച്ചില്ല. പരുക്കിനെ തുടർന്നാണ് മോറിസ് കളിക്കാതിരുന്നത്.

Read Also: തുടർതോൽവികൾക്ക് പിന്നാലെ റെയ്നയെ തിരികെയെത്തിക്കാൻ ചെന്നൈ? നയം വ്യക്തമാക്കി ക്ലബ്ബ്

ബാറ്റിങ്ങിലും ആർസിബി നിരാശപ്പെടുത്തുന്നു. എബി ഡി വില്ലിയേഴ്‌സ് മാത്രമാണ് കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ബാംഗ്ലൂരിനു വേണ്ടി മികച്ച പ്രകടനം കാഴ്‌ചവച്ചത്. ആദ്യ മത്സരത്തിൽ മികച്ച രീതിയിൽ ബാറ്റ് വീശിയ മലയാളി താരം കൂടിയായ ദേവ്‌ദത്ത് പടിക്കലിനു രണ്ടാം മത്സരത്തിൽ സ്ഥിരത തുടരാൻ സാധിച്ചില്ല. ക്യാപ്‌റ്റൻ വിരാട് കോഹ്‌ലിയാകട്ടെ രണ്ട് മത്സരങ്ങളിലും ആരാധകരെ പൂർണമായി നിരാശപ്പെടുത്തി. ആദ്യ മത്സരത്തിൽ 14 ഉം രണ്ടാം മത്സരത്തിൽ ഒരു റൺസുമാണ് കോഹ്‌ലിയുടെ സംഭാവന. ഓസീസ് താരം ആരോൺ ഫിഞ്ച് ബാറ്റിങ്ങിൽ താളം കണ്ടെത്താൻ ശ്രമിക്കുന്നുണ്ട്.

എതിർവശത്ത് മുംബെെ ഇന്ത്യൻസ് മികച്ച ഫോമിലാണ്. കാര്യമായ മാറ്റങ്ങളൊന്നും മുംബെെ ടീമിൽ ഉണ്ടാകില്ല. നായകൻ രോഹിത് ശർമ മികച്ച ഫോമിലാണ് എന്നതും മുംബെെ ടീമിനെ കൂടുതൽ കരുത്തരാക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook