ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും ഉപനായകന്‍ രോഹിത് ശര്‍മ്മയും തമ്മില്‍ ഭിന്നതകളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വിരാട് തള്ളിക്കളഞ്ഞെങ്കിലും ക്രിക്കറ്റ് ലോകം അത് വിടുന്ന മട്ടില്ല. ഓരോ ദിവസവും പലതരത്തിലുള്ള ഗോസിപ്പുകളാണ് ഇന്ത്യന്‍ ടീമില്‍ നിന്നും ഉയര്‍ന്നു വരുന്നത്. ഇതിനിടെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഇന്ത്യയുടെ ആദ്യ ടി20 ഇന്ന് നടക്കും.

വിന്‍ഡീസിനെതിരെ ഇറങ്ങുമ്പോള്‍ രോഹിത്തിനും കോഹ്‌ലിക്കും അത് പരസ്പരമുള്ള മത്സരം കൂടിയാണ്. പറയുന്നത് ക്യാപ്റ്റന്‍സിയെ ചൊല്ലിയുള്ള ഭിന്നതയോ ടീമിലെ ചേരി തിരിവോ അല്ല. അക്ഷരാര്‍ത്ഥത്തില്‍ രണ്ട് പേരും ഇന്നിറങ്ങുന്നത് പരസ്പരം മറി കടക്കാനാണ്. രണ്ട് പേരേയും കാത്തിരിക്കുന്നുണ്ട് ഒരു റെക്കോര്‍ഡ്.

Read Also: ഇത് ‘എന്റെ’ ടീം എന്ന് വിരാട് കോഹ്‌ലി; രോഹിത് ശർമ്മ എവിടെയെന്ന് ആരാധകർ

ടി20യില്‍ ഏറ്റവും കൂടുതല്‍ ഫിഫ്റ്റികള്‍ നേടിയിട്ടുള്ള താരമെന്ന റെക്കോര്‍ഡ് ഇപ്പോള്‍ രോഹിത്തും കോഹ്‌ലിയും പങ്കിടുകയാണ്. രണ്ടു പേരുടേയും പേരില്‍ 20 ഫിഫ്റ്റികളുണ്ട്. രോഹിത് 86 ഇന്നിങ്‌സുകളില്‍ നിന്നും നേടിയതാണ് ഇത്രയും അര്‍ധ സെഞ്ചുറികളെങ്കില്‍ വിരാടിന് 62 ഇന്നിങ്‌സുകള്‍ മാത്രമാണ് വേണ്ടി വന്നിരുന്നത്. ഇരുവര്‍ക്കും പിന്നിലുള്ളത് ന്യൂസിലന്‍ഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റിലാണ്.

പട്ടികയില്‍ മൂന്നാമത്തെ ഇന്ത്യന്‍ താരം ശിഖര്‍ ധവാനാണ്. രോഹിത്തിന്റെ ഓപ്പണിങ് കൂട്ടാളിയായ ധവാന് പക്ഷെ വെറും ഒമ്പത് ഫിഫ്റ്റികള്‍ മാത്രമാണ് സ്വന്തം പേരിലുള്ളത്. ഗപ്റ്റിലിന് പിന്നില്‍ മൂന്നാം സ്ഥാനത്തുള്ളത് വിന്‍ഡീസ് വെടിക്കെട്ട് താരം ക്രിസ് ഗെയിലും ന്യൂസിലന്‍ഡിന്റെ ഇതിഹാസ താരം ബ്രെണ്ടന്‍ മക്കല്ലവുമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook