ഐസിസി ഏകദിന റാങ്കിങ്ങിൽ ഇന്ത്യൻ താരങ്ങൾ ആധിപത്യം തുടരുന്നു. ബാറ്റ്സ്മാന്മരുടെ പട്ടികയിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ഒന്നാം സ്ഥാനത്ത് തുടർന്നപ്പോൾ ഉപനായകൻ രോഹിത് ശർമയാണ് രണ്ടാം സ്ഥാനത്ത്. ബൗളർമാരുടെ പട്ടികയിൽ പേസർ ജസ്പ്രീത് ബുംറ രണ്ടാം സ്ഥാനവും നിലനിർത്തി.
871 പോയിന്റുമായി വിരാട് കോഹ്ലി ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ രോഹിത് ശർമയുടെ അക്കൗണ്ടിൽ 855 പോയിന്റാണുള്ളത്. പാക്കിസ്ഥാൻ താരം ബാബർ അസമാണ് മൂന്നാം സ്ഥാനത്ത്. നാലം സ്ഥാനത്ത് ന്യൂസിലൻഡ് താരം റോസ് ടെയ്ലറും അഞ്ചാം സ്ഥാനത്ത് ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡുപ്ലെസിസുമാണ്.
ബോളർമാരിൽ ന്യൂസിലൻഡിന്റെ ട്രെന്റ് ബോൾട്ട് തന്നെയാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യൻ താരം ജസ്പ്രീത് ബുംറ രണ്ടാം സ്ഥാനത്തും അഫ്ഗാന്റെ മുജീബ് ഉർ റഹ്മാൻ മൂന്നാം സ്ഥാനത്തുമാണ്. ബോൾട്ടിന് 722 പോയിന്റും ബുംറയ്ക്ക് മുജീബിനും യഥാക്രമം 719ഉം 701ഉം പോയിന്റാണുള്ളത്. ബോളർമാരിൽ നേട്ടമുണ്ടാക്കിയത് ഇംഗ്ലിഷ് പേസർ ജോഫ്ര ആർച്ചറാണ്. 18 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ ആർച്ചർ ആദ്യ പത്തിൽ തന്റെ പേരും എഴുതിചേർത്തു.