ദുബായ്: ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത വിരാട് കോഹ്‌ലിക്ക് ഐസിസി റാങ്കിൽ വൻ മുന്നേറ്റം. മികച്ച ടെസ്റ്റ് ബാറ്റ്സ്മാൻമാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തേക്കാണ് വിരാട് കോഹ്‌ലി എത്തിയിരിക്കുന്നത്. മൂന്ന് സ്ഥാനം മെച്ചപ്പെടുത്തിയാണ് വിരാട് കോഹ്‌ലി മുന്നേറ്റം നടത്തിയത്. പരമ്പര തുടങ്ങുന്നതിന് മുൻപ് ആറാം സ്ഥാനത്തായിരുന്നു കോഹ്‌ലി. ഓസ്ട്രേലിയൻ നായകൻ സ്റ്റീവ് സ്മിത്താണ് ഒന്നാം സ്ഥാനത്ത്.

ശ്രീലങ്കയ്ക്കെതിരായ മൂന്ന് ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 610 റൺസാണ് ഇന്ത്യൻ നായകൻ നേടിയത്. 2 ഇരട്ട സെഞ്ചുറികൾ നായകൻ​ ഇന്ത്യക്കായി നേടി. നാഗ്പൂരിലും, ഫിറോസ്ഷാ കോട്‌ലയിലുമാണ് വിരാട് കോഹ്‌ലി ഇരട്ടസെഞ്ചുറി നേടിയത്.

ബോളര്‍മാരുടെ റാങ്കിങ്ങില്‍ ഇംഗ്ലീഷ് താരം ജെയിംസ് ആന്‍ഡേഴ്‌സനാണ് ഒന്നാമത്. ദക്ഷിണാഫ്രിക്കന്‍ താരം കഗിസോ റബാദ രണ്ടാമതും. ഇന്ത്യന്‍ താരങ്ങളായ രവിന്ദ്ര ജഡേജ, ആര്‍.അശ്വിന്‍ എന്നിവര്‍ മൂന്ന്, നാല് സ്ഥാനങ്ങളിലുണ്ട്. വെസ്റ്റ് ഇന്‍ഡീസിനെതിരെ മികച്ച പ്രകടനം നടത്തിയ ന്യൂസിലന്‍ഡ് ബോളര്‍ നീല്‍ വാഗ്നര്‍ ഏഴാം സ്ഥാനത്തുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ