കൃത്യമായ ഡയറ്റ് പിന്തുടരുന്ന വ്യക്തിയാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ഫിറ്റ്നസിന്റെ കാര്യത്തിൽ കോഹ്ലി ഒരു വിട്ടുവീഴ്ചയും ചെയ്യാറുമില്ല. അതിനായി തനിക്ക് ഇഷ്ടപ്പെട്ട ഭക്ഷണം പോലും കോഹ്ലി വേണ്ടെന്നു വയ്ക്കാറുണ്ട്. കുറേ വർഷത്തിനുശേഷം ആദ്യമായി താൻ വയറു നിറയെ ഭക്ഷണം കഴിച്ച ദിവസത്തെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് വിരാട് കോഹ്ലി. 2016 ൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിൽ ഇരട്ട സെഞ്ചുറി നേടിയപ്പോഴാണ് ഒരു പാത്രം നിറയെ ഫ്രൈസും ചോക്ലേറ്റ് ഷേക്കും താൻ കഴിച്ചതെന്ന് ഇന്ത്യാ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ കോഹ്ലി പറഞ്ഞത്.
”കളിയുളള ദിവസങ്ങളിൽ ഞാൻ ഒരുപാട് കഴിക്കാറില്ല. വാഴപ്പഴം, വെളളം, കുറച്ച് ദാൽ ചാവൽ തുടങ്ങിയ ലഘുഭക്ഷണമാണ് കഴിക്കുക. അന്നു ഞാൻ 235 പൂർത്തിയാക്കിയപ്പോൾ ബസു സാർ (അന്നത്തെ ഇന്ത്യൻ ടീമിന്റെ ഫിറ്റ്നസ് ട്രെയിനർ ശങ്കർ ബസു) എന്നോട് പറഞ്ഞു, ഇന്നു രാത്രി നിനക്ക് ഇഷ്ടമുളളതെന്തും കഴിക്കാം. ആ സമയത്ത് ഞാൻ മാംസം കഴിക്കുമായിരുന്നു. ഞാനൊരു ചിക്കൻ ബർഗർ ഓർഡർ ചെയ്തു. ഞാൻ മുകളിലുളള ബൺ ഊരിയെടുത്തു. എനിക്ക് എന്നെത്തന്നെ തടയാൻ കഴിഞ്ഞില്ല – ഞാൻ പറഞ്ഞു, ശരി, ഒരു കഷണം റൊട്ടി കുഴപ്പമില്ല, രണ്ടെണ്ണമല്ല. പക്ഷേ പിന്നീട് ഒരു വലിയ പാത്രം ഫ്രൈസും, അതിനുശേഷം ഒരു ചോക്ലേറ്റ് ഷേക്കും കഴിച്ചു. എന്റെ ശരീരത്തിന് അതാവശ്യമാണെന്ന് എനിക്കറിയാമായിരുന്നു” കോഹ്ലി പറഞ്ഞു.
കഴിഞ്ഞ വർഷം കോഹ്ലി വീഗനായി മാറിയിരുന്നു. വീഗനായ് മാറിയതിന്റെ ഭാഗമായി മുട്ടയും പാലുത്പന്നങ്ങളും കോഹ്ലി ഉപേക്ഷിച്ചതായിട്ടായിരുന്നു റിപ്പോർട്ടുകൾ. ബിരിയാണിയുടെ കടുത്ത ആരാധകനായ കോഹ്ലി അതുപോലും ഉപേക്ഷിച്ചുവെന്നും ഫിറ്റ്നസിൽ അതീവ ശ്രദ്ധാലുവായ കോഹ്ലി ഇവയ്ക്കു പകരം പ്രോട്ടീൻ ഷേക്കുകളും പച്ചക്കറികളും സോയയും നിത്യേനയുളള ഭക്ഷണത്തിൽ ഉൾപ്പെടുത്തിയതായും റിപ്പോർട്ടുണ്ടായിരുന്നു.
വീഗനിസമെന്നാൽ സമ്പൂർണ്ണ വെജിറ്റേറിയൻ ജീവിതശൈലിയാണ്. മാംസത്തിന് പുറമേ മൃഗങ്ങളിൽ നിന്നുമുള്ള എല്ലാ ഉത്പനങ്ങളും ഉപേക്ഷിച്ച് പഴവർഗ്ഗങ്ങളും പച്ചക്കറികളും മാത്രം ഭക്ഷിക്കും. ഈ ജീവിതശൈലി കാൻസർ, പ്രമേഹം, ഹൃദ്രോഗം, അമിതവണ്ണം തുടങ്ങിയവയെ അകറ്റിനിർത്തുമെന്നാണ് ഇവരുടെ അവകാശവാദം.