ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ 8 റൺസിനായിരുന്നു ഇന്ത്യൻ ജയം. അവസാന ഓവറിൽ മൂന്നു ബോൾ ബാക്കിനിൽക്കെയാണ് ഓസ്ട്രേലിയയെ ഇന്ത്യ ഓൾഔട്ടാക്കിയത്. ഇതോടെ 5 മത്സരങ്ങളുളള പരമ്പരയിൽ ഇന്ത്യ 2-0 ന് മുന്നിലെത്തി.

അവസാന ഓവറുകളിൽ നായകൻ വിരാട് കോഹ്‌ലിയുടെ തന്ത്രമാണ് ഇന്ത്യൻ ജയത്തിന് നിർണായകമായത്. ബുമ്രയുടെയും ഷമിയുടെയും ഓവറുകൾ തീന്നതോടെ അവസാന ഓവർ വിജയ് ശങ്കറിനോ കേദാർ ജാദവിനോ നൽകുക എന്നതായിരുന്നു കോഹ്‌ലിയുടെ മുന്നിലുളള പോംവഴി. ഒരു ഓവർ മാത്രം എറിഞ്ഞ ശങ്കർ 13 റൺസാണ് വിട്ടുകൊടുത്തത്. എട്ടു ഓവറിൽ ജാദവ് 33 റൺസാണ് വിട്ടുകൊടുത്തത്. അതിനാൽ തന്നെ കോഹ്‌ലിക്ക് ജാദവിനെക്കാൾ വിശ്വാസം വിജയ് ശങ്കറിന്മേലായിരുന്നു. കോഹ്‌ലിയുടെ തീരുമാനം ശരിവച്ച് ശങ്കർ അവസാന ഓവറിൽ സ്റ്റോയിൻസിന്റെയും സാംപയുടെയും നിർണായകമായ രണ്ടു വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യൻ ജയത്തിന് കാരണക്കാരനായി.

അവസാന ഓവറുകൾ ആരെ ഏൽപ്പിക്കണമെന്നതിനെക്കുറിച്ച് രോഹിത് ശർമ്മയോടും എം.എസ്.ധോണിയോടും സംസാരിച്ചത് എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കോഹ്‌ലി. ”46-ാം ഓവർ കേദാറിനോ ശങ്കറിനോ നൽകാമെന്നായിരുന്നു ഞാൻ ചിന്തിച്ചത്. ഇക്കാര്യം രോഹിത്തിനോടും ധോണിയോടും ഞാൻ സംസാരിച്ചു. പക്ഷേ ആ ഓവർ ബുമ്രയ്ക്കോ ഷമിക്കോ നൽകി, അവർ വിക്കറ്റ് വീഴ്ത്തിയാൽ മത്സരം നമുക്ക് അനുകൂലമാകുമെന്ന് അഭിപ്രായം ഉയർന്നു. അതാണ് ശരിക്കും സംഭവിച്ചത്”, കോഹ്‌ലി മത്സരശേഷം പറഞ്ഞു. മത്സരത്തിൽ 46, 48 ഓവറുകൾ ഷമിയും 47-ാം ഓവർ ബുമ്രയുമാണ് എറിഞ്ഞത്.

രോഹിത്തും ധോണിയും അനുഭവ പരിചയമുളള കളിക്കാരാണ്. അവരോട് എപ്പോഴും സംസാരിക്കാറുണ്ട്. രോഹിത് ഉപ നായകനാണ്, ധോണി വളരെക്കാലമായി ടീമിലെ അംഗവും. അവർ ഇരുവരും മത്സരത്തെ സൂക്ഷ്മമായി നോക്കി കാണുന്നവരാണ്. അവസാന ഓവറിൽ വിജയ് ശങ്കർ സമ്മർദത്തിലായിരുന്നുവെന്നും അതൊക്കെ തരണം ചെയ്ത് മത്സരം ഭംഗിയായി പൂർത്തിയാക്കിയെന്നും കോഹ്‌ലി പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ