മുംബൈ: വെടിക്കെട്ട് ബാറ്റിങ്ങുമായി ക്രീസിൽ വിസ്മയം തീർക്കുന്ന ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെ ചെല്ലപ്പേരാണ് ചീക്കു. ഇന്ത്യൻ ദേശീയ ടീമിൽ സജീവമാകുന്നതിന് മുമ്പ് തന്നെ മൈതാനങ്ങളിൽ താരം അറിയപ്പെട്ടിരുന്നതും അഭിസംബോധന ചെയ്യപ്പെട്ടിരുന്നതും അങ്ങനെയായിരുന്നു. എന്നാൽ ഇന്ത്യൻ ടീമിൽ താരത്തിന്റെ പേര് പരിചയപ്പെടുത്തിയതും നിരന്തരം അങ്ങനെ വിളിച്ചുകൊണ്ടിരുന്നതും മുൻ നായകൻ എം.എസ്. ധോണിയാണ്. ഇപ്പോൾ ആ പേരിന് പിന്നിലെ കഥ വെളിപ്പെടുത്തിയിരിക്കുകയാണ് കോഹ്‌ലി.

സ്റ്റംപിന് പിറകിൽ നിന്ന് തന്റെ ചെല്ലപ്പേര് വിഖ്യാതമാക്കിയത് എം.എസ്.ധോണി ആണെന്ന് കോഹ്‌ലി കെവിൻ പീറ്റേഴ്സനുമൊപ്പമുള്ള തന്റെ ലൈവിൽ പറഞ്ഞു. രഞ്ജി ട്രോഫിയിലെ ഒരു പരിശീലകനാണ് തനിക്ക് ഈ പേരിട്ടതെന്നും കോഹ്‌ലി വ്യക്തമാക്കി.

Also Read: നോ,ഷേവ്; താടി വളർത്തുന്നതിലെ രഹസ്യം വെളിപ്പെടുത്തി കോഹ്‌ലി

“രഞ്ജി ട്രോഫിയിലെ ഒരു പരിശീലകനിൽ നിന്നുമാണ് എനിക്ക് ഈ പേര് കിട്ടിയത്. എനിക്ക് ആ സമയങ്ങളിൽ വലിയ കവിളുകളായിരുന്നു. 2007ൽ എനിക്ക് മുടി പൊഴിയുന്ന അവസ്ഥയുണ്ടായി. അപ്പോൾ മുടിവെട്ടുക കൂടി ചെയ്തതോടെ കവിളും ചെവിയും വീണ്ടും എടുത്തറിയാൻ തുടങ്ങി. ‘ചമ്പക്’ എന്ന ഒരു കോമിക് പുസ്തകത്തിലെ കാർട്ടൂൺ കഥാപാത്രമായ മുയലിന്റെ പേരാണ് ചീക്കൂ,” കോഹ്‌ലി പറഞ്ഞു.

Also Read: ആ സിക്സ് മാത്രമല്ല കേട്ടോ; ലോകകപ്പ് നേടിയത് എല്ലാവരും കൂടിയെന്ന് ഗംഭീർ

താൻ താടി ഒഴിവാക്കാത്തതിന് പിന്നിലെ കാരണവും കോഹ്‌ലി തുറന്നു പറഞ്ഞിരുന്നു. താനൊരിക്കലും ഇനി ഷേവ് ചെയ്യില്ലെന്നും താടിയില്ലാത്ത തന്നെ കാണാൻ അത്ര ഭംഗിയില്ലെന്നുമാണ് കോഹ്‌ലി പറഞ്ഞത്. ക്രിക്കറ്റ് കരിയറിൽ കോഹ്‌ലിക്ക് ഏറ്റവും ഇഷ്‌ടപ്പെട്ട ബാറ്റിങ് പാർട്‌ണർ ആരാണെന്ന് പീറ്റേഴ്‌സന്റെ ചോദ്യത്തിന് ഇന്ത്യയിൽ നിന്ന് എം.എസ്.ധോണിയും ഇന്ത്യയ്‌ക്കു പുറത്തു നിന്നാണെങ്കിൽ അത് എ.ബി.ഡിവില്ലിയേഴ്‌സ് ആണെന്നുമായിരുന്നു കോഹ്‌ലിയുടെ ഉത്തരം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook