ഏകദിന കരിയറിലെ തന്റെ 33-ാം സെഞ്ചുറിയാണ് ഡർബനിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ഏകദിന മൽസരത്തിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി നേടിയത്. സെഞ്ചുറിക്കൊപ്പം അപൂർവ്വമായൊരു റെക്കോർഡും കോഹ്ലി കൈപ്പിടിയിൽ ഒതുക്കിയിരുന്നു. കളിച്ച വിദേശ രാജ്യങ്ങളിലെല്ലാം സെഞ്ചുറി നേടിയ കളിക്കാരൻ എന്ന റെക്കോർഡാണ് കോഹ്ലി സ്വന്തം പേരിലാക്കിയത്.
സച്ചിന് തെൻഡുല്‍ക്കര്‍, സനത് ജയസൂര്യ തുടങ്ങിയ മഹാരഥന്മാര്‍ക്കൊപ്പമാണ് ഇപ്പോള്‍ കോഹ്ലിയുടെ റെക്കോർഡ് ബുക്കിലെ സ്ഥാനം. സച്ചിനും ജയസൂര്യയും ഒമ്പത് രാജ്യങ്ങളിൽവച്ച് സെഞ്ചുറി നേടിയിട്ടുണ്ട്. എന്നാല്‍ സച്ചിന് വെസ്റ്റ് ഇന്‍ഡീസിലും ജയസൂര്യക്ക് സിംബാബ്വേയിലും സെഞ്ചുറി നേടാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ കളിച്ച എല്ലാ രാജ്യങ്ങളിലും സെഞ്ചുറി നേടിയാണ് കോഹ്ലി തന്റെ സമ്പൂര്‍ണ്ണ സെഞ്ചുറി പ്രകടനം നടത്തിയത്.
ടെസ്റ്റ് പദവിയുള്ള ഒമ്പത് രാജ്യങ്ങളിലാണ് കോഹ്ലി കളിച്ചത്. അതില്‍ ദക്ഷിണാഫ്രിക്കക്കെതിരെ മാത്രമായിരുന്നു സെഞ്ചുറി നേടാനുണ്ടായിരുന്നത്. ദക്ഷിണാഫ്രിക്കന്‍ മണ്ണിലെ തന്റെ പത്താം ഏകദിനത്തില്‍ ആ നേട്ടവും കോഹ്ലി സ്വന്തമാക്കി. ഏകദിനത്തില്‍ ഇന്ത്യയില്‍ തന്നെയാണ് കോഹ്ലി ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയിട്ടുള്ളത്. സ്വന്തം നാട്ടില്‍ കളിച്ച 76 ഏകദിനത്തില്‍ നിന്നും 14 സെഞ്ചുറികളാണ് കോഹ്ലി അടിച്ചെടുത്തത്.
ഡർബനിലെ തന്റെ 33-ാമത് സെഞ്ചുറി നേട്ടം കോഹ്ലി ആഘോഷിച്ചത് കണ്ടാൽ ആരെയോ വെല്ലുവിളിക്കുന്നതുപോലെയാണ് പലർക്കും തോന്നിയത്. തന്റെ ആക്രമണാത്മക ആഘോഷത്തിനുപിന്നിലെ കാരണം വിരാട് കോഹ്ലി വെളിപ്പെടുത്തിയിരിക്കുകയാണ്.
”ആ സെഞ്ചുറി വളരെ പ്രത്യേകത നിറഞ്ഞതായിരുന്നു. ജൊഹന്നാസ്ബർഗിൽ ഞങ്ങൾ നേടിയ ആത്മവിശ്വാസം ഇവിടെയും കൊണ്ടുവന്നു. നല്ലൊരു പാർട്ണർഷിപ്പാണ് ഞങ്ങൾക്ക് ആവശ്യമായിരുന്നത്. രഹാനെ മികച്ച കൂട്ടുകെട്ട് ഉണ്ടാക്കിയതിൽ വളരെയധികം സന്തോഷം. നല്ലൊരു കൂട്ടുകെട്ട് ഉണ്ടായാൽ ദക്ഷിണാഫ്രിക്ക ഉയർത്തിയ സ്കോർ മറികടക്കാൻ എളുപ്പത്തിൽ കഴിയും. അതെനിക്കറിയാം. ദക്ഷിണാഫ്രിക്കയിൽ ഞാൻ ഇതുവരെ ഒരു ഏകദിന സെഞ്ചുറി നേടിയിട്ടില്ല. അതാണ് അങ്ങനെ ആഘോഷിച്ചത്” കോഹ്ലി പറഞ്ഞു.
കോഹ്ലിയും രഹാനെയും ചേർന്നുണ്ടാക്കിയ 189 റൺസിന്റെ കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് വിജയം നേടിക്കൊടുത്തത്. ഡര്‍ബനില്‍ 119 പന്തിൽ 112 റൺസ് നേടി കോഹ്ലി പടനയിച്ചപ്പോൾ 86 പന്തിൽ 79 റണ്‍സുമായി അജിങ്ക്യ രഹാന നായകനു മികച്ച പിന്തുണ നൽകി.