സമകാലിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരിൽ ഒരാളാണ് ഇന്ത്യൻ നായകൻ കൂടിയായ വിരാട് കോഹ്‌ലി. ഏത് ബോളറും കോഹ്‌ലിയാണ് സ്ട്രൈക്ക് എൻഡിലെങ്കിൽ ഒന്നുകൂടെ ആലോചിച്ച ശേഷമെ പന്ത് ഡെലിവർ ചെയ്യൂ. ചെറിയ പിഴവ് പോലും റൺസിലേക്ക് നയിക്കാൻ കോഹ്‌ലി എന്ന ബാറ്റ്സ്മാന് അനായാസം സാധിക്കും. അടുത്തിടെ മറ്റൊരു ഇന്ത്യൻ താരം മായങ്ക് അഗർവാളുമായി നടത്തിയ ഓൺലൈൻ ടോക്ക് ഷോയിൽ എങ്ങനെയാണ് ഒരു പന്ത് നേരിടുന്നതെന്ന് കോഹ്‌ലി വെളിപ്പെടുത്തി. ഓരോ പന്തും നേരിടുന്നതിന് മുമ്പ് ബോളറുടെ ചെറിയ നീക്കങ്ങൾ പോലും വിശകലനം ചെയ്യുമെന്നാണ് ഇന്ത്യൻ നായകൻ പറയുന്നത്.

“ബോളറെക്കുറിച്ച് എല്ലാം ഞാൻ വിശകലനം ചെയ്യും. അദ്ദേഹത്തിന്റെ ശരീരഭാഷ, റൺഅപ്പിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ? കൈത്തണ്ടയിൽ എന്തെങ്കിലും മാറ്റം വരുത്തുന്നുണ്ടോ? വ്യത്യസ്തമായ രീതിയിലാണോ പന്ത് പിടിക്കുന്നത്? അങ്ങനെ പലപ്പോഴും ചെയ്തിട്ടുണ്ട്.” കോഹ്‌ലി പറഞ്ഞു.

Also Read: ഐപിഎല്ലിന് മുമ്പ് സിപിഎൽ; കരീബിയൻ പ്രീമിയർ ലീഗിന് അടുത്ത മാസം തുടക്കമാകും

നമ്മൾ ഉദ്ദേശിച്ച സ്ഥലത്ത് തന്നെ ബോളർ പന്തെറിയുകയും അത് ഗ്രൗണ്ടിന് പുറത്തേക്ക് പറത്തുകയും ചെയ്യുമ്പോൾ ഉണ്ടാകുന്നത് അത്ഭുതകരമായ ഒരു വികാരമാണ്. അതിന് ബോളർ എന്ത് ചെയ്യുമെന്ന് നമ്മൾ അറിഞ്ഞിരിക്കണമെന്നും കോഹ്‌ലി പറഞ്ഞു. നമ്മുടെ ഭയത്തെ അകറ്റിയാൽ നമ്മുടെ മുന്നിലുള്ളതെല്ലാം മികച്ച അവസരങ്ങളാണെന്നും കോഹ്‌ലി കൂട്ടിച്ചേർത്തു.

Also Read: കരിയറിന്റെ അവസാന സമയത്ത് ബിസിസിഐ തന്നോട് പെരുമാറിയത് മോശമായ തരത്തിലെന്ന് യുവരാജ്

ഇന്ത്യൻ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായി ഇതിനോടകം തന്നെ തന്റെ പേര് കൂട്ടിച്ചേർത്ത കോഹ്‌ലി സ്ഥിരതയാർന്ന ബാറ്റിങ്ങിലൂടെയാണ് ക്രീസിൽ വിസ്മയം തീർക്കുന്നത്. ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും അമ്പതിന് മുകളിൽ ആവറേജുള്ള ഏക താരം കോഹ്‌ലിയാണ്. 70 സെഞ്ചുറികൾ അക്കൗണ്ടിലുള്ള കോഹ്‌ലി 86 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 7240 റൺസും 248 ഏകദിനങ്ങളിൽ നിന്ന് 11867 റൺസും സ്വന്തമാക്കിയിട്ടുണ്ട്. ടി20യിൽ 2794 റൺസാണ് കോഹ്‌ലിയുടെ സമ്പാദ്യം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook