ക്രിക്കറ്റ് ലോകത്ത് ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന പേരുകളിൽ ഒന്നാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടേത്. ഇന്ത്യൻ ക്രിക്കറ്റ് കോഹ്‌ലിയുടെ കൈയ്യിൽ ഭദ്രമെന്നാണ് മുൻ ക്രിക്കറ്റ് താരങ്ങളും പറയുന്നത്. 29 കാരനായ കോഹ്‌ലി ഇതിനോടകം തന്നെ പല താരങ്ങളുടെയും റെക്കോർഡുകളും തകർത്തിട്ടുണ്ട്. ഇതിഹാസ താരം സച്ചിൻ തെൻഡുൽക്കറുടെ 100 സെഞ്ചുറിയെന്ന റെക്കോർഡും കോഹ്‌ലി തകർക്കുമെന്നാണ് പലരുടെയും വിശ്വാസം.

പക്ഷേ ആരാധകർ കരുതുന്നതുപോലെ സച്ചിന്റെ റെക്കോർഡ് തകർക്കുകയല്ല വിരാട് കോഹ്‌ലിയുടെ ലക്ഷ്യം. തന്റെ ആത്യന്തിക ലക്ഷ്യമെന്തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കോഹ്‌ലി. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് കോഹ്‌ലി തന്റെ ലക്ഷ്യമെന്തെന്നും ഫുട്ബോളിനോടുളള തന്റെ ഇഷ്ടത്തെക്കുറിച്ചും തുറന്നുപറഞ്ഞത്.

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ പരിശീലന സമയത്ത് ഫുട്ബോൾ കളിക്കുന്നത് പതിവാണ്. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ ഫുട്ബോൾ കളിക്കാൻ മിടുക്കരാണോ എന്നു ചോദിച്ചപ്പോൾ എല്ലാവർക്കും ഫുട്ബോൾ ഇഷ്ടമാണെന്നായിരുന്നു കോഹ്‌ലിയുടെ മറുപടി. ‘ഫുട്ബോളിൽ ഒരു പ്രചോദനമുണ്ട്. നിങ്ങളെന്നോട് 20 തവണ ഫീൽഡിൽ ഓടാൻ പറഞ്ഞാൽ കുറച്ച് കഴിയുമ്പോൾ എനിക്ക് മടുപ്പ് തോന്നും. പക്ഷേ പരിശീലനത്തിനുശേഷം നിങ്ങളെന്നോട് ഫുട്ബോൾ കളിക്കാൻ പറഞ്ഞാൽ ഞാൻ എത്ര സമയം വേണമെങ്കിലും ബോളിനുപുറകേ ഓടും. ഫുട്ബോൾ വളരെ മനോഹരമായൊരു കളിയാണ്. ഇന്ത്യൻ ടീമിലെ എല്ലാവരും ഫുട്ബോൾ ഇഷ്ടപ്പെടുന്നു. അത് ഞങ്ങൾ പ്രകടിപ്പിക്കാറുമുണ്ട്”.

ക്രിക്കറ്റിൽ ഇന്ത്യ ഇനിയും ഉയരങ്ങളിൽ എത്തണമെന്ന് കോഹ്‌ലി എപ്പോഴും പറയാറുണ്ട്. പക്ഷേ ഇന്ത്യയിൽ ഒരു സ്പോർട്സ് കൾച്ചർ വളർത്തിയെടുക്കണമെന്നാണ് തന്റെ ആത്യന്തിക ലക്ഷ്യമെന്ന് കോഹ്‌ലി അഭിമുഖത്തിൽ പറഞ്ഞു. ”ജനങ്ങൾ എല്ലാ കായിക ഇനങ്ങളും മനസ്സിലാക്കണം. എല്ലാ കായിക ഇനങ്ങളും ഒരുപോലെ പിന്തുടരണം. ഇതാണ് എന്റെ ലക്ഷ്യം” കോഹ്‌ലി പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ