എം.എസ്.ധോണിയെ നാലാമനായി ഇറക്കണമെന്നത് ഏറെക്കാലമായി ക്രിക്കറ്റ് താരങ്ങളിൽനിന്നും ഉയരുന്ന ആവശ്യമാണ്. ഇന്ത്യൻ താരം രോഹിത് ശർമ്മയും ഇക്കാര്യം ഓസ്ട്രേലിയൻ പര്യടനത്തിനിടെ ആവശ്യപ്പെട്ടിരുന്നു. ഇന്നലെ മെൽബണിൽ നടന്ന ഏകദിനത്തിൽ ധോണിയെ നാലാമനായാണ് ഇറങ്ങിയത്. ധോണിയുടെ കരുത്തിലാണ് ഇന്ത്യൻ ടീം പരമ്പര നേടിയത്.

അതേസമയം, ധോണിക്ക് ചേർന്നത് നമ്പർ 5 ആണെന്നാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെ വ്യക്തിപരമായ അഭിപ്രായം. ”2016 ൽ ദീർഘനാൾ ധോണിയുടെ ബാറ്റിങ് സ്ഥാനം 4 ആയിരുന്നു. അതിനുശേഷം 5, 6 സ്ഥാനങ്ങളിലേക്ക് മാറി. അപ്പോഴും അദ്ദേഹം സന്തോഷവാനായിരുന്നു. ബാറ്റിങ് സ്ഥാനം 5 ആണ് ധോണിക്ക് നല്ലതെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. കാരണം അപ്പോൾ ധോണിക്ക് മത്സരം ഫിനിഷ് ചെയ്യുന്നതിനുള്ള സമയവും ആവശ്യമെങ്കിൽ ആക്രമിച്ച് കളിക്കാനും സാധിക്കും,” കോഹ്‌ലി പറഞ്ഞു.

”എന്റെ വ്യക്തിപരവും മാനേജ്മെന്റിന്റെ താൽപര്യവും ധോണിയെ അഞ്ചാമനായി ഇറക്കണമെന്നാണ്. അഡ്‌ലെയ്ഡിൽ ധോണി ബാറ്റ് ചെയ്തത് കണ്ടാൽ, അദ്ദേഹം 5-ാം സ്ഥാനത്ത് കുറച്ചുകൂടി കംഫർട്ടബിൾ ആണെന്നു തോന്നും,” മത്സരശേഷം വാർത്താസമ്മേളനത്തിൽ കോഹ്‌ലി പറഞ്ഞു.
ടീമിനോട് തികഞ്ഞ ആത്മാർത്ഥ പുലർത്തുന്ന താരമാണ് ധോണിയെന്നും കോഹ്‌ലി പറഞ്ഞു.

”ഓസ്ട്രേലിയയിലെ മൂന്നു ഏകദിനത്തിലും നല്ല സ്കോറാണ് ധോണി നേടിയത്. ഇന്ത്യൻ ക്രിക്കറ്റിനോട് ഇത്രയും ആത്മാർത്ഥയും അർപ്പണ മനോഭാവവും പുലർത്തുന്ന മറ്റൊരു താരമുണ്ടാകില്ല. രാജ്യത്തിന് വളരെയധികം സംഭാവനകൾ നൽകിയ താരമാണ് ധോണി. ബുദ്ധിശാലികളായ ക്രിക്കറ്റ് താരങ്ങളിൽ ഒരാളാണ്. താൻ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് അറിയാൻ കഴിയാത്ത ഒരാളല്ല അദ്ദേഹം. അതുകൊണ്ട് ഒരു ടീം എന്ന നിലയിൽ ധോണി എന്താണോ ചെയ്യുന്നത് അതിൽ ഞങ്ങൾ സന്തുഷ്ടരാണ്,” കോഹ്‌ലി അഭിപ്രായപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook