ദുബായ്: ഐസിസി റാങ്കിങ്ങിൽ ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്സിനെ പിന്തള്ളിയാണ് വിരാട് കോഹ്‌ലി ബാറ്റ്സ്മാൻമാരുടെ പട്ടികയിൽ ഒന്നാം പടിയിൽ എത്തിയത്. 889 പോയിന്റാണ് വിരാട് കോഹ്‌ലിയുടെ സമ്പാദ്യം. ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും ഉയർന്ന പോയിന്റാണ് ഇത്. 1998 ൽ സച്ചിൻ ടെൻഡുൽക്കറിന്റെ 887 പോയിന്രായിരുന്നു ഇതിന് മുൻപത്തെ റെക്കോർഡ്.

ന്യൂസിലൻഡിനെതിരായ 3 ഏകദിനങ്ങളിൽ 263 റൺസാണ് കോഹ്‌ലി അടിച്ച് കൂട്ടിയത്. 2 തകർപ്പൻ സെഞ്ചുറികൾ അടങ്ങുന്നതായിരുന്നു ഇന്ത്യൻ നായകന്റെ പ്രകടനം. അവസാന ഏകദിനത്തിൽ വിരാട് കോഹ്‌ലിയുടെ സെഞ്ചുറി കരുത്തിലാണ് ഇന്ത്യ ന്യൂസിലൻഡിനെ തകർത്തത്. ഇതിനിടെ ഏകദിന ക്രിക്കറ്റിൽ​ അതിവേഗം 9000 റൺസ് നേടുന്ന താരമെന്ന നേട്ടം വിരാട് കോഹ്‌ലി സ്വന്തമാക്കി. 194 ഇന്നിങ്സിൽ നിന്നാണ് വിരാട് കോഹ്‌ലി 9000 റൺസ് പിന്നിടുന്നത്.

ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്സിന്റെ പേരിലുള്ള ലോകറെക്കോർഡാണ് വിരാട് കോഹ്‌ലി മറികടന്നത്. 205 ഇന്നിങ്സുകളിൽ നിന്നാണ് ഡിവില്ലിയേഴ്സ് 9000 റൺസ് ക്ലബിൽ എത്തിയത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോർഡും വിരാട് കോഹ്‌ലി സ്വന്തം പേരിലാക്കി. ഈ വര്‍ഷം 40 മത്സരങ്ങളില്‍ നിന്നാണ് കോഹ്‌ലി ഈ നേട്ടം കരസ്ഥമാക്കിയത്. ദക്ഷിണാഫ്രിക്കന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ഹാഷിം അംല, ഇംഗ്ലണ്ട് താരം ജോ റൂട്ട് എന്നിവരെ പിന്നിലാക്കിയാണ് കോഹ്‌ലി റെക്കോർഡിട്ടത്. രണ്ട് ടെസ്റ്റ് സെഞ്ചുറികളും അഞ്ച് ഏകദിന സെഞ്ചുറികളുമുള്‍പ്പടെ ഈ വര്‍ഷം 2000 റണ്‍സാണ് കോഹ്‌ലി നേടിയത്.

സമീപകാലത്തെ ഇന്ത്യയുടെ ഏകദിന വിജയങ്ങൾക്ക് ചുക്കാൻ പിടിച്ച പേസ് ബൗളർ ജസ്പ്രീത് ബുംറ ബൗളർമാരുടെ പട്ടികയിൽ മൂന്നാം റാങ്കിലെത്തി. ബുംറയുടെ കരിയർ ബെസ്റ്റ് റാങ്കാണിത്. ദക്ഷിണാഫ്രിക്കൻ സ്പിന്നർ ഇമ്രാൻ താഹിറാണ് ബൗളർമാരുടെ പട്ടികയിലെ ഒന്നാമൻ. പാക്കിസ്ഥാൻ പേസർ ഹസൻ അലി രണ്ടാം സ്ഥാനത്തുണ്ട്. ഇടംകൈയൻ സ്പിന്നർ അക്ഷർ പട്ടേലാണ് ബൗളർമാരുടെ പട്ടികയിൽ ആദ്യ പത്തിൽ സ്ഥാനം പിടിച്ച മറ്റൊരു ബൗളർ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ