ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി വീണ്ടും ഒന്നാമത്. ഓസിസ് താരം സ്റ്റീവ് സ്മിത്തിനെ മറികടന്നാണ് കോഹ്‌ലി വീണ്ടും ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തേക്ക് മടങ്ങിയെത്തിയത്. ആഷസ് പരമ്പരയിലെ വെടിക്കെട്ട് പ്രകടനത്തിലൂടെയാണ് സ്‌മിത്ത് ഒന്നാം റാങ്കിലെത്തിയത്. ബംഗ്ലാദേശിനെതിരെ നടത്തിയ മിന്നും പ്രകടനമാണ് കോഹ്‌ലിയെ മുന്നിലെത്തിച്ചത്. ഓസിസ് താരത്തേക്കാൾ അഞ്ചു പോയിന്റ് മുന്നിലാണ് കോഹ്‌ലിയിപ്പോൾ.

Read Also: അന്നു ഞാൻ വയറുനിറയെ കഴിച്ചു; ആ ദിനമോർത്ത് വിരാട് കോഹ്‌ലി

ഒന്നാം സ്ഥാനത്തുള്ള കോഹ്‌ലിക്ക് 928 പോയിന്റാണുള്ളത്. രണ്ടാ സ്ഥാനത്തുള്ള സ്മിത്തിന്റെ അക്കൗണ്ടിൽ 923 പോയിന്റുണ്ട്. കിവീസ് നായകൻ കെയ്ൻ വില്യംസൺ, ഇന്ത്യൻ താരം ചേതേശ്വർ പൂജാര എന്നിവർ മൂന്നും നാലും സ്ഥാനങ്ങൾ നിലനിർത്തി.

പാക്കിസ്ഥാനെതിരെ ട്രിപ്പിൾ സെഞ്ചുറിയുമായി തിളങ്ങിയ ഓസിസ് താരം ഡേവിഡ് വാർണർ അപ്രതീക്ഷിത കുതിപ്പാണ് റാങ്കിങ്ങിൽ നടത്തിയത്. 12 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി വാർണർ അഞ്ചാം റാങ്കിലെത്തി. ഇന്ത്യൻ ഉപനായകൻ അജിങ്ക്യ രഹാനെ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. മാർനസാണ് റാങ്കിങ്ങിൽ നേട്ടമുണ്ടാക്കിയ മറ്റൊരു താരം. ആറു സ്ഥാനങ്ങൾ മെച്ചപ്പെടുത്തി എട്ടാം സ്ഥാനത്തേക്കാണ് ഓസിസുകാരൻ എത്തിയത്.

ബോളർമാരിൽ ഇന്ത്യൻ താരം മുഹമ്മദ് ഷമി നേട്ടമുണ്ടാക്കി. ഒരു സ്ഥാനം മെച്ചപ്പെടുത്തി ആദ്യ പത്തിലെത്താൻ ഷമിക്ക് സാധിച്ചു. ജസ്പ്രീത് ബുംറ അഞ്ചാം സ്ഥാനവും രവിചന്ദ്രൻ അശ്വിൻ ഒമ്പതാം സ്ഥാനവും നിലനിർത്തി. ഉമേഷ് യാദവ്, ഇഷാന്ത് ശർമ എന്നിവരും റാങ്കിൽ നേട്ടമുണ്ടാക്കി. ഓസിസ് താരം പാറ്റ് കമ്മിൻസാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. കഗിസോ റബാഡ രണ്ടാം സ്ഥാനവും നിലനിർത്തി.

ഓൾറൗണ്ടർമാരിൽ ജഡേജ രണ്ടാം സ്ഥാനവും അശ്വിൻ അഞ്ചാം സ്ഥാനവും നിലനിർത്തിയതുൾപ്പടെ ആദ്യ അഞ്ചു റാങ്കിങ്ങുകളിൽ മാറ്റമില്ല. വിൻഡീസ് നായകൻ ജേസൺ ഹോൾഡറാണ് ഒന്നാം സ്ഥാനത്ത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook