സെഞ്ചൂറിയൻ: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ വിജയലക്ഷ്യവുമായി ഇറങ്ങുന്ന ടീം ഇന്ത്യയിൽ അജിങ്ക്യ രഹാനെയ്ക്ക് ഇടം നൽകുമെന്ന് പറയാൻ സാധിക്കില്ലെന്ന് വിരാട് കോഹ്‌ലി. ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായ അജിങ്ക്യ രഹാനെയെ ആദ്യ ടെസ്റ്റിൽ കളിപ്പിക്കാതിരുന്നതിനെ തുടർന്നുള്ള വിവാദത്തെ കോഹ്‌ലി പരിഹസിച്ചു.

“രഹാനെയ്ക്ക് വേണ്ടിയുള്ള മുറവിളി തമാശ പോലെയാണ്. ഒരാഴ്ച മുൻപ് രഹാനെയെ ഒഴിവാക്കണമെന്ന് വാദിച്ചവരാണ് ഇപ്പോൾ മുറവിളി കൂട്ടുന്നത്. രോഹിത് ശർമ്മയെ ഫോം കണക്കിലെടുത്താണ് ടീമിലെടുത്തത്”, ഇന്ത്യൻ നായകൻ പറഞ്ഞു.

എന്നാൽ രണ്ടാം ടെസ്റ്റിൽ അജിങ്ക്യ രഹാനെ കളിക്കുമോയെന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായ ഉത്തരം നൽകിയില്ല. “രഹാനെ കളിക്കുമോ ഇല്ലേയെന്ന് ഇപ്പോൾ പറയാനാകില്ല”, എന്നായിരുന്നു ഈ ചോദ്യത്തിന് മറുപടി. സെഞ്ചൂറിയനിൽ ഇന്നലെ നടത്തിയ പത്രസമ്മേളനത്തിലാണ് ഇന്ത്യൻ നായകന്റെ പ്രതികരണം.

അതേസമയം ഇന്ത്യൻ ടീമിൽ പുറത്തുനിന്നുള്ളവരുടെ അഭിപ്രായം പരിഗണിച്ചല്ല ടീമിനെ തീരുമാനിക്കുന്നതെന്ന് മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുടെ വിമർശനത്തിന് മറുപടിയായി വിരാട് കോഹ്‌ലി പറഞ്ഞു.

“ടീം ഘടനയ്ക്ക് അനുയോജ്യരായ താരങ്ങളെയാണ് അന്തിമ ഇലവനിൽ ഉൾപ്പെടുത്തുന്നത്. ഇതിൽ പുറത്തുനിന്നാരും അഭിപ്രായം പറയേണ്ട കാര്യമില്ല. ഇക്കാര്യം ടീമിന് അകത്ത് തന്നെ തീരുമാനിച്ചു കൊള്ളാം”, കോഹ്‌ലി കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ