ഇന്നേത് റെക്കോര്‍ഡാണ് തകര്‍ക്കുക എന്ന ചോദ്യവുമായാണ് ഓരോ തവണയും വിരാട് കോഹ്‌ലി ക്രീസിലേക്ക് എത്തുന്നത്. ഫോര്‍മാറ്റ് ഏതായാലും കളിക്കുന്നത് നാട്ടിലായാലും വിദേശത്ത് ആയാലുമെല്ലാം വിരാടിന് ഒരുപോലെയാണ്. വിരാടിന്റെ സ്ഥിരതയെ അഭിനന്ദിച്ച ഇതിഹാസ താരം സ്റ്റീവ് വോ പക്ഷെ ഒരു റെക്കോര്‍ഡ് വിരാടിന് ഒരിക്കലും തര്‍ക്കാനാകില്ലെന്നും പറയുന്നു.

61 സെഞ്ചുറികളാണ് വിരാടിന് ഇതുവരെയുള്ള സമ്പാദ്യം. സച്ചിന്റെ 100 സെഞ്ചുറികളെന്ന നേട്ടത്തിലേക്ക് എത്താന്‍ 39 സെഞ്ചുറികളുടെ അകലമുണ്ട്. എന്നാല്‍ വിരാട് സച്ചിനെ മറി കടക്കുമെന്നാണ് താരത്തിന്റെ ഫോം കണക്കിലെടുത്ത് ക്രിക്കറ്റ് പണ്ഡിതരെല്ലാം പറയുന്നത്. എന്നാല്‍ ഒരാളുടെ റെക്കോര്‍ഡ് മാത്രം വിരാടിന് തിരുത്താനാകില്ലെന്ന് സ്റ്റീവ് വോ പറയുന്നു, ഡോണ്‍ ബ്രാഡ്മാന്റെ റെക്കോര്‍ഡ് ആണത്.

വിരാടിന്റെ ബാറ്റിങ്ങിനേയും സ്ഥിരതയേയും അഭിനന്ദിച്ച വോ പക്ഷെ ബ്രാഡ്മാന്റെ ആവറേജ് വിരാടിന് തകര്‍ക്കാനാകാത്ത റെക്കോര്‍ഡാണെന്നാണ് അഭിപ്രായപ്പെടുന്നത്. ”കളിയോട് അഭിനിവേശവും ദാഹവും വിരാടിനുണ്ട്. ഫിറ്റ്‌നസുമുണ്ട്. പരുക്ക് പറ്റാതെ നോക്കുകയാണെങ്കില്‍ ബ്രാഡ്മാന്റെ ആവറേജ് ഒഴികെ എല്ലാ റെക്കോര്‍ഡും വിരാടിന് തകര്‍ക്കാനാകും” എന്നായിരുന്നു വോ പറഞ്ഞത്.

ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തേയും മഹാനായ ബാറ്റ്‌സ്മാനാണ് ബ്രാഡ്മാന്‍. 52 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള ബ്രാഡ്മാന്റെ ആവറേജ് 99.94 ആണ്. 29 സെഞ്ചുറികളുമുണ്ട്. ഇന്ന് മത്സരങ്ങളുടെ എണ്ണം കൂടുതലായതിനാല്‍ സ്ഥിരത പുലര്‍ത്തുക ഏറെ പ്രയാസമാണ്. അതുകൊണ്ട് തന്നെ ബ്രാഡ്മാന്റെ റെക്കോര്‍ഡ് തകര്‍ക്കുക അസാധ്യമാണെന്നും വോ പറയുന്നു.

നിലവില്‍ ഇന്ത്യന്‍ നായകന്റെ ആവറേജ് 54.58 ആണ്. 73 ടെസ്റ്റുകളാണ് വിരാട് കളിച്ചിട്ടുള്ളത്. 6331 റണ്‍സും എടുത്തിട്ടുണ്ട്. ഇതില്‍ 24 സെഞ്ചുറികളുമുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook