പെര്‍ത്ത്: ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി സെഞ്ചുറി നേടുന്നതും റെക്കോര്‍ഡ് തിരുത്തുന്നതുമൊന്നും ഇന്നൊരു വലിയ സംഭവമല്ലാതായി മാറിയിരിക്കുകയാണ്. ഓരോ മത്സരം കഴിയുന്തോറും അനേകം റെക്കോര്‍ഡുകള്‍ തിരുത്തിയും പുതു ചരിത്രം കുറിച്ചും വിരാട് മുന്നേറുകയാണ്. പെര്‍ത്തിലും വിരാട് ഒരുപിടി റെക്കോര്‍ഡുകള്‍ തിരുത്തി.

വിരാട് ബാറ്റുമായി ക്രീസിലേക്ക് എത്തുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 8-2 എന്ന നിലയിലായിരുന്നു. അവിടെ നിന്നും ടീമിനെ വിരാട് മുന്നില്‍ നിന്നും നയിച്ച് ഭേദപ്പെട്ട നിലയിലേക്ക് എത്തിക്കുകയായിരുന്നു. 257 പന്തുകള്‍ നേരിട്ട് 123 റണ്‍സാണ് വിരാട് നേടിയത്. 13 ഫോറും ഒരു സിക്‌സും ഇതിലുള്‍പ്പെടും.

പെര്‍ത്തില്‍ വിരാട് നേടിയത് ഓസീസ് മണ്ണിലെ തന്റെ പത്താം സെഞ്ചുറിയാണ്. ഓസീസ് മണ്ണില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയിട്ടുള്ള താരമായി ഇതോടെ വിരാട് മാറി. മറി കടന്നത് ഒമ്പത് സെഞ്ചുറികള്‍ നേടിയ ജാക്ക് ഹോബ്ബ്‌സിനേയും ഡേവിഡ് ഗോവറിനേയുമാണ്.

വിരാടിന്റെ ഓസ്‌ട്രേലിയയിലെ ആറാം ടെസ്റ്റ് സെഞ്ചുറിയാണ് ഇന്ന് പിറന്നത്. ഓസ്‌ട്രേലിയയില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ചുറി എന്ന റെക്കോര്‍ഡില്‍ മൂന്നാം സ്ഥാനം സച്ചിനൊപ്പം പങ്കിടുകയാണ് ഇതോടെ വിരാട്. ഒന്നാമതുള്ളത് ഒമ്പത് സെഞ്ചുറി നേടിയ ഇംഗ്ലണ്ട് താരങ്ങളായ ജാക്ക് ഹോബ്ബ്‌സും വാല്ലി ഹാമണ്ട്‌സുമാണ്.

നായകനായി വിരാടിന്റെ നാലാമത്തെ ടെസ്റ്റ് സെഞ്ചുറിയാണ് ഇന്ന് പെര്‍ത്തില്‍ അദ്ദേഹം നേടിയത്. ഓസ്‌ട്രേലിയയില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ചുറി നേടുന്ന വിദേശ ടീം നായകന്‍ എന്ന റെക്കോര്‍ഡില്‍ ക്ലൈവ് ലോയ്ഡിനൊപ്പമെത്തി വിരാട് ഇതോടെ. പക്ഷെ ലോയ്ഡ് കോഹ്‌ലിയേക്കാള്‍ 21 ഇന്നിങ്‌സ് അധികം കളിച്ചിട്ടുണ്ട് ഓസ്‌ട്രേലിയയില്‍.

എല്ലാ ഫോര്‍മാറ്റിലുമായി ക്യാപ്റ്റനെന്ന നിലയില്‍ കോഹ്‌ലിയുടെ പേരില്‍ 34 സെഞ്ചുറികളുണ്ട്. ഈ നേട്ടത്തില്‍ മുന്നിലുളളത് സാക്ഷാല്‍ റിക്കി പോണ്ടിങ് മാത്രമാണ്. പിന്നിലാക്കിയത് ദക്ഷിണാഫ്രിക്കയുടെ മുന്‍ നായകന്‍ ഗ്രെയിം സ്മിത്തിനെയാണ്. സ്മിത്തിന് 33 സെഞ്ചുറികളുണ്ട്.

ടെസ്റ്റില്‍ 25 സെഞ്ചുറികള്‍ അതിവേഗം നേടിയവരുടെ പട്ടികയില്‍ സാക്ഷാല്‍ ബ്രാഡ്മാന് പിന്നിലും സച്ചിന് മുന്നിലുമായി രണ്ടാമതാണ് കോഹ്‌ലി. 127 ഇന്നിങ്‌സുകളില്‍ നിന്നുമാണ് കോഹ്‌ലി 25 സെഞ്ചുറികള്‍ നേടിയത്. ബ്രാഡ്മാന്‍ ഈ നേട്ടത്തിലെത്തിയത് വെറും 68 ഇന്നിങ്‌സുകളില്‍ നിന്നുമാണ്. സച്ചിന്‍ 130 ഇന്നിങ്‌സുകളുമെടുത്തു.

നാലാമനായി ഇറങ്ങി അതിവേഗം 5000 കടക്കുന്ന താരം എന്ന റെക്കോര്‍ഡും ഇനി കോഹ്‌ലിയുടെ പേരിലാണ്. 86 ഇന്നിങ്‌സുകളില്‍ നിന്നുമാണ് കോഹ്‌ലി 5000 കടന്നത്. അതിവേഗം 5000 കടക്കുന്നതില്‍ രണ്ടാമതുമാണ് വിരാട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook