ലണ്ടൻ: ചാംപ്യൻസ് ട്രോഫി മത്സരങ്ങൾ പുരോഗമിക്കുന്നതിനിടെ പുറത്തിറക്കിയ അന്താരാഷ്ട്ര റാങ്കിംഗിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി വീണ്ടും ഒന്നാമത്. ചൊവ്വാഴ്ച പുറത്തിറക്കിയ അന്താരാഷ്ട ഏകദിന റാങ്കിംഗിലാണ് ഒന്നാം നമ്പർ ബാറ്റ്സ്‌മാൻ എന്ന ഖ്യാതിയിലേക്ക് ഇന്ത്യൻ നായകൻ തിരിച്ചെത്തിയത്. ഓസ്ട്രേലിയയുടെ മുൻനിര പേസ് ബൗളർ ജോഷ് ഹേസിൽവുഡാണ് ബൗളിംഗ് റാങ്കിംഗിൽ ഒന്നാമതുള്ളത്.

ചാംപ്യൻസ് ട്രോഫി ആരംഭിച്ചപ്പോൾ ബാറ്റിംഗ് റാങ്കിംഗിൽ മൂന്നാം സ്ഥാനത്തായിരുന്നു ഇന്ത്യൻ നായകൻ. ദക്ഷിണാഫ്രിക്കയുടെ നായകൻ എബി ഡിവില്ലിയേഴ്സായിരുന്നു പട്ടികയിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്. ടൂർണമെന്റിന്റെ തുടക്കത്തിൽ ഡിവില്ലിയേഴ്‌സിനേക്കാൾ 22 പോയിന്റ് പുറകിലായിരുന്ന കോഹ്ലി ഇന്ത്യ സെമിയിലേക്ക് കടന്നതോടെ ഒന്നാമതെത്തി.

ഗ്രൂപ്പ് മത്സരത്തിൽ കഴിഞ്ഞ ദിവസം ഇന്ത്യയോട് പരാജയപ്പെട്ട് ദക്ഷിണാഫ്രിക്ക പുറത്ത് പോയിരുന്നു. ബാറ്റിംഗിൽ തിളങ്ങാൻ സാധിക്കാതിരുന്നതും ഡിവില്ലിയേഴ്സിന് വീഴ്ചയായി. അതേസമയം ഗ്രൂപ്പ് തലത്തിൽ മൂന്ന് മത്സരത്തിൽ നിന്ന് രണ്ട് അർദ്ധസെഞ്ച്വറികളാണ് പുറത്താകാതെ വിരാട് കോഹ്ലി നേടിയത്. ടീമിന്റെ വിജയത്തിൽ രണ്ട് മത്സരത്തിലും നിർണ്ണായക പങ്ക് വഹിച്ച കോഹ്ലി പക്ഷെ ശ്രീലങ്കയ്ക്കെതിരെ പൂജ്യത്തിന് പുറത്തായി.

2017 ഫെബ്രുവരി മുതൽ ഡിവില്ലിയേഴ്സാണ് ഐസിസി റാങ്കിംഗിൽ ഒന്നാമതുണ്ടായിരുന്നത്. ഓസ്ട്രേലിയയുടെ ഡേവിഡ് വാർണറാണ് ഐസിസി റാങ്കിംഗിൽ രണ്ടാമതുണ്ടായിരുന്നത്. ഇപ്പോൾ വാർണറേക്കാൾ ഒരു പോയിന്റ് വ്യത്യാസം മാത്രമാണ് കോഹ്ലിക്കുള്ളത്.

ചാംപ്യൻസ് ട്രോഫിയിൽ ഇതുവരെ ഒരു സെഞ്ചുറിയും രണ്ട് അർദ്ധസെഞ്ച്വറികളും നേടിയ ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ റാങ്കിംഗിൽ ആദ്യ പത്തിൽ ഇടം നേടി. 88ാം സ്ഥാനത്തേക്ക ഉയർന്ന യുവ്‌രാജ് സിംഗും റാങ്കിംഗ് മെച്ചപ്പെടുത്തി.

ടൂർണ്ണമെന്റിലെ മികച്ച പ്രകടനത്തെ തുടർന്ന് 13 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ ഭുവനേശ്വർ കുമാർ 23ാം റാങ്കിലെത്തി. അഫ്ഗാനിസ്ഥാൻ താരം ഹംസ ഹോതകുമായി റാങ്ക് പങ്കിടുകയാണ് ഭുവനേശ്വർ കുമാർ. എന്നാൽ രവിചന്ദ്ര അശ്വിൻ 20 ലേക്കും രവീന്ദ്ര ജഡേജ 29ാം സ്ഥാനത്തേക്കും വീണു.

അതേസമയം ഓൾ റൗണ്ടർമാരുടെ പട്ടികയിൽ യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. പാക്കിസ്ഥാനെതിരെ മിന്നുന്ന വിജയം നേടിയ ഇന്ത്യ ശ്രീലങ്കയ്ക്കെതിരെ അപ്രതീക്ഷിത തോൽവി വഴങ്ങിയിരുന്നു. പിന്നീലെ ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യ സെമിയിലേക്ക് കടക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ