വീണ്ടും ലോകത്തിന്റെ നെറുകയില്‍ വിരാട്; ഒരു പോയിന്റ് അകലെ കാത്തിരിക്കുന്നത് ഇതിഹാസ നേട്ടം

ഒരു പോയിന്‍റ് അകലെ വിരാടിനെ കാത്തിരിക്കുന്നത് സച്ചിനടക്കമുള്ള ഇതിഹാസ താരങ്ങള്‍ക്ക് പോലും എത്തിപ്പിടിക്കാനാവാത്ത നേട്ടമാണ്

നോട്ടിങ്ഹാം: മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയതിന് പിന്നാലെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെ തേടി മറ്റൊരു നേട്ടവും. ടെസ്റ്റ് ബാറ്റ്‌സ്മാന്മാരുടെ റാങ്കിങ്ങില്‍ കഴിഞ്ഞ ദിവസം നഷ്ടമായ ഒന്നാം സ്ഥാനം ഈ ടെസ്‌റ്റോടു കൂടി വിരാട് തിരിച്ചു പിടിച്ചിരിക്കുകയാണ്. ആദ്യ ഇന്നിങ്സില്‍ നേടിയ 97 റണ്‍സും രണ്ടാം ഇന്നിങ്സിലെ സെഞ്ചുറിയുമാണ് വിരാടിനെ വീണ്ടും ഒന്നാമതെത്തിച്ചത്.

മത്സരത്തില്‍ 203 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. പ്ലെയര്‍ ഓഫ് ദ മാച്ചും വിരാട് തന്നെയായിരുന്നു. നിലവില്‍ 937 പോയിന്റാണ് വിരാടിനുള്ളത്. വിരാടിന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന പോയിന്റാണിത്. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന് ശേഷമായിരുന്നു വിരാട് നേരത്തെ ഒന്നാമതെത്തുന്നത്. 149 റണ്‍സ് നേടിയ പ്രകടനമാണ് വിരാടിനെ ഒന്നാമതെത്തിച്ചത്. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ പ്രകടനം മോശമായതോടെ വിരാട് സ്റ്റീവ് സ്മിത്തിന് പിന്നിലേക്ക് പോയി.

അതേസമയം, വിരാടിനെ കാത്തിരിക്കുന്നത് മറ്റൊരു അതുല്യ നേട്ടവും കൂടിയാണ്. ഒരു പോയിന്റും കൂടെ നേടിയാല്‍ വിരാട് ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ ആദ്യ പത്തു പേരില്‍ എത്തും. ബ്രാഡ്മാന്‍ തലപ്പത്തുള്ള പട്ടികയില്‍ രണ്ടാമതാണ് സ്മിത്തുള്ളത്. ബ്രാഡ്മാന് 961 പോയിന്റും സ്മിത്തിന് 947 പോയിന്റുമാണുള്ളത്. 938 പോയിന്റുമായി കുമാര്‍ സംഗക്കാരയും വിവിയന്‍ റിച്ചാര്‍ഡ്‌സും ഗാരി സോബേഴ്‌സും വാല്‍ക്കോട്ടുമാണ് പത്താമതുളളത്. ലിസ്റ്റില്‍ ഒരു ഇന്ത്യന്‍ താരം പോലുമില്ല.

അതേസമയം, നേട്ടമുണ്ടാക്കിയ മറ്റൊരു ഇന്ത്യന്‍ താരം ഹാര്‍ദ്ദിക് പാണ്ഡ്യയാണ്. ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ 27 പോയിന്റിന്റെ മുന്നേറ്റമുണ്ടാക്കിയ പാണ്ഡ്യ 17-ാമതെത്തി. ഫിഫ്റ്റിയും അഞ്ച് വിക്കറ്റ് നേട്ടവുമാണ് പാണ്ഡ്യയ്ക്ക് നേട്ടമായത്. അതേസമയം ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് റാങ്കിങ്ങില്‍ പിന്നോട്ട് പോയി. അഞ്ചാമതാണ് ഇപ്പോള്‍ റൂട്ട്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Virat kohli reclaims top position in icc test batting rankings

Next Story
മെഡല്‍ കിലുക്കം; ഷൂട്ടിങ്ങില്‍ ഷാര്‍ദുലിന് വെള്ളി, ടെന്നീസില്‍ അങ്കിതയ്ക്ക് റെക്കോര്‍ഡ് വെങ്കലം
The moderation of comments is automated and not cleared manually by malayalam.indianexpress.com