മികച്ച രാജ്യാന്തര ക്രിക്കറ്റ് താരത്തിന് ബിസിസിഐ നൽകുന്ന പോളി ഉമ്രിഗർ അവാർഡ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി ഏറ്റുവാങ്ങി. ഭാര്യ അനുഷ്‌ക ശര്‍മ്മയ്ക്കൊപ്പമാണ് കോഹ്‌ലി പുരസ്കാരം സ്വീകരിക്കാനെത്തിയത്. ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയും ചടങ്ങില്‍ പങ്കെടുത്തു. ഭാര്യ കൂടെ ഉള്ളതുകൊണ്ട് ഇത് ഏറെ പ്രത്യേകത നിറഞ്ഞതാണെന്ന് കോഹ്‌ലി പറഞ്ഞു. മാക് പട്ടൗഡി മെമ്മോറിയല്‍ ലെക്ചറിലാണ് പുരസ്കാരം സമ്മാനിച്ചത്.

കഴിഞ്ഞ രണ്ട് സീസണുകളിൽ (2016-17, 2017-18) രാജ്യാന്തര ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് കോഹ്‌ലിയെ അവാർഡിന് അർഹനാക്കിയത്.

2016-17 സീസണിൽ ഇന്ത്യക്കായി 1332 റൺസ് നേടാൻ കോഹ്‌ലിക്ക് കഴിഞ്ഞിട്ടുണ്ട്. 13 ടെസ്റ്റ് മൽസരങ്ങളിൽ നിന്ന് 74 റൺസ് ശരാശരിയോടെയാണ് ഇത്. അതേസമയം ഏകദിനത്തിലും കോഹ്‌ലിയുടേത് മികച്ച റെക്കോർഡാണ്. 27 ഏകദിനങ്ങളിൽ നിന്ന് 84.22 റൺസ് ശരാശരിയോടെ 1516 റൺസാണ് ഇന്ത്യൻ ക്യാപ്റ്റൻ അടിച്ചുകൂട്ടിയത്. കഴിഞ്ഞ സീസണിലും (2017-18) കോഹ്‌ലി തന്റെ മാരക ഫോം തുടർന്നു. ആറു ടെസ്റ്റ് മൽസരങ്ങളിൽ മാത്രമാണ് കളിക്കാനായതെങ്കിലും 89.6 റൺസ് ശരാശരിയോടെ 896 റൺസ് നേടാൻ താരത്തിന് കഴിഞ്ഞു.

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം താരങ്ങളായ സ്‌മൃതി മന്ദാനക്കും ഹർമൻപ്രീത് കൗറിനും അവാർഡുകൾ ലഭിച്ചു. കഴിഞ്ഞ സീസണുകളിൽ മികച്ച പ്രകടനം കാഴ്‌ച വച്ച ഇരുവരും മികച്ച രാജ്യാന്തര വനിതാ ക്രിക്കറ്റർക്കുള്ള അവാർഡിനാണ് അർഹരായത്. 2016-17 സീസണിലെ മികച്ച വനിതാ രാജ്യാന്തര ക്രിക്കറ്റർക്കുള്ള അവാർഡാണ് ഹർമൻപ്രീത് കൗറിന് ലഭിച്ചത്. അതേസമയം 2017-18 സീസണിലെ മികച്ച വനിതാ ക്രിക്കറ്റർക്കുള്ള അവാർഡാണ് സ്‌മൃതി മന്ദാനക്ക് ലഭിച്ചത്.

ഇംഗ്ലണ്ടിൽ നടന്ന വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ഓപ്പണറായി ഇറങ്ങി ഒന്നിലധികം മൽസരങ്ങളിൽ മികച്ച സ്കോറുകൾ കണ്ടെത്തിയ സ്‌മൃതി മന്ദാന വലിയരീതിയിൽ വാർത്തകളിലിടം പിടിച്ചിരുന്നു. ബാറ്റിങ്ങിൽ മികച്ച പ്രകടനം തുടരുന്ന ഹർമൻപ്രീത് കൗറിന് ബോളിങ്ങിലും ഒരുപോലെ തിളങ്ങാൻ സാധിച്ചിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ