ക്രിക്കറ്റ് ലോകത്ത് പുതിയ റെക്കോർഡുകൾ വാരിക്കൂട്ടി ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെ ജൈത്രയാത്ര തുടരുകയാണ്. ക്രിക്കറ്റിലെ കോഹ്‌ലിയുടെ സംഭാവനകൾക്ക് രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം നൽകിയാണ് രാജ്യം ആദരിച്ചത്. സച്ചിൻ തെൻഡുൽക്കർക്കും മഹേന്ദ്ര സിങ് ധോണിക്കുംശേഷം പുരസ്കാരം സ്വന്തമാക്കുന്ന മൂന്നാമത്തെ ക്രിക്കറ്റ് താരമാണ് കോഹ്‌ലി.

ലോകത്തിലെ തന്നെ മികച്ച ക്രിക്കറ്റ് താരങ്ങളിൽ ഒരാളായി കോഹ്‌ലി അറിയപ്പെടുമ്പോഴും അവിടേക്ക് എത്താനുളള ദൂരം കോഹ്‌ലി താണ്ടിയത് വേദനകളും കഷ്ടപ്പാടുകളും അനുഭവിച്ചാണ്. മകൻ ഒരു ക്രിക്കറ്റ് താരമാകണമെന്ന് ആഗ്രഹിച്ചത് കോഹ്‌ലിയുടെ അച്ഛൻ പ്രേം കോഹ്‌ലിയാണ്. തന്റെ ആഗ്രഹം പോലെ മകൻ ലോകം അറിയപ്പെടുന്ന ക്രിക്കറ്റ് താരമായപ്പോൾ അത് കാണാൻ ആ പിതാവിന് സാധിച്ചില്ല. അച്ഛന്റെ മരണം വേദനയോടെയാണ് ഉൾക്കൊണ്ടതെങ്കിലും അദ്ദേഹത്തിന്റെ സ്വപ്നം സഫലമാക്കാൻ അതെനിക്ക് കരുത്തു പകർന്നുവെന്നാണ് കോഹ്‌ലി പറഞ്ഞിരിക്കുന്നത്.

നാഷണൽ ജിയോഗ്രാഫിക് ചാനലിൽ ഉടൻ പ്രക്ഷേപണം ചെയ്യാൻ പോകുന്ന സീരീസ് ‘മെഗ് ഐക്കൺസി’ലാണ് കോഹ്‌ലി അച്ഛന്റെ മരണ നിമിഷങ്ങളെക്കുറിച്ച് ഓർത്തെടുത്തത്. ”എന്റെ കരങ്ങളിലാണ് അത് സംഭവിച്ചത്. സമയം പുലർച്ചെ മൂന്നു മണിയായിരുന്നു. രഞ്ജി ട്രോഫി മൽസരം നടക്കുന്ന സമയമായിരുന്നു. രാത്രി വൈകിയും കളി നീണ്ടിരുന്നു. ഞാൻ 40 റൺസെടുത്ത് പുറത്താകാതെ നിന്നു. അടുത്ത ദിവസം രാവിലെ ബാറ്റിങ്ങിനായി എനിക്ക് പോകണം. നാലുദിവസത്തെ രഞ്ജി ട്രോഫി ടൂർണമെന്റാണ്. അച്ഛന് സുഖമില്ലാതായപ്പോൾ ഡോക്ടറുടെയും അയൽവാസികളുടെയും സഹായത്തിന് ശ്രമിച്ചു. പക്ഷേ രാത്രിയിൽ ആരും പ്രതികരിച്ചില്ല. ആംബുലൻസ് അടക്കം എല്ലാം എത്തിയപ്പോഴേക്കും എല്ലാം അവസാനിച്ചിരുന്നു”, കോഹ്‌ലി പറഞ്ഞു.

”അച്ഛന്റെ മരണശേഷമാണ് ക്രിക്കറ്റിൽ കൂടുതൽ ഞാൻ ശ്രദ്ധ കേന്ദ്രീകരിച്ചത്. അച്ഛന്റെ സ്വപ്നം നിറവേറ്റുക എന്ന ഒരൊറ്റ ലക്ഷ്യം മാത്രമേ പിന്നെ എനിക്കുണ്ടായിരുന്നുളളൂ”, കോഹ്‌ലി പറഞ്ഞു. സെപ്റ്റംബർ 24 ന് 9 മണിക്കാണ് കോഹ്‌ലി പങ്കെടുക്കുന്ന എപ്പിസോഡ് നാഷണൽ ജിയോഗ്രാഫിക് ചാനലിൽ സംപ്രേക്ഷണം ചെയ്യുക.

രഞ്ജി ട്രോഫിയിൽ ഡൽഹിയും കർണാടകയും തമ്മിലായിരുന്നു മൽസരം. അച്ഛൻ മരിച്ചതിനാൽ കോഹ്‌ലി പിറ്റേന്ന് കളിക്കാൻ വരില്ലെന്നാണ് സഹതാരങ്ങൾ കരുതിയത്. പക്ഷേ ക്രിക്കറ്റിൽ എപ്പോഴും പ്രൊഫഷണലായ കോഹ്‌ലി കളിക്കളത്തിലെത്തുകയും 90 റൺസെടുത്ത് ഡൽഹിയെ കരകയറ്റുകയും ചെയ്തു. അന്ന് കോഹ്‌ലിക്ക് പ്രായം 18 വയസ്സായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ