ഫിറ്റ്നസിന്റെ കാര്യത്തിൽ കായിക താരങ്ങളുടെയിടയിൽ എന്നും മുൻനിരയിൽ തന്നെയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്‌ലി. ഇന്ത്യൻ ടീമിൽ തന്നെ വലിയ മാറ്റങ്ങൾ വരുത്താൻ കോഹ്‌ലിക്ക് സാധിച്ചിട്ടുണ്ട്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കളി മൈതാനങ്ങളെല്ലാം നിശ്ചലമായതോടെ താരങ്ങളെല്ലാം വീടിനുള്ളിൽ തന്നെയാണ് പരിശീലനവും വർക്ക്ഔട്ടുമെല്ലാം. ലോക്ക്ഡൗണാണെങ്കിലും ഫിറ്റ്നസിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും കോഹ്‌ലി തയ്യാറല്ല. അത്തരത്തിൽ ലോക്ക്ഡൗണിൽ വർക്ക്ഔട്ട് ചെയ്യുന്ന വീഡിയോ കോഹ്‌ലി കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു.
“എല്ലാ ദിവസവും ചെയ്യാൻ എനിക്ക് ഒരു വ്യായാമം തിരഞ്ഞെടുക്കേണ്ടിവന്നാൽ, ഇതായിരിക്കും. പവർ സ്നാച്ചിനെ സ്നേഹിക്കുക” എന്ന അടിക്കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവച്ചത്. ഇതിന് കമന്റായിട്ടാണ് മുൻ ഇംഗ്ലീഷ് താരവും കമന്റേറ്ററുമായ കെവിൻ പീറ്റേഴ്സൻ എത്തിയത്. ഒരു ബൈക്കിൽ കയറാനായിരുന്നു പീറ്റേഴ്സൻ പറഞ്ഞത്.
Also Read: ഇന്ത്യയുടെ ലോകകപ്പ് വിജയം: ഫൈനലിലെ ഒത്തുകളി ആരോപണത്തിൽ അന്വേഷണം അവസാനിപ്പിച്ച് ശ്രീലങ്കൻ പൊലീസ്
എന്നാൽ പീറ്റേഴ്സന് മറുപടിയുമായി ഉടൻ തന്നെ കോഹ്‌ലി എത്തി. ക്രിക്കറ്റ് താരങ്ങൾക്കിടയിൽ നല്ല നർമ്മബോധമുള്ള വ്യക്തിയാണ് കോഹ്‌ലി. പലപ്പോഴും രസകരമായ കമന്റുകളിലൂടെ താരം ആരാധകരെയും സഹ കളിക്കാരെയും ഞെട്ടിക്കാറുണ്ട്. വിരമിച്ച ശേഷം ബൈക്ക് ഓടിക്കാനുള്ള കെവിന്റെ നിർദേശത്തെക്കുറിച്ച് ചിന്തിക്കുമെന്നായിരുന്നു പീറ്റേഴ്സനുള്ള കോഹ്‌ലിയുടെ മറുപടി.
Also Read: ഉപദേശിക്കാനെത്തിയ കോച്ചിന്റെ കഴുത്തിൽ കത്തിവച്ച പാക് താരം; വെളിപ്പെടുത്തൽ
ഇതിന് മുമ്പും പരസ്പരം സമൂഹമാധ്യമങ്ങളിലൂടെ തമശയ്ക്കാണെങ്കിലും ഏറ്റുമുട്ടുന്നവരാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയും മുൻ ഇംഗ്ലീഷ് താരം പീറ്റേഴ്സനും. ലോക്ക്ഡൗണിന്റെ ആദ്യ ദിവസങ്ങളിൽ താടിയിലുള്ള ചിത്രം പങ്കുവച്ച കോഹ്‌ലിക്ക് താടി വടിക്കൂ എന്നായിരുന്നു പീറ്റേഴ്സന്റെ കമന്റ്. അധികം വൈകാതെ തന്നെ പീറ്റേഴ്സന് മറുപടിയുമായി കോഹ്‌ലിയെത്തി. “നിങ്ങളുടെ ടിക്ടോക് വീഡിയോകളെക്കാൾ കൊള്ളാം” എന്നായിരുന്നു കോഹ്‌ലി മറുപടി നൽകിയത്.