വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ കോഹ്‌ലിക്ക് റൺസൊന്നും നേടാനായില്ല. മൂന്നാമനായി ഇറങ്ങിയ കോഹ്‌ലി ആദ്യ ബോളിൽതന്നെ ഔട്ടാവുകയായിരുന്നു. മൈതാനത്ത് റൺസൊന്നും നേടാനായില്ലെങ്കിലും പവലിയനിലിരുന്ന് ടീമംഗങ്ങൾക്ക് കോഹ്‌ലി പ്രോത്സാഹനം നൽകുന്നുണ്ടായിരുന്നു.
റിഷഭ് പന്തും ശ്രേയസ് അയ്യരും ചേർന്ന കൂട്ടുകെട്ട് വെടിക്കെട്ട് ബാറ്റിങ് നടത്തുമ്പോൾ കോഹ്‌ലി ആവേശത്തോടെ കയ്യടിക്കുന്നുണ്ടായിരുന്നു. കോഹ്‌ലിയുടെ മറ്റൊരു വീഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്. അർധ സെഞ്ചുറി തികച്ചെന്നു കരുതി ആഘോഷിച്ച ശ്രേയസ് അയ്യരോട് അതിനുളള സമയമായിട്ടില്ലെന്നു പറയുന്ന കോഹ്‌ലിയുടെ വീഡിയോയാണിത്.
Read Also: അത് നിഗൂഢമായി തുടരട്ടെ, സെഞ്ചുറി ആഘോഷത്തെക്കുറിച്ച് കെ.എൽ.രാഹുൽ
48-ാം ഓവറിന്റെ രണ്ടാം ബോളിൽ സിംഗിളെടുത്ത ശ്രേയസ് അയ്യർ അർധ സെഞ്ചുറി തികച്ചെന്നു കരുതി ബാറ്റ് ഉയർത്തിക്കാട്ടി. പക്ഷേ അർധ സെഞ്ചുറിയാകാൻ ഒരു റൺസ് കൂടി വേണമായിരുന്നു. ഇതു മനസിലാക്കിയ കോഹ്‌ലിയും ടീം അംഗങ്ങളും പവലിയനിൽനിന്നും ഇക്കാര്യം ആംഗ്യത്തിലൂടെ ശ്രേയസ് അയ്യരോട് പറയുകയായിരുന്നു. കോഹ്‌ലിയാകട്ടെ നേരത്തെയുളള ആഘോഷം നിർത്താൻ ശ്രേയസ് അയ്യർക്ക് സിഗ്നൽ നൽകുകയും ചെയ്തു.
Shreyas Iyer raises his bat on 49
Watch “Iyer” on #Vimeo https://t.co/ujUkFXAYo2— Sanjeev kumar (@SanjSam33) December 18, 2019
വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യ ഒപ്പമെത്തിയിട്ടുണ്ട്. വിശാഖപട്ടണത്ത് നടന്ന രണ്ടാം മത്സരത്തിൽ 107 റൺസിനാണ് ഇന്ത്യ വിൻഡീസിനെ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയർത്തിയ 388 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസിന് 280 റൺസെടുക്കാനെ കഴിഞ്ഞുള്ളു. ബാറ്റിങ്ങിൽ ഓപ്പണർമാരായ രോഹിത് ശർമയുടെയും കെ.എൽ.രാഹുലിന്റെയും സെഞ്ചുറിയും, ശ്രേയസ് അയ്യരുടെ അർധ സെഞ്ചുറിയും, ബോളിങ്ങിൽ കുൽദീപ് യാദവിന്റെ ഹാട്രിക് വിക്കറ്റ് നേട്ടവുമാണ് ഇന്ത്യൻ വിജയം അനായാസമാക്കിയത്.