നീണ്ട കാത്തിരിപ്പിനൊടുവില്‍ സെഞ്ചുറി ഇന്നിംങ്‌സുമായി വിരാട് കോഹ്ലി. ഇതോടെ രാജ്യാന്തര ക്രിക്കറ്റില്‍ മുന്‍ ഓസീസ് ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങിന്റെ 71 രാജ്യാന്തര സെഞ്ചുറികളെന്ന നേട്ടത്തിനൊപ്പം കോഹ്ലി എത്തി. 61 പന്തുകള്‍ നേരിട്ട കോഹ്ലി ആറ് സിക്സും 12 ഫോറുമടക്കം 122 റണ്‍സോടെ പുറത്താകാതെ നിന്നു.
ഏഷ്യ കപ്പില്‍ അഫ്ഗാനിസ്ഥാനെതിരെയുള്ള മത്സരത്തിലാണ് കോഹ്ലിയുടെ തകര്‍പ്പന്‍ ബാറ്റിംഗ്, കോഹ്ലിയുടെ മികവില്‍ അഫ്ഗാനെതിരെ 213 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ കോഹ്ലിയുടെയും കെ.എല്‍ രാഹുലിന്റെ അര്‍ധ സെഞ്ചുറിയുടെയും കരുത്തില്‍ മികച്ച സ്‌കോറിലേക്കെത്തുകയായിരുന്നു. ട്വന്റി 20-യില്‍ കോഹ്ലിയുടെ ആദ്യ അന്താരാഷ്ട്ര സെഞ്ചുറിയാണിത്.
മത്സരത്തില്‍ കെ.എല്‍ രാഹുല്‍ – വിരാട് കോഹ്ലി ഓപ്പണിങ് സഖ്യം 12.4 ഓവറില്‍ 119 റണ്‍സ് നേടിയ ശേഷമാണ് പിരിഞ്ഞത്. 41 പന്തില്‍ 62 റണ്‍സെടുത്ത രാഹുലിനെ ഫരീദ് അഹമ്മദാണ് പുറത്താക്കിയത്. ഋഷഭ് പന്ത് 20 റണ്‍സോടെ പുറത്താകാതെ നിന്നു. സൂര്യകുമാര്‍ യാദവാണ് (6) പുറത്തായ മറ്റൊരു താരം. നേരത്തെ ഇന്ത്യയ്‌ക്കെതിരേ ടോസ് നേടിയ അഫ്ഗാനിസ്താന്‍ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.