മുംബൈ: വിരാട് കോഹ്‌ലിയുടെ പെരുമാറ്റത്തെ ചോദ്യം ചെയ്തവർക്ക് മറുപടിയുമായി കോച്ച് രവി ശാസ്ത്രി. ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ കോഹ്‌ലി റെക്കോർഡ് നേട്ടം സ്വന്തമാക്കിയിരുന്നുവെങ്കിലും മൈതാനത്തിലെ കോഹ്‌ലിയുടെ പെരുമാറ്റത്തെ വിമർശിച്ച് മുൻ ക്രിക്കറ്റ് താരങ്ങളടക്കമുളളവർ രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് കോഹ്‌ലിയെ പിന്തുണച്ചുളള രവി ശാസ്ത്രിയുടെ വാക്കുകൾ.

”കോഹ്‌ലിയെ കുറ്റം പറയുന്നവർക്ക് നൽകാൻ എനിക്ക് ഒരു ഉപദേശം മാത്രമാണുളളത്, നിങ്ങൾ നിങ്ങളുടെ കാര്യം മാത്രം നോക്കുക. എന്നോട് ചോദിക്കുന്നവരോടൊക്കെ ഞാൻ ഇതുതന്നെയാണ് പറയാറുളളത്. ക്രിക്കറ്റ് മൈതാനത്ത് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ പരിഹരിക്കാൻ അംപയർമാരുണ്ട്. അവരെക്കൂടാതെ മാച്ച് റഫറിമാരും ഉണ്ട്. പ്രശ്നങ്ങൾ പരിഹരിക്കാനാണ് അവരുളളത്” ശാസ്ത്രി അനന്ത്ബസാർ പത്രികയോട് പറഞ്ഞു.

വിരാട് കോഹ്‌ലിയുടെ നായക മികവിനെ മുൻ പാക് താരം ഇമ്രാൻ ഖാനോടാണ് ശാസ്ത്രി താരതമ്യപ്പെടുത്തിയത്. ഇമ്രാൻ ഖാന്റെ നായകത്വത്തിലാണ് ഓസ്ട്രേലിയയിൽ 1992 ൽ നടന്ന ലോകകപ്പ് പാക്കിസ്ഥാൻ സ്വന്തമാക്കിയത്.

”കോഹ്‌ലി ഇപ്പോഴും ചെറുപ്പക്കാരാനാണ്. പക്ഷേ ഇതിനോടകം തന്നെ താൻ മികച്ച കളിക്കാരനാണെന്ന് കോഹ്‌ലി തെളിയിച്ചു കഴിഞ്ഞു. ഒരുപാട സന്ദർഭങ്ങളിൽ കോഹ്‌ലി എന്നെ ഇമ്രാൻ ഖാനെ ഓർമിപ്പിച്ചിട്ടുണ്ട്. കോഹ്‌ലിക്ക് ഇമ്രാനെപ്പോലെ നായകത്വത്തിൽ ഒരുപാട് ഗുണങ്ങളുണ്ട്. ഏതു സാഹചര്യത്തിലും വിജയിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം കോഹ്‌ലിക്കുണ്ട്. അത് ടീമംഗങ്ങൾക്ക് പകർന്നുനൽകാറുണ്ട്. ഇമ്രാനും ഇതുപോലെയായിരുന്നു” ശാസ്ത്രി പറഞ്ഞു.

ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ കോഹ്‌ലിയുടെ നേട്ടങ്ങളെയും ശാസ്ത്രി പ്രകീർത്തിച്ചു. രണ്ടു മാസത്തിനിടയിൽ ഒരു പര്യടനത്തിൽനിന്ന് 870 ലധികം റൺസ് നേടുക എന്നത് വിശ്വസിക്കാനാവാത്ത നേട്ടമാണ്. പര്യടനത്തിലെ കോഹ്‌ലിയുടെ നേട്ടം തികച്ചും അവിശ്വസനീയമാണെന്നും ശാസ്ത്രി അഭിപ്രായപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook