തിരുവനന്തപുരം: ന്യൂസിലൻഡിനെതിരായ ട്വന്റി 20 മത്സര പരമ്പര നേടിയതിന് പിന്നാലെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ മഹേന്ദ്രസിങ് ധോണിയെ പിന്തുണച്ച് നായകന്‍ വിരാട് കോഹ്‌ലി രംഗത്ത്. എന്തിനാണ് ധോണിക്കെതിരെ ആളുകള്‍ വിരല്‍ ചൂണ്ടുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് കോഹ്‌ലി പറഞ്ഞു. ധോണി ഫിറ്റ് ആണെന്നും എല്ലാ പരിശോധനകളും കടന്നാണ് ടീമില്‍ നില്‍ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘എന്തിനാണ് ആളുകള്‍ ധോണിക്കെതിരെ വിരല്‍ ചൂണ്ടുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഒരു ബാറ്റ്സ്മാനെന്ന നിലയില്‍ ഞാന്‍ മൂന്ന് തവണ പരാജയപ്പെട്ടാലും ആരും എനിക്ക് നേരെ വിരല്‍ ചൂണ്ടില്ല. എനിക്ക് 35 വയസ് കഴിഞ്ഞിട്ടില്ല എന്നതാണ് അതിന് കാരണം. അദ്ദേഹം ഫിറ്റ് ആണ്. എല്ലാ തരം പരിശോധനകളും കഴിഞ്ഞാണ് വന്നത്. വളരെ തന്ത്രപരമായ നീക്കങ്ങളിലൂടെ അദ്ദേഹം ടീമിന് മികച്ച സംഭാവന നല്‍കുന്നുണ്ട്. ശ്രീലങ്കയ്ക്ക് എതിരേയും ഓസീസിനെതിരേയും മികച്ച രീതിയിലാണ് അദ്ദേഹം ബാറ്റ് കൊണ്ടും പ്രവര്‍ത്തിച്ചിട്ടുളളത്’, കോഹ്‌ലി പറഞ്ഞു.

‘ഈ പരമ്പരയില്‍ അദ്ദേഹത്തിന് ബാറ്റ് ചെയ്യാന്‍ കൂടുതല്‍ സമയം ലഭിച്ചിരുന്നില്ല. അദ്ദേഹം എത്രാം സ്ഥാനത്താണ് ബാറ്റ് ചെയ്യാന്‍ വരുന്നതെന്ന് നിങ്ങള്‍ മനസ്സിലാക്കണം. എന്തിനേറെ പറയുന്നു, ഹാർദിക് പാണ്ഡ്യയ്ക്കും നന്നായി കളിക്കാന്‍ സാധിച്ചില്ലല്ലോ, പിന്നെ എന്തിനാണ് ഒരാളെ മാത്രം ഇങ്ങനെ കുറ്റം പറയുന്നത്. രാജ്കോട്ടില്‍ നടന്ന മത്സരത്തില്‍ പാണ്ഡ്യയും നേരത്തേ പുറത്തായിരുന്നു. നിങ്ങളുടെ സൗകര്യത്തിന് അനുസരിച്ച് ഒരാളെ മാത്രം ഇങ്ങനെ ലക്ഷ്യം വയ്ക്കുന്നത് ശരിയായ കാര്യമല്ല’, ഇന്ത്യന്‍ നായകന്‍ വിമര്‍ശിച്ചു.

ന്യൂസിലൻഡിനെതിരായ രണ്ടാം ട്വന്റി 20 പരാജയത്തിന് പിന്നാലെ​ ധോണിക്കെതിരെ മുന്‍ താരങ്ങളായ വിവിഎസ് ലക്ഷ്മണും അജിത് അഗാര്‍ക്കറും രംഗത്തെത്തിയിരുന്നു. ട്വന്റി 20യില്‍ ധോണിയുടെ സ്ഥാനത്ത് മറ്റൊരാളെ കണ്ടെത്തേണ്ട സമയമായെന്നായിരുന്നു ഇരുവരുടേയും പരാമര്‍ശം.. നാലാം സ്ഥാനത്ത് ഇറങ്ങുന്ന ധോണിക്ക് കളത്തില്‍ പണി എടുക്കാന്‍ സമയം ഏറെ വേണ്ടി വരുന്നെന്ന് ലക്ഷ്മണ്‍ പറഞ്ഞു. “ട്വന്റി 20യില്‍ യുവതാരങ്ങള്‍ക്ക് ധോണി അവസരം നല്‍കേണ്ട സമയം ഇതാണെന്നാണ് എനിക്ക് തോന്നുന്നത്. അന്താരാഷ്ട്ര മത്സരങ്ങളില്‍ ആത്മവിശ്വാസം ലഭിക്കാന്‍ യുവതാരങ്ങള്‍ക്ക് ഇത് മുതൽക്കൂട്ടാകും. അതേസമയം, ധോണി ഏകദിന ക്രിക്കറ്റില്‍ ഒഴിവാക്കാനാവാത്ത താരമാണ്’ ലക്ഷ്മണ്‍ കൂട്ടിച്ചേര്‍ത്തു.

ട്വന്റി 20യില്‍ എങ്കിലും ഇന്ത്യ പകരക്കാരനെ കണ്ടെത്തണം എന്നായിരുന്നു അജിത് അഗാര്‍ക്കറിന്റെ പരാമര്‍ശം. ‘ധോണിയുടെ ഏകദിനത്തിലെ പങ്കാളിത്തത്തില്‍ ഇന്ത്യന്‍ ടീം സന്തുഷ്ടരാണെന്ന് തോന്നുന്നു. ഒരു നായകനായി ഇരുന്നപ്പോഴുളള സാഹചര്യം അല്ല ഇത്. ഇപ്പോള്‍ അദ്ദേഹം ഒരു ബാറ്റ്സ്മാന്‍ മാത്രമാണ്. ട്വന്റി-20യിൽ ധോണിക്ക് പകരം മറ്റൊരാളെ ചിന്തിക്കേണ്ട സമയം ആയിരിക്കുന്നുവെന്നും’ അഗാക്കര്‍ വ്യക്തമാക്കി.

രണ്ടാം മത്സരത്തിൽ ഇന്ത്യ 40 റൺസിന് പരാജയപ്പെട്ടിരുന്നു. ആദ്യ 18 പന്തിൽ 16 റൺസ് മാത്രമാണ് ധോണിക്ക് നേടാനായത്. ഇതായിരുന്നു ഇന്ത്യയുടെ പരാജയത്തിന്റെ പ്രധാനകാരണം എന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook