ബേ ഓവല്‍: പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച് ഇന്ത്യ ന്യൂസിലാന്റിനെ അവരുടെ നാട്ടില്‍ വച്ചു തന്നെ തറപറ്റിച്ചിരിക്കുകയാണ്. നായകന്‍ വിരാട് കോഹ്ലിയുടേയും ഉപനായകന്‍ രോഹിത് ശര്‍മ്മയുടേയും അര്‍ധ സെഞ്ചുറികളുടെ കരുത്തിലായിരുന്നു ഇന്ത്യയുടെ വിജയം. ഇന്നത്തോടെ ഈ പരമ്പരയോട് കോഹ്ലി വിട പറഞ്ഞു. അവസാന രണ്ട് മത്സരങ്ങളിലും കോഹ്ലിക്ക് വിശ്രമം നല്‍കാനാണ് തീരുമാനം.

കോഹ്ലിക്ക് പകരം ആരാകും ടീമിലെത്തുക എന്നത് ഇതുവരേയും വ്യക്തമല്ല. എന്നാല്‍ നായകന്റെ വാക്കുകള്‍ നല്‍കുന്ന സൂചന യുവതാരം ഷുഭ്മാന്‍ ഗില്ലിന് നറുക്ക് വീഴുമെന്നാണ്. മത്സരശേഷം പത്രസമ്മേളനത്തിലാണ് കോഹ്ലി യുവതാരത്തെ പ്രശംസിച്ചത്. ഗില്‍ നെറ്റ്‌സില്‍ പ്രാക്ടീസ് ചെയ്യുന്നത് കോഹ്ലി കണ്ടിരുന്നു. ഇതിനെ കുറിച്ചായിരുന്നു കോഹ്ലി സംസാരിച്ചത്.

”അവന്‍ നെറ്റ്‌സില്‍ ചെയ്യുന്നത് ഞാന്‍ കണ്ടിരുന്നത്. അവന്റെ പ്രായത്തില്‍ ഞാന്‍ ഇതിന്റെ ഏഴ് അയലത്ത് പോലും എത്തിയിരുന്നില്ലല്ലോ എന്നാണ് ഓര്‍ത്തത്” എന്നായിരുന്നു 19 കാരനായ ശുഭ്മാനെ കുറിച്ച് കോഹ്ലിയുടെ വാക്കുകള്‍. ഇതോടെ നാലാം ഏകദിനത്തില്‍ യുവതാരത്തിന് അരങ്ങേറ്റത്തിനുള്ള കളമൊരുകും എന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ലോകം.

ഏഴ് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. കിവീസ് ഉയര്‍ത്തിയ 244 റണ്‍സിന്റെ വിജയ ലക്ഷ്യം ഇന്ത്യ 43 ഓവറില്‍ അനായാസം മറി കടക്കുകയായിരുന്നു. ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത് അര്‍ധ സെഞ്ചുറി നേടിയ ഓപ്പണര്‍ രോഹിത് ശര്‍മ്മയും നായകന്‍ വിരാട് കോഹ്ലിയുമാണ്. പിന്നാലെ അമ്പാട്ടി റായിഡുവും ദിനേശ് കാര്‍ത്തിക്കും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 3-0 ന് സ്വന്തമാക്കുകയും ചെയ്തു.

രോഹിത്താണ് ഇന്ത്യന്‍ നിരയില്‍ ടോപ്പ് സ്‌കോറര്‍. 77 പന്തുകളില്‍ നിന്നും 62 റണ്‍സാണ് രോഹിത് നേടിയത്. ശിഖര്‍ ധവാന്‍ 28 റണ്‍സെടുത്ത് പുറത്തായി. പിന്നാലെ വന്ന നായകന്‍ വിരാട് രോഹിത്തിനൊപ്പം ചേര്‍ന്ന് ഇന്ത്യയെ മുന്നോട്ട് നയിക്കുകയായിരുന്നു. രോഹിത് 74 പന്തില്‍ നിന്നും 60 റണ്‍സെടുത്തു. റായിഡു 42 പന്തില്‍ നിന്നും 40 റണ്‍സും ദിനേശ് കാര്‍ത്തിക് 38 പന്തില്‍ നിന്നും 38 റണ്‍സും നേടി പുറത്താകാതെ നിന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook