റാഞ്ചി: ഇന്ത്യൻ താരങ്ങളുടെ പ്രകടനത്തെ പുകഴ്‌ത്തി ക്യാപ്റ്റൻ വിരാട് കോഹ്‌ലി. അവിശ്വസനീയമായ പ്രകടനമാണ് രവീന്ദ്ര ജഡേജ കാഴ്‌ച വെച്ചത്. ഒരു ബോളർ ഇത്രയും നന്നായി ബോൾ ചെയ്യുന്നത് കണ്ടിട്ട് ഒരുപാട് നാളായെന്നും കോഹ്‌ലി പറഞ്ഞു. റാഞ്ചിയിൽ നടന്ന ടെസ്റ്റ് മത്സരത്തിന് ശേഷമുളള വാർത്താ സമ്മേളനത്തിലാണ് കോഹ്‌ലി ടീം അംഗങ്ങളെ പുകഴ്‌ത്തിയത്. ഓസ്ട്രേലിയക്കെതിരെയുളള മൂന്നാം ടെസ്റ്റ് സമനിലയിൽ കലാശിച്ചിരുന്നു.

സാഹയുടെയും പൂജാരയുടെയും ബാറ്റിങ് പ്രകടനത്തെയും കോഹ്‌ലി പ്രശംസിച്ചു. കണ്ടതിൽ വച്ച് മികച്ച കൂട്ടുകെട്ടാണ് പൂജാരയും സാഹയും പടുത്തുയർത്തിയത്. 150 കടക്കുമെന്ന് പോലും എനിക്ക് ഒരു ഘട്ടത്തിൽ തോന്നിയിരുന്നില്ല. പക്ഷേ ഇരുവരും തങ്ങളുടെ പ്രകടനം കൊണ്ട് തടസങ്ങൾ നീക്കുകയായിരുന്നു. പൂജാരയുടെ ഏറ്റവും മികച്ച ബാറ്റിങ് പ്രകടനമാണ് ഈ മത്സരത്തിൽ കണ്ടത്. വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയയെും കോഹ്‌ലി പുകഴ്ത്തി. സമ്മർദ്ദ ഘട്ടത്തിൽ ഇന്തയ്ക്കുവേണ്ടി സാഹ നിലകൊണ്ടു. ഇതിനു മുൻപ് വെസ്റ്റ് ഇൻഡീസിനെതിരയെും ഇങ്ങനെ ചെയ്‌തിട്ടുണ്ടെന്നും കോഹ്‌ലി പറഞ്ഞു.

റാഞ്ചി ടെസ്റ്റിൽ ഇന്ത്യയ്‌ക്കായി ജഡേജ നാല് വിക്കറ്റ് വീഴ്‌ത്തിയിരുന്നു. 44 ഓവറിൽ 54 റൺസ് വഴങ്ങിയാണ് ജഡേജ നാല് വിക്കറ്റ് വീഴ്‌ത്തിയത്. മത്സരത്തിൽ മൊത്തം ഒമ്പത് വിക്കറ്റുകളും പുറത്താകാതെ അർധ സെഞ്ചുറിയുമാണ് ജഡേജയുടെ സമ്പാദ്യം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ