കേരളത്തെ പ്രശംസിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലി. ഏകദിന മത്സരങ്ങള്‍ക്കായി തിരുവനന്തപുരത്തെത്തിയതാണ് കോഹ്ലിയും സംഘവും. കേരളത്തിന്റെ സൗന്ദര്യത്തെ പ്രശംസിച്ച കോഹ്ലി, സമയമനുവദിക്കുമ്പോള്‍ മറ്റുള്ളവരും കേരളത്തിലെത്തണമെന്നും ഈ നാടിന്റെ സൗന്ദര്യവും ഊര്‍ജസ്വലതയും അനുഭവിക്കണമെന്നും പറഞ്ഞു. ഒപ്പം, പ്രളയം വിതച്ച നാശത്തില്‍ നിന്നും കേരളം കരകയറിയെന്നും കോഹ്ലി പറഞ്ഞു.

കോവളത്തെ ലീല രവീസിലാണ് ഇന്ത്യന്‍ ടീമംഗങ്ങള്‍ താമസിക്കുന്നത്. ഇവിടെ എഴുതിനല്‍കിയ കുറിപ്പിലാണ് കോഹ്ലി കേരളത്തെ പുകഴ്ത്തിയത്.

‘കേരളത്തിലെത്തുക എന്നാല്‍ ആനന്ദത്തില്‍ കുറഞ്ഞ മറ്റൊന്നുമല്ല. ഇവിടെ വരുന്നതും ഈ സ്ഥലത്തിന്റെ മൊത്തത്തിലുള്ള ഊര്‍ജവുമെല്ലാം എനിക്ക് വളരെ ഇഷ്ടമാണ്. കേരളത്തിന്റെ സൗന്ദര്യം എന്നത് അനുഭവിച്ചറിയേണ്ടതു തന്നെയാണ്. എല്ലാവരോടും ഇവിടെ വരണമെന്നും ദൈവത്തിന്റെ സ്വന്തം നാടിന്റെ ഊര്‍ജം എന്തെന്ന് അനുഭവിച്ചറിയണമെന്നുമാണ് എനിക്ക് പറയാനുള്ളത്. പ്രളയത്തിനു ശേഷം കേരളം മുഴുവനായും അതിജീവിച്ചു കഴിഞ്ഞു. അതിനാല്‍ ഇവിടെ വരുന്നതില്‍ യാതൊരു സുരക്ഷാ പ്രശ്‌നവുമില്ല. ഓരോ തവണ ഇവിടെയെത്തുമ്പോളും എന്നെ ഇത്രയധികം സന്തോഷവാനാക്കുന്നതിന് ഈ മനോഹരമായ സ്ഥലത്തോട് നന്ദി പറയുന്നു,’ കോഹ്ലി കുറിച്ചു.

കോഹ്ലി പ്രകടിപ്പിച്ച അഭിപ്രായം കേരളത്തിലേക്കുള്ള ടൂറിസ്റ്റുകളുടെ വരവിനെ പോസിറ്റീവായി ബാധിക്കുമെന്ന പ്രതീക്ഷയിലാണ് ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ്. അടുത്തിടെ ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ് നടത്തിയ സര്‍വ്വേ പ്രകാരം കേരളത്തിലെ എല്ലാ വിനോദസഞ്ചാര മേഖലകളും സഞ്ചാരികളെ സ്വീകരിക്കാന്‍ പ്രാപ്തി കൈവരിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. കഴിഞ്ഞ മാസങ്ങളില്‍ രാജ്യത്തിനകത്തു നിന്നും പുറത്തുനിന്നും കേരളത്തിലേക്കുള്ള സഞ്ചാരികളുടെ വരവ് കൂടിയിട്ടുള്ളതായും സര്‍വ്വേയില്‍ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook