സമകാലിക ക്രിക്കറ്റിൽ റൺസിനൊപ്പം തന്നെ റെക്കോർഡുകളും വിജയങ്ങളും സ്വന്തം അക്കൗണ്ടിൽ നിറച്ച് മുന്നേറുകയാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ഇതിഹാസങ്ങൾ കുറിച്ച പല റെക്കോർഡുകളും പഴങ്കഥയാക്കുന്നത് താരം പതിവുമാക്കിയിരിക്കുന്നു. സച്ചിനും ഗാംഗുലിയും വിവിയൻ റിച്ചാർഡ്സും ഉൾപ്പടെയുള്ള ഇതിഹാസ താരങ്ങളെല്ലാം തന്നെ കോഹ്ലിയെ അഭിനന്ദിക്കാനും മറന്നില്ല. ഈ പട്ടികയിലേക്കാണ് ഒടുവിൽ മുൻ വിൻഡീസ് താരം ബ്രെയ്ൻ ലാറയും എത്തുന്നത്.
വിരാട് കോഹ്ലിയുടെ വ്യക്തിഗത നേട്ടങ്ങളൊടൊപ്പം തന്നെ താരത്തിന്റെ കായികക്ഷമതയെയും അത് നിലനിർത്താൻ നടത്തുന്ന പരിശ്രമത്തെയും ലാറ പ്രശംസിച്ചു. കോഹ്ലി ഒരു മികച്ച നായകനാമെന്നും ലാറ അഭിപ്രായപ്പെട്ടു. എന്നാൽ കോഹ്ലിയോ, സച്ചിനോ മികച്ചത് എന്ന ചോദ്യത്തോട് പ്രതികരിക്കാൻ ലാറ തയ്യാറായില്ല.
“ഇന്ന് കോഹ്ലി ചെയ്യുന്ന എല്ലാ കാര്യങ്ങളും ആശ്ചര്യപ്പെടുത്തുന്നതാണ്. റൺസ് കണ്ടെത്തുന്നതാകട്ടെ, കായികക്ഷമതയുടെ കാര്യത്തിലാകട്ടെ ഓരോ ചെറിയ കാര്യങ്ങൾക്കും വലിയ പ്രാധാന്യമാണ് കോഹ്ലി നൽകുന്നത്. മികച്ച ഒരു നായകനെയും നമുക്ക് അദ്ദേഹത്തിൽ കാണാൻ സാധിക്കും” ലാറ പറഞ്ഞു.
വിരാട് കോഹ്ലി എന്ന ഇന്ത്യൻ ക്രിക്കറ്റ് താരത്തെ സംബന്ധിച്ചിടത്തോളം റെക്കോർഡുകൾ തകർക്കുന്നത് ഒരു ശീലമാണ്. മുന്നേ നടന്ന താരങ്ങൾ കുറിച്ചിട്ട റെക്കോർഡുകൾ അതിവേഗം മറികടക്കുന്ന താരം.
ഒടുവിൽ വിൻഡീസിനെതിരായ ഏകദിന പരമ്പരയിലും ഇന്ത്യൻ നായകൻ ഒരുപാട് റെക്കോർഡുകൾ തിരുത്തിയെഴുതി. ഇതിൽ പ്രധാനപ്പെട്ടത് ഏകദിനത്തിൽ പതിനായിരം റൺസ് തികച്ചു എന്നതാണ്. തന്റെ 205-ാം ഇന്നിങ്സിലാണ് കോഹ്ലി പതിനായിരം റൺസ് കുറിച്ചത്. പതിനായിരം റൺസിലെത്താൻ ഏറ്റവും കുറച്ച് മത്സരങ്ങളും സമയവും എടുത്ത താരവും കോഹ്ലി തന്നെ.
തുടർച്ചയായി മൂന്ന് മത്സരങ്ങളിൽ സെഞ്ചുറി നേടിയ താരം ഈ നേട്ടത്തിലെത്തുന്ന ആദ്യത്തെ ഇന്ത്യൻ താരമാവുകയും ചെയ്തു. സെഞ്ചുറി വേട്ടയിലും താരത്തിന്റെ കുതിപ്പാണ്.