അനുഷ്കയുമായുളള വിവാഹശേഷം ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി മികച്ച ഫോമിലാണ്. ഡിസംബർ 11 നായിരുന്നു വിരാട് കോഹ്‌ലി-അനുഷ്ക വിവാഹം. ദക്ഷിണാഫ്രിക്കൻ പര്യടനത്തിനായി കോഹ്‌ലി എത്തിയപ്പോൾ അനുഷ്കയും ഒപ്പമുണ്ടായിരുന്നു. ഇരുവരും ന്യൂ ഇയർ ആഘോഷിച്ചത് ദക്ഷിണാഫ്രിക്കയിലായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ടെസ്റ്റ് മൽസരം കാണാനായി അനുഷ്കയും ഗ്യാലറിയിൽ എത്തിയിരുന്നു. പക്ഷേ ദൗർഭാഗ്യകരമെന്നു പറയട്ടെ കോഹ്‌ലി വെറും 5 റൺസിന് പുറത്തായി.

കോഹ്‌ലിയുടെ മികച്ച ഇന്നിങ്സ് കാണാൻ കൊതിയോടെ എത്തിയ അനുഷ്കയ്ക്ക് ലഭിച്ചത് നിരാശ മാത്രം. കോഹ്‌ലിയുടെ മോശം പ്രകടനത്തിന് ആരാധകർ കുറ്റം പറഞ്ഞതും അനുഷ്കയെ. അനുഷ്ക കാരണമാണ് കോഹ്‌ലി മോശം പ്രകടനം നടത്തിയതെന്നായിരുന്നു സോഷ്യൽ മീഡിയയിൽ നിറഞ്ഞ കമന്റുകൾ. ഇതിനുപിന്നാലെ ആദ്യ ടെസ്റ്റ് മൽസരത്തിന് ദിവസങ്ങൾ ബാക്കിനിൽക്കെ അനുഷ്ക ഇന്ത്യയിലേക്ക് മടങ്ങി.

അനുഷ്കയെ കുറ്റം പറഞ്ഞവർക്ക് രണ്ടാം ടെസ്റ്റ് മൽസരത്തിൽ സെഞ്ചുറി നേടിയാണ് കോഹ്‌ലി മറുപടി നൽകിയത്. തന്റെ സെഞ്ചുറി നേട്ടം കോഹ്‌ലി സമർപ്പിച്ചതും ഭാര്യയ്ക്കു തന്നെ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടെസ്റ്റിൽ 150 റൺസ് നേടിയപ്പോഴാണ് കോഹ്‌ലി ഭാര്യ അനുഷ്കയെ ഓർത്ത് വിവാഹ മോതിരത്തിൽ മുത്തമിട്ടത്. 150 റൺസ് നേടിയപ്പോൾ കോഹ്‌ലി ഹെൽമെറ്റ് നീക്കി കാണികളെ അഭിവാദ്യം ചെയ്തു. ഹെൽമെറ്റിൽ മുത്തമിട്ടു. ഗ്ലൗസ് രണ്ടും ഊരിമാറ്റിയശേഷം മാലയിൽ കോർത്തിട്ടിരുന്ന വിവാഹ മോതിരം കാണികൾക്കുനേരെ ഉയർത്തിക്കാട്ടി. മോതിരത്തിൽ ഉമ്മവച്ചു. വിവാഹത്തിനുശേഷം കോഹ്‌ലിയുടെ ഫോം നഷ്ടപ്പെട്ടെന്ന് വിമർശനമുന്നയിച്ചവർക്കുളള പ്രതികാരം കൂടിയായിരുന്നു അത്.

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരയിലും മികച്ച പെർഫോമാണ് കോഹ്‌ലി പുറത്തെടുത്തത്. 6 ഏകദിന മൽസരങ്ങളിൽനിന്നായി 3 സെഞ്ചുറികളും ഒരു അർധ സെഞ്ചുറിയുമടക്കം 558 റൺസാണ് കോഹ്‌ലി വാരിക്കൂട്ടിയത്. പരമ്പരയില്‍ ഉടനീളം തനിക്ക് പ്രചോദനമായത് ഭാര്യ അനുഷ്കയായിരുന്നുവെന്നാണ് മൽശരശേഷം കോഹ്‌ലി പറഞ്ഞത്. ദക്ഷിണാഫ്രിക്കയിൽ ഇല്ലായിരുന്നുവെങ്കിലും കോഹ്‌ലിയുടെ ഓരോ നേട്ടവും അനുഷ്ക ഇന്ത്യയിലിരുന്ന് ആഘോഷിച്ചിരുന്നു.

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ട്വന്റി 20 മൽസരത്തിന് മുൻപായി അനുഷ്കയ്ക്ക് ഒപ്പമുളള ഒരു ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ് വിരാട് കോഹ്‌ലി. അനുഷ്കയെ കെട്ടിപ്പിടിച്ചു നിൽക്കുന്ന ചിത്രമാണ് കോഹ്‌ലി പോസ്റ്റ് ചെയ്തത്. ‘എന്റെ ഒരേയൊരു’…. എന്നും കോഹ്‌ലി ഫോട്ടോയ്ക്ക് ഒപ്പം കുറിച്ചിട്ടുണ്ട്.

ചിത്രം പകർത്തിയത് എവിടെ വച്ചാണെന്നോ എന്നാണെന്നോ വ്യക്തമല്ല. ഷൂട്ടിങ് തിരക്കുകളിൽ മാറ്റിവച്ച് കോഹ്‌ലിയുടെ മൽസരം കാണാനായി അനുഷ്ക ദക്ഷിണാഫ്രിക്കയിലേക്ക് പറന്നെത്തിയോ എന്നും ആരാധകർ സംശയിക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ