ക്രിക്കറ്റ് ലോകത്തെ പ്രിയപ്പെട്ടവനാണ് വിരാട് കോഹ്‌ലി എന്ന ഇന്ത്യൻ നായകൻ. വലിയ ആരാധക പിന്തുണയുള്ള വിരാട് കോഹ്‌ലി ഫുട്ബോളിനെയും ഏറെ ഇഷ്ടപ്പെടുന്ന താരമാണ്. ക്രിക്കറ്റ് ലോകത്തെ കരുത്തരായ ഇന്ത്യൻ ടീമിന്റെ നായകന്റെ ഇഷ്ട ഫുട്ബോൾ ടീം പോർച്ചുഗലാണ്. 2014 ലോകകപ്പിൽ ജർമ്മനിക്ക് പിന്തുണയറിയിച്ചും കോഹ്‌ലി രംഗത്തെത്തിയിരുന്നു.

റൊണാൾഡോ തന്നെയാണ് വിരാട് കോഹ്‌ലിയുടെ ഇഷ്ടതാരം. അതുകൊണ്ട് തന്നെയാണ് റൊണാൾഡോയുടെ ടീമുകളായ യുവന്റസിനോടും പോർച്ചുഗലിനോടും കോഹ്‌ലിക്ക് പ്രിയമേറുന്നത്. എന്നാൽ ഫുട്ബോൾ ആരാധകർക്കിടയിൽ ഇപ്പോഴും ഉത്തരം കിട്ടാത്ത ഒരു ചോദ്യമാണ് മെസിയോ റൊണാൾഡോയോ, കേമനാരെന്നത്. ഏറ്റവും ഒടുവിൽ വിരാട് കോഹ്‌ലിയും തിരഞ്ഞെടുത്തിരിക്കുന്നു മികച്ച ഫുട്ബോളറെ. ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ് കോഹ്‌ലിയുടെ അഭിപ്രായത്തിൽ തികഞ്ഞ ഫുട്ബോളർ.

Also Read: തബല വായിക്കാനല്ല ഞാനിവിടെയിരിക്കുന്നത്, പന്തിന് എല്ലാ പിന്തുണയും നൽകും: രവി ശാസ്ത്രി

കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഫുട്ബോൾ ലോകം അടക്കി വാഴുന്നവരാണ് മെസിയും റൊണാൾഡോയും. ഇനിയും ഒരുപാട് ചെയ്യാൻ സാധിക്കുമെന്ന് ഒരോ മത്സരത്തിലൂടെയും ഇരുവരും തെളിയിക്കുന്നുമുണ്ട്. രണ്ട് പേരെയും തനിക്ക് ഇഷ്ടമാണെങ്കിലും തികഞ്ഞ ഫുട്ബോളറായി റൊണാൾഡോയെ തിരഞ്ഞെടുക്കാൻ കോഹ്‍‌ലിക്ക് വ്യക്തമായ കാരണമുണ്ട്.

മെസിയേക്കാൾ കരിയറിൽ ഒരുപാട് പ്രതിസന്ധികൾ നേരിട്ട താരമാണ് റൊണാൾഡോയെന്നാണ് ഇന്ത്യൻ നായകന്റെ അഭിപ്രായം. ” കരിയറിൽ ഒരുപാട് പ്രതിസന്ധികൾ നേരിടുകയും അതിലെല്ലാം വിജയിക്കുകയും ചെയ്ത വ്യക്തിയാണ് റൊണാൾഡോ. ഞാൻ കണ്ടതിൽവച്ച് കംപ്ലീറ്റ് ഫുട്ബോളർ റൊണാൾഡോയാണ്. ആളുകളെ സ്വാധീനിക്കാൻ റൊണാൾഡോയ്ക്ക് സാധിക്കും. അത് എല്ലാരെക്കൊണ്ടും സാധിക്കുന്ന കാര്യമല്ല. അദ്ദേഹം നല്ലൊരു നേതാവ് കൂടിയാണ്. അതെനിക്ക് ഏറെ ഇഷ്ടപ്പെട്ടു.” കോഹ്‌ലി ടൈംസ് നൗവിനോട് പറഞ്ഞു.

ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ സുനിൽ ഛേത്രിയെക്കുറിച്ചും കോഹ്‌ലി വാചാലനായി. സുനിൽ ഛേത്രി മറ്റുള്ളവർക്ക് വലിയ പ്രചോദനമാണെന്നും ഇന്ത്യയിൽ ആർക്കെങ്കിലും ലോകകപ്പ് കളിക്കാൻ യോഗ്യതയുണ്ടെങ്കിൽ അത് സുനിൽ ഛേത്രിക്കാണെന്നും അദ്ദേഹം ഒരു ചാമ്പ്യൻ തന്നെയാണെന്നും കോഹ്‌ലി പറഞ്ഞു.

Also Read: ഒരവസരത്തിനായി ഞാനും യാചിച്ചിട്ടുണ്ട്; വെളിപ്പെടുത്തി സച്ചിൻ ടെൻഡുൽക്കർ

തന്റെ പ്രിയപ്പെട്ട ഫുട്ബോൾ ഓർമകളിൽ ഒന്നിലധികം ലോകകപ്പുകളുണ്ടെന്നും കോഹ്‍‌ലി പറഞ്ഞു. 1998, 2002 ലോകകപ്പ് ഓർമകളെക്കുറിച്ചും കോഹ്‌ലി മനസ് തുറന്നു. ഇന്ത്യൻ സൂപ്പർ ലീഗിൽ വിരാട് കോഹ്‌ലിയുടെ ഉടമസ്ഥതയിലുള്ള എഫ്.സി.ഗോവ ടീമിന്റെ ജേഴ്സി ലോഞ്ചിങ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേരത്തെ ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള ഇന്ത്യക്കാരിൽ വിരാട് കോഹ്‌ലി ഏഴാം സ്ഥാനത്തെത്തിയിരുന്നു. യുഗവ് സർവേയാണ് പട്ടിക പുറത്തുവിട്ടത്. ഒന്നാം സ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. യുഗവ് സർവേയിൽ 15.66% പേരുടെ പിന്തുണയോടെയാണ് മോദി രാജ്യത്ത് ഏറ്റവുമധികം പേര്‍ ആരാധിക്കപ്പെടുന്ന വ്യക്തിയായി മാറിയത്. 8.58% പേരുടെ പിന്തുള്ളയുള്ള ധോണി രണ്ടാമതെത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook