ഇന്ത്യൻ സീനിയർ ക്രിക്കറ്റ് ടീമിൽ സ്ഥാനം പ്രതീക്ഷിച്ച് നിരവധി യുവതാരങ്ങളാണ് കാത്തിരിക്കുന്നത്. ഇവരിൽ പലരും തന്നെ ഇതിനോടകം സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ചുകഴിഞ്ഞു. ഈ സാഹചര്യത്തിൽ തന്നെയാണ് യുവതാരങ്ങളെ പ്രശംസിച്ച് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി രംഗത്തെത്തിയത്. ഋഷഭ് പന്ത്, ശ്രേയസ് അയ്യർ, ശുഭ്മാൻ ഗിൽ എന്നീ താരങ്ങൾ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നതെന്നും, പ്രായത്തിൽ കവിഞ്ഞ ആത്മവിശ്വാസവും പക്വതയുമാണ് താരങ്ങൾക്കുള്ളതെന്നും വിരാട് കോഹ്‌ലി പറഞ്ഞു.

യുവതാരങ്ങൾ കൂടുതൽ അവസരം ഒരുക്കിയതും വലിയ വേദികളിൽ തിളങ്ങാൻ സാധിച്ചതും ഇന്ത്യൻ പ്രീമിയർ ലീഗിലൂടെയാണെന്നും കോഹ്‌ലി വ്യക്തമാക്കി. ഇന്ത്യയുടെ ഭാവി വാഗ്‌ദാനങ്ങളായി ഇതിഹാസങ്ങൾ ഉൾപ്പടെ കരുതുന്ന യുവതാരങ്ങളാണ് ശ്രേയസ് അയ്യർ, ശുഭ്മാൻ ഗിൽ, ശ്രേയസ് അയ്യർ എന്നിവർ.

Also Read: രഹാനെയെയും ഗില്ലിനെയും ടീമിൽ കണ്ടില്ല, അതിശയിച്ചുപോയെന്ന് സൗരവ് ഗാംഗുലി

“അവർ ശരിക്കും വിസ്മയപ്പെടുത്തുന്നു. അവരുടെ ആത്മവിശ്വാസവും വിസ്മയപ്പെടുത്തുന്നതാണ്. ഞാൻ നേരത്തെ പറഞ്ഞിട്ടുള്ളത് പോലെ 19-20 പ്രായത്തിൽ ഈ മൂന്ന് താരങ്ങളുടെ പാതി പോലും ഞാനൊക്കെ ഉണ്ടായിരുന്നില്ല. ഇന്ത്യൻ പ്രീമിയർ ലീഗ് പോലുള്ള ടൂർണമെന്റുകൾ താരങ്ങളുടെ കഴിവിനെ വികസിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്.” വിരാട് കോഹ്‌ലി പറഞ്ഞു.

തെറ്റുകളിൽ നിന്ന് വേഗം പഠിക്കാൻ യുവതാരങ്ങൾക്ക് സാധിക്കുന്നുണ്ടെന്നും അതിന് കാരണം വലിയ കാണികൾക്ക് മുന്നിൽ നേരത്തെ കളിച്ചതിന്റെ പരിചയമാണെന്നും കോഹ്‌ലി പറഞ്ഞു.

Also Read: എന്തുകൊണ്ട് ഈ താരങ്ങളെ ഒഴിവാക്കി?; ക്രിക്കറ്റ് ലോകം ചോദിക്കുന്നു

ഡ്രെസിങ് റൂമിലെ അനുഭവങ്ങളും കോഹ്‌ലി വെളിപ്പെടുത്തി. യുവതാരങ്ങളോട് ഇതുവരെ ചെയ്ത തെറ്റുകൾ ഇനി ആവർത്തിക്കരുതെന്ന് പറയാറുണ്ടെന്ന് കോഹ്‌ലി പറഞ്ഞു. വഴക്ക് പറയുന്ന സംസ്കാരം ഒന്നും ഡ്രെസിങ് റൂമിൽ ഇല്ലെന്ന് കോഹ്‌ലി പറഞ്ഞു. ധോണിയോടും കുൽദീപ് യാദവിനോടും താൻ ഒരുപോലെയാണ് പെരുമാറുള്ളതെന്നും കോഹ്‌ലി വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook