ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്ക് 31-ാം പിറന്നാൾ. ഇന്നു പിറന്നാൾ ആഘോഷിക്കുന്ന കോഹ്‌ലി പതിനഞ്ചുകാരനായി മാറി എഴുതിയ കുറിപ്പ് ശ്രദ്ധ നേടുകയാണ്. 15 വയസ് മുതലുളള ജീവിതയാത്രയെക്കുറിച്ചാണ് കോഹ്‌ലിയുടെ കുറിപ്പ്. ബാല്യകാല പേരായ ‘ചീക്കു’ എന്നാണ് വിരാട് സ്വയം വിശേഷിപ്പിച്ചിരിക്കുന്നത്.

ലക്ഷ്യസ്ഥാനത്തേക്കുളള യാത്രയുടെ പ്രാധാന്യത്തെക്കുറിച്ചും സ്വയം വിശ്വസിക്കേണ്ടതി നെക്കുറിച്ചും വീഴ്ചകൾക്കുശേഷം എഴുന്നേറ്റ് മുന്നോട്ടുപോകേണ്ടതിനെക്കുറിച്ചും കുറിപ്പിൽ എഴുതിയിട്ടുണ്ട്. സ്വപ്നങ്ങളെ പിന്തുടർന്നുപോകാനും വെല്ലുവിളികൾ ഏറ്റെടുക്കുന്നതിൽ ഭയപ്പെടാതിരിക്കാനും കുറിപ്പിൽ പറയുന്നുണ്ട്.

Read Also: ഭൂട്ടാൻ ചുറ്റിക്കറങ്ങി വിരാട് കോഹ്‌ലിയും അനുഷ്ക ശർമ്മയും

”മുന്നോട്ടുളള യാത്രയിൽ ഒരുപാട് അവസരങ്ങൾ നിന്നെ കാത്തിരിക്കുന്നുണ്ട്. അവ പ്രയോജനപ്പെടുത്തുക. ചിലപ്പോൾ നീ പരാജയപ്പെട്ടേക്കാം. അതെല്ലാവർക്കും സംഭവിക്കുന്നതാണ്. സ്വയം വിശ്വസിച്ച് മുന്നോട്ടുപോവുക. പരാജയപ്പെടുമ്പോഴൊക്കെ വീണ്ടും വീണ്ടും പരിശ്രമിച്ചുകൊണ്ടിരിക്കുക. നിന്നെ ഇഷ്ടപ്പെടുന്നവരും ഇഷ്ടപ്പെടാത്തവരുമായി നിരവധി പേരുണ്ടാകും. പക്ഷേ അവരിൽ പലർക്കും നീ ആരാണെന്ന് അറിയില്ല. അവരെക്കുറിച്ച് ചിന്തിക്കാതിരിക്കുക. സ്വയം വിശ്വസിക്കുക.”

കുടുംബത്തെക്കുറിച്ചും അവരുടെ സ്നേഹത്തെക്കുറിച്ചും കുറിപ്പിൽ പ്രതിപാദിച്ചിട്ടുണ്ട്. ”ആ ഷൂസ് ഡാഡി നിനക്ക് സമ്മാനമായി നൽകാത്തതിനെക്കുറിച്ച് നീ ചിന്തിക്കുന്നുണ്ടാവും. ഇന്ന് രാവിലെ അദ്ദേഹം നിനക്ക് നൽകിയ ആലിംഗനവുമായി അല്ലെങ്കിൽ നിന്റെ ഉയരത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞ തമാശയുമായി താരതമ്യപ്പെടുത്തുമ്പോൾ അവയ്‌ക്ക് യാതൊരു അർത്ഥവുമില്ല. ഇത് വിലമതിക്കുക. ചില സമയത്ത് അദ്ദേഹം കർക്കശകാരനാവാറുണ്ട്. പക്ഷേ അതെല്ലാം നിന്റെ നല്ലതിനുവേണ്ടിയാണെന്ന് മനസിലാക്കുക”.

”മാതാപിതാക്കൾ ചില സമയത്ത് നിന്നെ മനസിലാക്കുന്നില്ലെന്ന് നീ ചിന്തിക്കുന്നുണ്ടാവും. പക്ഷേ ഒന്നോർക്കുക, കുടുംബം മാത്രമാണ് നിരുപാധികമായി നമ്മളെ സ്നേഹിക്കുന്നത്. തിരിച്ചും അവരെ സ്നേഹിക്കുക. അവരെ ബഹുമാനിക്കുക, കിട്ടുന്ന സമയമൊക്കെ അവർക്കൊപ്പം ചെലവിടുക. ഡാഡിയോട് അദ്ദേഹത്തെ നീ ഒരുപാട് സ്നേഹിക്കുന്നുണ്ടെന്ന് പറയുക. ഈ ദിവസം പറയുക. നാളെയും പറയുക. വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരിക്കുക.”

”അവസാനമായി, നിന്റെ ഹൃദയത്തെ പിന്തുടർന്ന്, സ്വപ്നങ്ങളെ പിന്തുടരുക, ദയാലുവാകുക, വലിയ സ്വപ്‌നം എങ്ങനെയാണ് എല്ലാ മാറ്റങ്ങളും വരുത്തുന്നതെന്ന് ലോകത്തെ കാണിക്കുക. നിന്നെപ്പോലെ.”

ഭാര്യ അനുഷ്ക ശർമയ്ക്കൊപ്പമാണ് വിരാട് തന്റെ പിറന്നാൾ ആഘോഷിക്കുക. പിറന്നാളിനു മുൻപായി ഇരുവരും ഭൂട്ടാനിൽ യാത്ര പോയിരിക്കുകയാണ്. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook