ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനു ശേഷം നാട്ടിലേക്ക് പോകാനുള്ള കോഹ്‌ലിയുടെ തീരുമാനത്തിൽ തെറ്റില്ലെന്ന് ഓസീസ് സൂപ്പർതാരം സ്റ്റീവ് സ്‌മിത്ത്. ഗർഭിണിയായ ഭാര്യയ്‌ക്കൊപ്പമായിരിക്കാൻ കോഹ്‌ലി അവധിയെടുത്തത് പ്രശംസനീയമാണെന്നും സ്‌മിത്ത് പറഞ്ഞു. കോഹ്‌ലിക്കും ഭാര്യ അനുഷ്‌കയ്‌ക്കും ജനുവരിയിൽ കുഞ്ഞ് ജനിക്കുമെന്നാണ് കരുതുന്നത്. ഇതിന്റെ ഭാഗമായാണ് ഓസ്‌ട്രേലിയൻ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിലെ അവസാന മൂന്ന് ടെസ്റ്റുകളിൽ നിന്ന് കോഹ്‌ലി അവധിയെടുത്തത്. കോഹ്‌ലിയുടെ പറ്റേർണിറ്റി ലീവ് ആവശ്യം ബിസിസിഐ അംഗീകരിക്കുകയായിരുന്നു. കോഹ്‌ലിയുടെ തീരുമാനം ഉചിതവും പ്രശംസ അർഹിക്കുന്നതും ആണെന്നാണ് ഓസീസ് താരം സ്റ്റീവ് സ്‌മിത്ത് പറഞ്ഞത്.

“കോഹ്‌ലിയുടെ അസാന്നിധ്യം ഇന്ത്യൻ ടീമിന് വലിയ നഷ്ടമായിരിക്കും. അദ്ദേഹമൊരു ലോകോത്തര ക്രിക്കറ്ററാണ്. ഓസ്‌ട്രേലിയയിൽ കളിക്കുന്നത് അദ്ദേഹത്തിനു എത്രത്തോളം പ്രിയപ്പെട്ടതാണെന്ന് നമുക്ക് അറിയാം. എന്നാൽ, അദ്ദേഹത്തിന് ക്രിക്കറ്റിന് പുറത്തും ഒരു ജീവിതമുണ്ടെന്ന് നമ്മൾ മറക്കരുത്. കുടുംബം അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ടതാണ്. ആദ്യ കുഞ്ഞിനെ സ്വാഗതം ചെയ്യാൻ ഭാര്യയ്‌ക്കൊപ്പം ആയിരിക്കണമെന്ന കോഹ്‌ലിയുടെ തീരുമാനം പ്രശംസ അർഹിക്കുന്നു. ഈ സമയത്ത് ഭാര്യക്കൊപ്പമായിരിക്കുകയെന്നത് ഉചിതമായ തീരുമാനമാണ്,” സ്‌മിത്ത് പറഞ്ഞു.

Read Also: അമ്മ സണ്ണി ലിയോൺ, അച്ഛൻ ഇമ്രാൻ ഹാഷ്മി; അഡ്മിറ്റ് കാർഡിൽ വിദ്യാർത്ഥി എഴുതിയത്

ഡിസംബർ 17 നാണ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം. ഈ മത്സരത്തിൽ മാത്രമാണ് കോഹ്‌ലി ഇന്ത്യയെ നയിക്കുക. അവസാന മൂന്ന് ടെസ്റ്റുകളിൽ കോഹ്‌ലി ടീമിനൊപ്പമുണ്ടാകില്ല. അജിങ്ക്യ രഹാനെയായിരിക്കും ഈ മൂന്ന് മത്സരങ്ങളിൽ ഇന്ത്യയെ നയിക്കുക. ഏകദിന പരമ്പര 2-1 ന് ഓസീസ് സ്വന്തമാക്കിയപ്പോൾ ഇതേ മാർജിനിൽ ടി 20 പരമ്പര ഇന്ത്യ സ്വന്തമാക്കുകയായിരുന്നു.

ടെസ്റ്റ് പരമ്പരയിലെ ഇന്ത്യയുടെ പ്രകടനം ഏറെ നിർണായകമാണ്. അടുത്ത വർഷം നടക്കേണ്ട ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫെെനലിൽ പ്രവേശിക്കാൻ ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ മികച്ച പ്രകടനം നടത്തേണ്ടത് ഇന്ത്യയ്‌ക്ക് അത്യാവശ്യമാണ്. മറുവശത്ത് സ്വന്തം നാട്ടിൽ ഇന്ത്യയെ മുട്ടുകുത്തിക്കുകയാണ് ഓസീസ് ലക്ഷ്യമിടുന്നത്. സ്റ്റീവ് സ്‌മിത്ത് അടക്കമുള്ളവരുടെ മികച്ച ഫോം ഓസീസിന് വലിയ പ്രതീക്ഷ നൽകുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook